തബൂക്ക് – തബൂക്കിൽ ട്രെയിലര്‍ ഡ്രൈവറായി ജോലിചെയ്യുന്ന പാക്കിസ്ഥാനി യുവാവിൻ്റെ സഹസഞ്ചാരിയായി കൂടിയ സുല്‍ത്താനാണ് ഇപ്പോൾ തബൂക്കിലെ താരം. ഈ സഹസഞ്ചാരി മറ്റാരുമല്ല ഒരു വെള്ളരിപ്രാവാണ്.
തബൂക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയിലാണ് ശഫാഖ ഇംറാൻ ഡ്രൈവറായി ജോലിചെയ്യുന്നത്. റിയാദും ജിദ്ദയും ദമാമും അടക്കം ആയിരക്കണക്കിന് കിലോമീറ്റര്‍ ദൂരെയുള്ള സൗദിയിലെ വിവിധ നഗരങ്ങളിലേക്ക് നിരന്തരം ലോഡുമായി യാത്ര ചെയ്യുന്ന ഇംറാനൊപ്പം സുല്‍ത്താൻ എന്ന് പേരിട്ട വെള്ളരിപ്രാവും വിടാതെ സഞ്ചരിക്കുന്നു.
സുല്‍ത്താനാണിപ്പോൾ ഇംറാൻെ ഏക കൂട്ടുകാരൻ. പ്രാവിന് ഉറങ്ങാന്‍ ട്രെയിലര്‍ ഹെഡ് ക്യാബിനില്‍ ഇംറാന്‍ പ്രത്യേക സ്ഥലം ഒരുക്കിയിട്ടുണ്ട്. ട്രെയിലറില്‍ മറ്റാരും കയറുന്നത് സുല്‍ത്താന് ഇഷ്ടമില്ല. ലോഡ് ഇറക്കാനും കയറ്റാനും മറ്റും ട്രെയിലര്‍ നിര്‍ത്തുമ്പോള്‍ ക്യാബിന്‍ ഹെഡില്‍ നിന്ന് പുറത്തിറങ്ങി സമീപത്ത് വട്ടംചുറ്റി പറക്കുന്ന സുല്‍ത്താന്‍ ഇംറാന്‍ ട്രെയിലറില്‍ കയറി ഹോണ്‍ അടിച്ചാലുടന്‍ ട്രെയിലര്‍ ഹെഡില്‍ തിരിച്ചുകയറും.
സുല്‍ത്താന് ഒരു ഇണയെ കണ്ടുപിടിച്ചു നൽകണമെന്നാണ് ഇംറാൻെ ഇപ്പോഴത്തെ ആഗ്രഹം. എന്നാൽ സുല്‍ത്താന് ഇപ്പോള്‍ വിവാഹം കഴിക്കാന്‍ പ്രായമായിട്ടില്ലെന്നും നാലോ അഞ്ചോ മാസം കഴിഞ്ഞിട്ട് ഇണയെ കണ്ടെത്തി നല്‍കാനാണ് തീരുമാനമെന്നും ഇംറാൻ പറഞ്ഞു. ഇണയെ എത്തിച്ച ശേഷം ഇരുവര്‍ക്കും കഴിയാന്‍ താന്‍ ട്രെയിലറില്‍ പ്രത്യേക സ്ഥലം സജ്ജീകരിച്ചിട്ടുണ്ടെന്നും ഇംറാന്‍ പറഞ്ഞു. പാക് ഡ്രൈവറും വെള്ളരിപ്രാവും തമ്മിലുള്ള അപൂര്‍വവും സുദൃഢവുമായ സൗഹൃദത്തിന്റെ കഥയിലേക്ക് വെളിച്ചം വീശുന്ന റിപ്പോര്‍ട്ട് അല്‍അറബിയ ചാനല്‍ സംപ്രേഷണം ചെയ്തു.