ജിദ്ദ – വേനല്‍ക്കാലത്തെ വെന്തുരുകുന്ന ചൂടില്‍ നിന്ന് ആശ്വാസമേകുന്ന സൗദിയിലെ ഏറ്റവും മികച്ച 10 വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സ്വദേശികളും വിദേശികളും അടക്കമുള്ള സന്ദര്‍ശകരെ മാടിവിളിക്കുന്നു. രാജ്യത്തെ പ്രധാന നഗരങ്ങളില്‍ താപനില 45 ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതലായി കുതിച്ചുയരുന്ന വേനല്‍ക്കാലത്ത് സൗദികളും രാജ്യത്ത് കഴിയുന്ന വിദേശികളും കടുത്ത ചൂടില്‍ നിന്ന് രക്ഷപ്പെട്ട് മിതമായ കാലാവസ്ഥയും ആകര്‍ഷകമായ പ്രകൃതിയും ഉള്ള ഉള്‍നാടന്‍ സ്ഥലങ്ങളിലേക്ക് ശ്രദ്ധ തിരിക്കുന്നു. സന്ദര്‍ശകരുടെ മുന്‍ഗണനകളും സെര്‍ച്ച്, ബുക്കിംഗ് പ്രവണതകളും അടിസ്ഥാനമാക്കി, ഈ വര്‍ഷം സൗദിയിലെ മികച്ച 10 വേനല്‍ക്കാല വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ഇവയാണ്:
അബഹ – ദക്ഷിണ സൗദിയുടെ മണവാട്ടി
അബഹയില്‍ 17 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 26 ഡിഗ്രി സെല്‍ഷ്യസ് വരെയുള്ള താപനിലയാണ് അനുഭവപ്പെടുന്നത്. അബഹയിലെ ചില പ്രദേശങ്ങളില്‍ നേരിയ മഴയും ദിവസേന മൂടല്‍മഞ്ഞും അനുഭവപ്പെടുന്നു. ഇത് പര്‍വതങ്ങളും തണുത്ത കാറ്റും ഇഷ്ടപ്പെടുന്നവര്‍ക്കുള്ള ഏറ്റവും മികച്ച ചോയ്‌സാക്കി അബഹയെ മാറ്റുന്നു.
അല്‍ബാഹ – പ്രകൃതിയുടെ പറുദീസ
അല്‍ബാഹയിലെ ശരാശരി താപനില 20 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 28 ഡിഗ്രി സെല്‍ഷ്യസ് വരെയാണ്. ഇവിടുത്തെ റഗദാന്‍, ഖൈറ തുടങ്ങിയ വനങ്ങള്‍ വേനല്‍ക്കാല ചൂടില്‍ നിന്ന് രക്ഷപ്പെടാന്‍ നല്ല കാലാവസ്ഥ നല്‍കുന്നു.
തായിഫ് – രാജാക്കന്മാരുടെ റിസോര്‍ട്ട്
തായ്ഫില്‍ 22 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 32 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില രേഖപ്പെടുത്തുന്നു. തണുത്ത കാറ്റ് വീശുന്ന അല്‍ശഫ, അല്‍ഹദാ പ്രദേശങ്ങള്‍ സമശീതോഷ്ണ രാത്രികള്‍ സന്ദര്‍ശകര്‍ക്ക് സമ്മാനിക്കുന്നു.
തന്നൂമ – അസീറിന്റെ മുത്ത്
തന്നൂമയിലെ കാലാവസ്ഥ 18 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 26 ഡിഗ്രി സെല്‍ഷ്യസ് വരെയാണ്. കനത്ത മൂടല്‍മഞ്ഞും ആകര്‍ഷകമായ പച്ചപ്പും തന്നൂമയുടെ സവിശേഷതയാണ്.
അല്‍നമാസ് – സൗദി അറേബ്യയിലെ സ്വിറ്റ്‌സര്‍ലന്റ്
അല്‍നമാസിലെ താപനില 16 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 24 ഡിഗ്രി സെല്‍ഷ്യസ് വരെയാണ്. ഇത് പ്രത്യേകിച്ച് രാത്രിയില്‍ രാജ്യത്തെ ഏറ്റവും തണുപ്പുള്ള പ്രദേശങ്ങളിലൊന്നാക്കി അല്‍നമാസിനെ മാറ്റുന്നു.
