തെല്‍അവീവ് – ഗാസ പിടിച്ചെടുക്കാനുള്ള ഇസ്രായിലിന്റെ പദ്ധതിക്കെതിരെ തെല്‍അവീവില്‍ ആയിരങ്ങള്‍ പങ്കെടുത്ത കൂറ്റന്‍ പ്രതിഷേധ പ്രകടനം. ഗാസ പിടിച്ചെടുക്കാനുള്ള പദ്ധതിക്ക് ഇസ്രായില്‍ സുരക്ഷാ മന്ത്രിസഭ അംഗീകാരം നല്‍കിയതിനു പിന്നാലെയാണ് യുദ്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടും ഗാസ പിടിച്ചെടുക്കാനുള്ള പദ്ധതിയില്‍ പ്രതിഷേധിച്ചും ആയിരങ്ങള്‍ തെരുവുകളില്‍ ഇറങ്ങിയത്. 2023 ഒക്ടോബര്‍ ഏഴിലെ ആക്രമണത്തില്‍ ഗാസയില്‍ ബന്ദികളാക്കപ്പെട്ടവരുടെ ചിത്രങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചും ബാനറുകള്‍ വീശിയും ജനക്കൂട്ടം പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്തു. ബന്ദികളുടെ മോചനത്തിനായി പ്രവര്‍ത്തിക്കണമെന്ന് ബെഞ്ചമിന്‍ നെതന്യാഹുവിന്റെ സര്‍ക്കാറിനോട് അവര്‍ ആവശ്യപ്പെട്ടു.
ഗാസ മുനമ്പില്‍ ഇസ്രായിലി സൈനിക ആധിപത്യം ഏര്‍പ്പെടുത്തുക, ഹമാസിനോ ഫലസ്തീന്‍ അതോറിറ്റിക്കോ കീഴ്‌പ്പെടാത്ത ഒരു ബദല്‍ സിവില്‍ ഭരണകൂടം സ്ഥാപിക്കുക എന്നിവയാണ് ഗാസ പിടിച്ചടക്കാനുള്ള പുതിയ പദ്ധതിയുടെ ലക്ഷ്യങ്ങളെന്ന് ഇസ്രായില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചു. ഇസ്രായേല്‍ പദ്ധതി അന്താരാഷ്ട്രതലത്തില്‍ വ്യാപകമായി വിമര്‍ശിക്കപ്പെടുകയും നിരാകരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ പദ്ധതിയില്‍ ഉറച്ചുനില്‍ക്കുന്നതായി ഇസ്രായില്‍ വ്യക്തമാക്കി.


അതിനിടെ, ഗാസയില്‍ വിമാനത്തില്‍ നിന്ന് ഇട്ടുനല്‍കിയ റിലീഫ് വസ്തുക്കള്‍ തട്ടി പതിനാലു വയസുകാരന്‍ കൊല്ലപ്പെട്ടതായി ആരോഗ്യ അധികൃതര്‍ അറിയിച്ചു. മധ്യഗാസയിലെ അല്‍നുസൈറാത്ത് അഭയാര്‍ഥി ക്യാമ്പിനു സമീപമാണ് അപകടം. ഇസ്രായില്‍ വിലക്കിയതു മൂലം മാസങ്ങളായി സഹായമെത്തിക്കുന്നത് തടസ്സപ്പെട്ടതിനെ തുടര്‍ന്ന്, കഴിഞ്ഞ മാസം അവസാനം മുതല്‍ ഗാസയിലേക്ക് കര, വ്യോമ മാര്‍ഗങ്ങളില്‍ പരിമിതമായ അളവില്‍ സഹായമെത്തിക്കാന്‍ ഇസ്രായില്‍ അനുമതി നല്‍കിയിട്ടുണ്ട്. വെള്ളിയാഴ്ച ഗാസ സിറ്റിയില്‍ വിമാനത്തില്‍ നിന്ന് ഇട്ടുനല്‍കിയ റിലീഫ് വസ്തുക്കള്‍ വഹിച്ച ബോക്‌സ് വീടിന്റെ ബാല്‍ക്കണിയില്‍ ഇടിച്ച് തകര്‍ന്ന് കുട്ടികള്‍ അടക്കം ആറ് പേര്‍ക്ക് പരിക്കേറ്റതായി ഫലസ്തീന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഗാസയില്‍ വിമാന മാര്‍ഗം റിലീഫ് വസ്തുക്കള്‍ ഇട്ടുനല്‍കുന്നത് വിവാദത്തിന് കാരണമായിട്ടുണ്ട്. അവ ഫലപ്രദമല്ലാത്തതും അപകടകരവുമാണെന്ന് വിമര്‍ശകര്‍ വാദിക്കുന്നു. ഇസ്രായില്‍ അനുവദിച്ചാല്‍ ട്രക്കുകള്‍ക്ക് കൂടുതല്‍ വലിയ അളവില്‍ റിലീഫ് വസ്തുക്കള്‍ സുരക്ഷിതമായി എത്തിക്കാന്‍ കഴിയുമെന്ന് സഹായ ഉദ്യോഗസ്ഥര്‍ പറയുന്നു. ഇസ്രായിലി സൈന്യത്തിന്റെ കണക്കനുസരിച്ച്, ജര്‍മനി, നെതര്‍ലാന്‍ഡ്സ്, ഗ്രീസ്, ഇറ്റലി, യു.എ.ഇ, ജോര്‍ദാന്‍ എന്നീ രാജ്യങ്ങളുടെ വിമാനങ്ങള്‍ ശനിയാഴ്ച ഗാസയില്‍ റിലീഫ് വസ്തുക്കള്‍ അടങ്ങിയ 106 ബോക്‌സുകള്‍ ഇട്ടുനല്‍കി.
ഉത്തര ഗാസയില്‍ ഭക്ഷ്യസഹായത്തിനായി കാത്തിരിക്കുമ്പോള്‍ ഇസ്രായിലി വ്യോമാക്രമണത്തില്‍ ഏതാനും ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി ഫലസ്തീന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വടക്കന്‍ ഗാസ മുനമ്പിലെ സക്കീം പ്രദേശത്തിന് സമീപം സഹായത്തിനായി കാത്തിരുന്ന 21 പേര്‍ ഇസ്രായിലി ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി ഫലസ്തീന്‍ ചാനലായ അല്‍അഖ്സ ടി.വി റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ പട്ടിണിയും പോഷകാഹാരക്കുറവും മൂലം 11 മരണങ്ങള്‍ രേഖപ്പെടുത്തിയതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ പട്ടിണിയും പോഷകാഹാരക്കുറവും മൂലം മരണപ്പെട്ടവരുടെ എണ്ണം 98 കുട്ടികളുള്‍പ്പെടെ 212 ആയി.