ദമാസ്കസ്: ഉത്തര സിറിയയിലെ അൽ-റഖ നഗരത്തിന് വടക്കുള്ള കൊർമാസ ഗ്രാമത്തിൽ 50 മീറ്റർ ആഴമുള്ള കുഴൽകിണറിൽ വീണ 4 വയസ്സുകാരനായ അലി സ്വാലിഹ് അബ്ദിയെ 16 മണിക്കൂറിന് ശേഷം രക്ഷപ്പെടുത്തി. സിറിയൻ, തുർക്കി രക്ഷാസംഘങ്ങൾ, സൈന്യം, സുരക്ഷാ വിഭാഗങ്ങൾ, നാട്ടുകാർ എന്നിവർ ചേർന്ന് നീണ്ട ശ്രമങ്ങൾക്കൊടുവിലാണ് ബാലനെ കയർ ഉപയോഗിച്ച് കിണറിൽനിന്ന് വലിച്ചുകയറ്റിയത്.


ബുധനാഴ്ച രാത്രി, ബന്ധുക്കളെ സന്ദർശിക്കാനെത്തിയ പിതാവിനൊപ്പം ഗ്രാമത്തിലെത്തിയപ്പോൾ തുറന്നുകിടന്ന കിണറിൽ അലി വീണതായി കരുതുന്നു. മണ്ണും പൊടിയും മൂടിയ ബാലനെ കണ്ടെത്താൻ തുർക്കി സൈന്യം കിണറിനുള്ളിൽ ക്യാമറ ഇറക്കി. വെള്ളം, ഭക്ഷണം, ഓക്സിജൻ, ആശയവിനിമയ സംവിധാനം എന്നിവ എത്തിക്കാനും രക്ഷാസംഘത്തിന് സാധിച്ചു.


ആദ്യത്തെ രക്ഷാശ്രമങ്ങൾ പരാജയപ്പെട്ടെങ്കിലും, സുരക്ഷാ മുൻകരുതലുകളോടെ മറ്റൊരു ബാലനെ കിണറിലേക്ക് ഇറക്കി അലിയെ കയറിൽ ബന്ധിച്ചാണ് രക്ഷപ്പെടുത്തിയത്. വിജയകരമായ രക്ഷാപ്രവർത്തനത്തിന് ശേഷം സിറിയൻ സുരക്ഷാ സേന ആകാശത്തേക്ക് ആഹ്ലാദനിരയൊഴിച്ചു. ജനക്കൂട്ടം തക്ബീർ മുഴക്കി ആഹ്ലാദം പ്രകടിപ്പിച്ചു.


രക്ഷപ്പെടുത്തിയ ബാലനെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. കിണറിന്റെ ആഴവും അപകടകരമായ സാഹചര്യവും കണക്കിലെടുക്കുമ്പോൾ ഈ രക്ഷാപ്രവർത്തനം ശ്രദ്ധേയമാണെന്ന് സിറിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.