മുംബൈ– ഏകദേശം രണ്ട് വര്‍ഷം നീണ്ടുനിന്ന തട്ടിപ്പില്‍ 734 ഓണ്‍ലൈന്‍ ഇടപാടുകളിലൂടെ 80-കാരന് നഷ്ടമായത് ഒമ്പത് കോടി രൂപ. 2023 ഏപ്രിലിലാണ് ഒരു ഫേസ്ബുക്ക് ഫ്രണ്ട് റിക്വസ്റ്റ് കാരണം വയോധികൻ തട്ടിപ്പിനിരയായത്.
ഫേസ്ബുക്കിൽ ഷാർവി എന്ന സ്ത്രീക്ക് വയോധികൻ ഫ്രണ്ട് റിക്വസ്റ്റ് അയക്കുകയും ദിവസങ്ങൾക്കു ശേഷം തിരിച്ച് റിക്വസ്റ്റ് ലഭിക്കുകയും ചെയ്തു.
ഇരുവരും താമസിയാതെ ചാറ്റിംഗ് ആരംഭിക്കുകയും ഫോൺ നമ്പറുകൾ കൈമാറുകയും ചെയ്തു. പിന്നീട് ചാറ്റുകൾ ഫേസ്ബുക്കിൽ നിന്നും വാട്സപ്പിലേക്ക് മാറി.
താൻ ഭർത്താവുമായി വേർപിരിഞ്ഞ് കുട്ടികളോടൊപ്പമാണ് താമസിക്കുന്നതെന്ന് സ്ത്രീ വയോധികനോട് പറഞ്ഞു. പിന്നീട് കുട്ടികൾക്ക് സുഖമില്ലെന്ന് പറഞ്ഞ് അവർ ഇയാളോട് പണം ചോദിക്കാൻ തുടങ്ങി. സഹതാപം തോന്നിയ വയോധികൻ സ്ത്രീക്ക് പണം അയച്ചുകൊടുത്തു.
കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം, കവിത എന്നൊരു സ്ത്രീയും ഇദ്ദേഹത്തിന് വാട്‌സാപ്പില്‍ മെസേജ് അയക്കാന്‍ തുടങ്ങി. താന്‍ ഷര്‍വിയുടെ പരിചയക്കാരിയാണെന്നും, താങ്കളുമായി സൗഹൃദം സ്ഥാപിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞ് ചാറ്റിംഗ് ആരംഭിച്ചു. താമസിയാതെ ഈ സ്ത്രീ അശ്ലീല സന്ദേശങ്ങൾ അയക്കുകയും പണം ചോദിക്കാനും തുടങ്ങി.
അതേ വർഷം ഡിസംബറിൽ ഷാർവിയുടെ സഹോദരിയാണെന്ന് അവകാശപ്പെട്ട് ദിനാസ് എന്ന മറ്റൊരു സ്ത്രീയില്‍ നിന്നും ഇദ്ദേഹത്തിന് സന്ദേശങ്ങള്‍ ലഭിച്ചു. ഷര്‍വി മരിച്ചുവെന്നും ആശുപത്രി ബില്ലുകള്‍ അടയ്ക്കാന്‍ സഹായിക്കണം എന്നും പറഞ്ഞ് പണം ആവശ്യപ്പെട്ടു. ഇതോടൊപ്പം, ഷാര്‍വിയും ഇദ്ദേഹവും തമ്മിലുള്ള വാട്‌സാപ്പ് ചാറ്റുകളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ അയച്ച് ഭീഷണിപ്പെടുത്തിയും ദിനാസ് പണം തട്ടി.
വയോധികൻ പണം തിരികെ ചോദിച്ചപ്പോള്‍, താന്‍ ആത്മഹത്യ ചെയ്യുമെന്ന് ദിനാസ് ഭീഷണിപ്പെടുത്തി. ഇതിനുപിന്നാലെ ജാസ്മിൻ എന്ന സ്ത്രീയും വയോധികന് മെസ്സേജ് അയക്കാൻ തുടങ്ങി. താന്‍ ദിനാസിന്റെ സുഹൃത്താണെന്ന് അവകാശപ്പെട്ട് പണം ആവശ്യപ്പെട്ട ഈ സ്ത്രീക്കും വയോധികൻ പണം അയച്ചു.
2023 ഏപ്രില്‍ മുതല്‍ 2025 ജനുവരി വരെ, 734 ഇടപാടുകളിലായി 8.7 കോടി രൂപയാണ് ഇദ്ദേഹം ഈ സ്ത്രീകള്‍ക്കായി നല്‍കിയത്.
തന്റെ സമ്പാദ്യമെല്ലാം തീര്‍ന്നപ്പോള്‍, സ്ത്രീകള്‍ക്ക് നല്‍കാനായി 80-കാരന്‍ മരുമകളില്‍ നിന്ന് രണ്ടുലക്ഷം രൂപ കടം വാങ്ങി. എന്നാല്‍ സ്ത്രീകള്‍ ഭീഷണി തുടർന്നു. പിന്നാലെ, അദ്ദേഹം മകനോട് അഞ്ചുലക്ഷം രൂപ ആവശ്യപ്പെട്ടു.
സംശയം തോന്നിയ മകന്‍ പിതാവിനോട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. പിന്നാലെയാണ് താന്‍ ഒരു സൈബര്‍ തട്ടിപ്പിലാണ് അകപ്പെട്ടതെന്ന് വയോധികന്‍ മനസിലാക്കിയത്. തുടർന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍വെച്ച് അദ്ദേഹത്തിന് മറവിരോഗം സ്ഥിരീകരിച്ചു. ഈ വര്‍ഷം ജൂലായ് 22-നാണ് കുടുംബം പോലീസില്‍ പരാതി രജിസ്റ്റര്‍ ചെയ്തത്.