അബൂദബി– 15 വർഷത്തോളം ജോലി ചെയ്ത മുൻ ജീവനക്കാരന് നഷ്ടപരിഹാരം നൽകാനായി ഉത്തരവിട്ട് അബൂദബി ലേബർ കോടതി. 57,400 ദിർഹം നഷ്ടപരിഹാരം നൽകാനാണ് കോടതി ഉത്തരവിട്ടത്. തുടക്കത്തിലെ നാല് മാസം നൽകാതെയിരുന്ന ശമ്പളമായ 14,000 ദിർഹം, രണ്ടു വർഷത്തെ അവധി അലവൻസായ 5,600 ദിർഹം, നിയമം അനുസരിച്ച് നൽകേണ്ട 15 വർഷത്തെ സർവീസ് തുകയായ 37,800 ദിർഹം എന്നിവയെല്ലാം ഉൾപ്പെടുത്തിയാണ് ഈ തുക. കൂടാതെ 15 വർഷത്തെ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് നൽകാനും കോടതി ഉത്തരവിട്ടു. കേസിന്റെ ചെലവും ബന്ധപ്പെട്ട മറ്റു ചെലവുകളും കമ്പനി വഹിക്കണമെന്നും ഉത്തരവിൽ ഉണ്ടായിരുന്നു.
15 വർഷത്തിലധികം കമ്പനിയിൽ ജോലി ചെയ്തിരുന്ന ജീവനക്കാരൻ, അവകാശപ്പെട്ട പല കാര്യങ്ങളും നിഷേധിച്ചതിനെ തുടർന്ന് ലേബർ വകുപ്പിൽ പരാതി നൽകിയത്. തുടർന്ന് കേസ് കോടതിയിലേക്ക് മാറ്റുകയായിരുന്നു.
ആറ് മാസത്തെ ഓവർടൈം ശമ്പളമായി 1,500 ദിർഹം പരാതിക്കാരൻ ആവശ്യപ്പെട്ടിരുന്നെങ്കിലും, കൃത്യമായ തെളിവില്ലാത്തതിനാൽ ഈ തുക കോടതി അനുവദിച്ചില്ല.