ന്യൂഡൽഹി– തെരഞ്ഞെടുപ്പ് കമ്മിഷനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വോട്ട് മോഷണം എന്ന പേരിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് തെരഞ്ഞെടുപ്പ് കമ്മിഷന് നൽകിയ വോട്ടർപ്പട്ടിക വച്ച് നടത്തിയ പഠന റിപ്പോർട്ട് അദ്ദേഹം പുറത്തുവിട്ടത് . കഴിഞ്ഞ കുറച്ച് കാലമായി ജനങ്ങൾക്കിടയിൽ വോട്ടിംഗിൽ സംശയം ഉയർന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്ര, ഹരിയാന സംസ്ഥാനങ്ങളിൾ എക്‌സിറ്റ് പോൾ ഫലങ്ങളെ തകിടം മറിച്ച് ബിജെപി നടത്തിയ മാന്ത്രിക വിദ്യ എന്താണെന്ന് കണ്ടെത്തിയെന്നും രാഹുൽ ഗാന്ധി അവകാശപ്പെട്ടു.
കർണാടക തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന് പ്രതീക്ഷിച്ചതിലും സീറ്റ് കുറയാൻ കാരണം ലീഡ് കുറഞ്ഞ മണ്ഡലത്തിൽ കള്ള വോട്ട് നടന്നിട്ടുണ്ടെന്നതിന് അദ്ദേഹം തെളിവുകൾ നിരത്തി. കർണാടക മഹാദേവപുരം മണ്ഡലത്തിൽ വോട്ടേഴ്‌സ് ലിസ്റ്റ് വിശകലനം ചെയ്ത് കണ്ടെത്തിയത് 40,009 വ്യാജ അഡ്രസ്സുകളിലുള്ള വോട്ടർ ഐഡികളാണ്. പുതു വോട്ടേഴ്‌സ് എന്ന രൂപത്തിൽ രണ്ടും മൂന്ന് പ്രാവിശ്യം ഒരു വ്യക്തിയെ തന്നെ പേര് ചേർത്തതായും അദ്ദേഹം വെളിപ്പെടുത്തി.
ഈ മണ്ഡലത്തിൽ 1,00250 കള്ള വോട്ടുകൾ ചേർത്തതായി രാഹുൽ ഗാന്ധി കണക്കുകൾ നിരത്തി വ്യക്തമാക്കി. രാജ്യത്ത് ഒരു ദിവസം നടക്കുന്ന തെരഞ്ഞെടുപ്പുകൾ ഇപ്പോൾ മാസങ്ങളോളം നടത്തുന്നതിന്റെ പിന്നിലെ ലക്ഷ്യവും തട്ടിപ്പ് നടത്തുകയെന്നതാണ്. മഹാരാഷ്ട്ര തെരഞ്ഞെടുപ്പിന് മുൻപ് 5 മാസം കൊണ്ട് അഞ്ച് വർഷം ചേർത്തതിനേക്കാൾ കൂടുതൽ വോട്ടേഴ്‌സിനെയാണ് ലിസ്റ്റിൽ ചേർത്തതെന്ന വാർത്ത നേരത്തെ പുറത്തു വന്നിരുന്നു.
തെരഞ്ഞെടുപ്പ് കമ്മിഷൻ ഇലക്ട്രോണിക് വോട്ടർ പട്ടിക നൽകാതിരുന്നതും പോളിങ് ബൂത്തുകളിലെ സിസിടിവി ദൃശ്യങ്ങൾ നശിപ്പിച്ചതും തട്ടിപ്പിനെ മറച്ചുപിടിക്കാനാണ്. മെഷീൻ റീഡ് ചെയ്യാൻ കഴിയാത്ത രൂപത്തിലുള്ള വോട്ടർ പട്ടിക ലിസ്റ്റ് തെരഞ്ഞെടുപ്പ് കമ്മിഷൻ നൽകിയതിനെയും അദ്ദേഹം വിമർശിച്ചു. തെരഞ്ഞെടുപ്പ് കമ്മിഷൻ ബിജെപിയുമായി വോട്ട് മോഷ്ടിക്കുകയാണെന്ന് കണക്കുകൾ വ്യക്തമാക്കിയതായി രാഹുൽ ഗാന്ധി പറഞ്ഞു.