തെല്‍അവീവ് – ഗാസയില്‍ യുദ്ധം തുടരുന്നതും വികസിപ്പിക്കുന്നതും ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വ്യക്തിപരമായ താല്‍പ്പര്യങ്ങള്‍ മാത്രമാണെന്ന് മുന്‍ ഇസ്രായില്‍ പ്രധാനമന്ത്രി എഹുദ് ഒല്‍മെര്‍ട്ട് പറഞ്ഞു. ഗാസ മുനമ്പും വെസ്റ്റ് ബാങ്കും യുദ്ധത്തിലൂടെ നശിപ്പിക്കുക, ഗാസ വീണ്ടും കൈവശപ്പെടുത്തുക, ഫലസ്തീനികളെ അവിടെ നിന്ന് പുറത്താക്കുക, ഗാസ ജൂതകുടിയേറ്റക്കാര്‍ക്ക് കൈമാറുക എന്നീ കാര്യങ്ങള്‍ മാത്രമാണ് നെതന്യാഹുവും ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍-ഗ്വിര്‍, ധനമന്ത്രി ബെസലേല്‍ സ്‌മോട്രിച്ച് തുടങ്ങിയ തീവ്ര മന്ത്രിമാരും ആഗ്രഹിക്കുന്നതെന്ന് ദി ഇന്‍ഡിപെന്‍ഡന്റ് അറേബ്യക്ക് നല്‍കിയ അഭിമുഖത്തില്‍ ഒല്‍മെര്‍ട്ട് കൂട്ടിച്ചേര്‍ത്തു.
ഈ പദ്ധതികള്‍ പരാജയപ്പെടുത്താന്‍ ഞങ്ങള്‍ ഞങ്ങളുടെ കഴിവിന്റെ പരമാവധി ചെയ്യുന്നുണ്ട്. കാരണം അവ ഒരു ചരിത്ര ദുരന്തത്തിലേക്ക് നയിക്കും. ഇത്രയധികം ഇസ്രായിലി സൈനികരുടെയും 60,000 ലേറെ ഫലസ്തീനികളുടെയും മരണശേഷം ഇപ്പോള്‍ സംഭവിക്കുന്നത് അനാവശ്യമാണ്. ഇപ്പോള്‍ വേണ്ടത് യുദ്ധം അവസാനിപ്പിച്ച് ഗാസ മുനമ്പില്‍ നിന്ന് ഇസ്രായിലി ബന്ദികളെ തിരികെ കൊണ്ടുവരിക എന്നതാണ്. ഇത് നേടാനുള്ള ഏക മാര്‍ഗം യുദ്ധം വികസിപ്പിക്കുകയല്ല, അവസാനിപ്പിക്കുക എന്നതാണ്. കഴിഞ്ഞ മാര്‍ച്ചില്‍ യുദ്ധം നിര്‍ത്തേണ്ടതായിരുന്നു. ബാക്കിയുള്ള ഇസ്രായിലി ബന്ദികളെ മോചിപ്പിക്കാനും യുദ്ധം അവസാനിപ്പിക്കാനുമുള്ള ചര്‍ച്ചകളില്‍ ഏര്‍പ്പെടുന്നതിനു പകരം, ആ സമയത്ത് വെടിനിര്‍ത്തല്‍ കരാറില്‍ നിന്ന് നെതന്യാഹു പിന്മാറുകയായിരുന്നു.
യുദ്ധാനന്തര ഗാസ ഭരണത്തെ കുറിച്ച് ബെന്‍-ഗ്വിറിന്റെയും സ്‌മോട്രിച്ചിന്റെയും കാഴ്ചപ്പാടല്ലാതെ മറ്റൊരു ദര്‍ശനവും ഇസ്രായില്‍ ഗവണ്‍മെന്റിനില്ല. ഗാസയില്‍ വീണ്ടും അധിനിവേശം നടത്തുക, ഫലസ്തീനികളെ പുറത്താക്കുക, ഗാസയില്‍ ജൂതകുടിയേറ്റ കോളനികള്‍ സ്ഥാപിക്കുക എന്നിവയെ അടിസ്ഥാനമാക്കിയുള്ളതാണ് ബെന്‍-ഗ്വിറിന്റെയും സ്‌മോട്രിച്ചിന്റെയും കാഴ്ചപ്പാട്.
ഇസ്രായില്‍ സൈന്യം ഗാസയില്‍ യുദ്ധക്കുറ്റകൃത്യങ്ങള്‍ ചെയ്തിട്ടുണ്ട്. പക്ഷേ, അവ അശ്രദ്ധയുടെയോ സ്വയം നിയന്ത്രണമില്ലായ്മയുടെയോ ഫലമായുണ്ടായ വെറും തെറ്റുകള്‍ മാത്രമാണ്, ഒരു നയമല്ല. യുദ്ധം നിര്‍ത്താന്‍ നെതന്യാഹുവിനുമേല്‍ സമ്മര്‍ദം ചെലുത്താന്‍ കഴിയുന്ന ഒരേയൊരു വ്യക്തി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ്. ട്രംപ് നെതന്യാഹുവിന്റെ ഏക സുഹൃത്താണ്. മുന്‍ യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ ഇസ്രായിലിന്റെ വലിയ സുഹൃത്താണെങ്കിലും അദ്ദേഹം നെതന്യാഹുവിന്റെ സുഹൃത്തല്ലായിരിക്കാം – എഹുദ് ഒല്‍മെര്‍ട്ട് പറഞ്ഞു.