ബല്‍ജുറശി – മൂടല്‍മഞ്ഞിന്റെ ഹൈറേഞ്ചുകള്‍
ബല്‍ജുറശിയില്‍ 19 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 27 ഡിഗ്രി സെല്‍ഷ്യസ് വരെ മിതമായ താപനിലയാണുള്ളത്. ശാന്തതയും പര്‍വത സ്വഭാവവും ബല്‍ജുറശിയുടെ സവിശേഷതകളാണ്.
അല്‍ഹദായും അല്‍ശഫയും – തായിഫിന്റെ കൊടുമുടികള്‍
തായിഫിന്റെ ഏറ്റവും ഉയര്‍ന്ന കൊടുമുടികളായ അല്‍ഹദായിലും അല്‍ശഫയിലും താപനില 17 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 25 ഡിഗ്രി സെല്‍ഷ്യസ് വരെ കുറയുന്നു. ഇത് പ്രകൃതി സ്‌നേഹികള്‍ക്കും റിസോര്‍ട്ട് പ്രേമികള്‍ക്കും പ്രിയപ്പെട്ട സ്ഥലങ്ങളാക്കി ഇവയെ മാറ്റുന്നു.
ഫൈഫ – ജിസാനിലെ പര്‍വത പറുദീസ
ഫൈഫയിലെ താപനില 22 മുതല്‍ 28 ഡിഗ്രി സെല്‍ഷ്യസ് വരെയാണ്. അതുല്യമായ ഉഷ്ണമേഖലാ പര്‍വതപ്രദേശങ്ങളുള്ള ഫൈഫയില്‍ മിക്കവാറും എല്ലാ ദിവസവും മൂടല്‍മഞ്ഞ് അനുഭവപ്പെടുന്നു.
അല്‍സൗദ – ഏറ്റവും ഉയര്‍ന്ന പ്രദേശം
സൗദിയിലെ സൗദിയിലെ ഏറ്റവും ഉയരം കൂടിയ, ഏറ്റവും തണുപ്പുള്ള വേനല്‍ക്കാല ലക്ഷ്യസ്ഥാനമായ അല്‍സൗദയിലെ ശരാശരി താപനില 14 മുതല്‍ 22 ഡിഗ്രി സെല്‍ഷ്യസ് വരെയാണ്. ചിലപ്പോള്‍ രാത്രിയില്‍ 10 ഡിഗ്രിയില്‍ താഴെയായി താപനില കുറയും.
ദഹ്റാന്‍ അല്‍ജനൂബ് – ശാന്തതയും സൗന്ദര്യവും
ദഹ്റാന്‍ അല്‍ജനൂബില്‍ വേനല്‍ക്കാല താപനില 18 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 26 ഡിഗ്രി സെല്‍ഷ്യസ് വരെയാണ്. വിനോദ പ്രേമികള്‍ക്ക് സമശീതോഷ്ണ പര്‍വത അന്തരീക്ഷം ദഹ്റാന്‍ അല്‍ജനൂബ് പ്രദാനം ചെയ്യുന്നു.
വര്‍ഷം മുഴുവനും ടൂറിസം സീസണിന്റെ വൈവിധ്യം വര്‍ധിപ്പിക്കുന്ന അതുല്യമായ അനുഭവങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന വിസിറ്റ് സൗദി പ്രോഗ്രാമിന്റെയും ടൂറിസം മന്ത്രാലയത്തിന്റെ സംരംഭങ്ങളുടെയും വര്‍ധിച്ചുവരുന്ന പിന്തുണയോടെ തണുപ്പുള്ളതും ആരോഗ്യകരവുമായ അന്തരീക്ഷത്തില്‍ ദിനരാത്രങ്ങള്‍ ചെലവഴിക്കാന്‍ ഇഷ്ടപ്പെടുന്ന ആഭ്യന്തര ടൂറിസം പ്രേമികള്‍ക്ക് ഈ സ്ഥലങ്ങള്‍ അനുയോജ്യമായ ചോയ്‌സാണ്.