റിയാദ് – അമേരിക്കയില്‍ 19 വര്‍ഷത്തിലേറെ നീണ്ട ജയില്‍വാസത്തിനൊടുവില്‍ സൗദി പൗരന്‍ ഹുമൈദാന്‍ അല്‍തുര്‍ക്കി കുടുംബാംഗങ്ങളുടെയും മാതൃരാജ്യത്തിന്റെയും സ്‌നേഹവലയത്തിലേക്ക് വിമാനമിറങ്ങി. മക്കളും പേരമക്കളും കുടുംബാംഗങ്ങളും ബന്ധുക്കളും അടക്കമുള്ളവര്‍ ചേര്‍ന്ന് ഹുമൈദാന്‍ അല്‍തുര്‍ക്കിയെ സ്‌നേഹനിര്‍ഭരമായി സ്വീകരിച്ചു. എയര്‍പോര്‍ട്ടില്‍ നിന്ന് പുറത്തുവന്ന അദ്ദേഹത്തെ ബന്ധുക്കള്‍ പൂമാല അണിയിക്കുകയും പുഷ്പവൃഷ്ടി നടത്തുകയും ചെയ്തു. പ്രത്യേകം അണിഞ്ഞൊരുങ്ങി ഏറെ ആഹ്ലാദത്തോടെയാണ് മക്കളും പേരമക്കളും അടക്കമുള്ളവര്‍ എയര്‍പോര്‍ട്ടിലെത്തിയത്.
സന്തോഷം കൊണ്ട് കരച്ചിലടക്കാന്‍ പാടുപെട്ട ഹുമൈദാന്‍ അല്‍തുര്‍ക്കി ജീവിതത്തില്‍ ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത പേരമക്കള്‍ അടക്കമുള്ളവരെ വാരിപ്പുണര്‍ന്നും ആശ്ലേഷിച്ചും ഇത്രയും കാലം അടക്കിവെച്ച സ്‌നേഹവും വാത്സല്യവും അണപൊട്ടിയൊഴുക്കി. റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങിയ ഉടന്‍ മാതൃരാജ്യത്ത് തിരിച്ചെത്താനായതില്‍ ദൈവത്തിന് നന്ദി പ്രകടിപ്പിച്ച് ഹുമൈദാന്‍ അല്‍തുര്‍ക്കി എയര്‍പോര്‍ട്ടില്‍ സാഷ്ടാംഗ പ്രണാമം (സുജൂദ്) നടത്തി.
മൂന്ന് മാസം മുമ്പ് ജയില്‍ മോചിതനായ ഹുമൈദാന്‍ അല്‍തുര്‍ക്കി നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് ഇന്നലെ രാത്രി അമേരിക്കയില്‍ നിന്ന് സ്വദേശത്തേക്ക് മടങ്ങിയത്. തന്റെ വീട്ടില്‍ ജോലി ചെയ്തിരുന്ന ഇന്തോനേഷ്യന്‍ വീട്ടുജോലിക്കാരിയെ ആക്രമിച്ച കേസിലാണ് ഹുമൈദാന്‍ അല്‍തുര്‍ക്കിക്ക് 19 വര്‍ഷം ജയിലില്‍ കഴിയേണ്ടിവന്നത്. മെയ് 9 ന് കൊളറാഡോ കോടതി ഹുമൈദാന്‍ അല്‍തുര്‍ക്കിയുടെ കേസ് അവസാനിപ്പിക്കാനും മുന്‍ ശിക്ഷയില്‍ നിന്ന് അദ്ദേഹത്തെ കുറ്റവിമുക്തനാക്കാനും തീരുമാനിക്കുകയായിരുന്നു. അമേരിക്കയിലെ സൗദി എംബസിയിലെ അഭിഭാഷകന്റെയും ഹുമൈദാന്‍ അല്‍തുര്‍ക്കിയുടെ പെണ്‍മക്കളുടെയും സാന്നിധ്യത്തിലാണ് കോടതി വിചാരണ പൂര്‍ത്തിയാക്കി വിധി പ്രസ്താവിച്ചത്. ജയില്‍ മോചിതനായ ഹുമൈദാന്‍ അല്‍തുര്‍ക്കിയെ, സൗദി അറേബ്യയിലേക്ക് മടങ്ങാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്നതുവരെ ഇമിഗ്രേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് ജയിലിലേക്ക് മാറ്റുകയായിരുന്നു.
ഉപരിപഠനത്തിന് ഭാര്യക്കും മക്കള്‍ക്കുമൊപ്പം അമേരിക്കയിലെത്തിയ ഹുമൈദാന്‍ അല്‍തുര്‍ക്കി ഇന്തോനേഷ്യന്‍ വീട്ടുജോലിക്കാരിയെ ആക്രമിച്ചതിനും നിയമവിരുദ്ധമായി തടങ്കലില്‍ വെച്ചതിനും 2006 ല്‍ അറസ്റ്റ് ചെയ്യപ്പെടുകയായിരുന്നു. 2001 സെപ്റ്റംബര്‍ 11 ന് അല്‍ഖാഇദ അമേരിക്കയില്‍ നടത്തിയ ഭീകരാക്രമണങ്ങളെ തുടര്‍ന്ന് അമേരിക്കയില്‍ മുസ്‌ലിം വിരുദ്ധ വികാരം ആളിക്കത്തിയ പശ്ചാത്തലത്തില്‍ ഹുമൈദാന്‍ അല്‍തുര്‍ക്കിയുടെ കേസും ഏറെ വിവാദമായി. തനിക്കെതിരായ ആരോപണങ്ങളില്‍ താന്‍ നിരപരാധിയാണെന്ന് ഹുമൈദാന്‍ അല്‍തുര്‍ക്കി വാദിച്ചു. അല്‍ഖാഇദ ഭീകരാക്രമണങ്ങള്‍ കാരണം താന്‍ ലക്ഷ്യം വെക്കപ്പെടുകയായിരുന്നെന്നും അമേരിക്കക്കാര്‍ക്കിടയില്‍ ശക്തമായ മുസ്‌ലിം വിരുദ്ധ വികാരത്തിന്റെ ഇരയാണെന്നും ഹുമൈദാന്‍ പറഞ്ഞു.
സൗദി ഭാഷാ പണ്ഡിതനായ ഹുമൈദാന്‍ അല്‍തുര്‍ക്കിയെ 2006 ഓഗസ്റ്റില്‍ കൊളറാഡോ കോടതി 28 വര്‍ഷം തടവിന് ശിക്ഷിച്ചു. 37-ാം വയസില്‍ കൊളറാഡോ സ്റ്റേറ്റ് ജയിലില്‍ പ്രവേശിച്ച അദ്ദേഹം 19 വര്‍ഷം തടവ് ശിക്ഷ അനുഭവിച്ചു. കഴിഞ്ഞ മെയ് മാസത്തില്‍ കോടതി കേസ് അവസാനിപ്പിച്ചതിനെ തുടര്‍ന്ന് മോചിതനായ ഹുമൈദാന്‍ അല്‍തുര്‍ക്കി 56-ാം വയസിലാണ് സൗദി അറേബ്യയിലേക്ക് മടങ്ങിയത്. ഹുമൈദാന്‍ അല്‍തുര്‍ക്കിയുടെ കേസ് വലിയ മാധ്യമ ശ്രദ്ധ നേടിയിരുന്നു. കേസ് പുനഃപരിശോധിക്കാനും നിരുപാധികമായ മോചനം അംഗീകരിക്കാനും അപേക്ഷിച്ച് രണ്ടു ദശകത്തിനിടെ അദ്ദേഹവും കുടുംബവും പലതവണ ഹര്‍ജികള്‍ ഫയല്‍ ചെയ്തിരുന്നെങ്കിലും അവയെല്ലാം തള്ളുകയായിരുന്നു.