ജിദ്ദ – സ്‌പോണ്‍സറുടെ അടുത്തുനിന്ന് ഒളിച്ചോടിയതു മൂലം ഹുറൂബാക്കപ്പെട്ട ഗാര്‍ഹിക തൊഴിലാളികളുടെ പദവി ശരിയാക്കാന്‍ അനുവദിച്ച ഗ്രേസ് പിരീഡില്‍ മൂന്നു മാസം കൂടിയാണ് ശേഷിക്കുന്നതെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം ഉണര്‍ത്തി. ഗ്രേസ് പിരീഡ് നവംബര്‍ 11 ന് അവസാനിക്കും. ഇതിനകം തൊഴിലുടമകളും സ്വദേശികളും ഗ്രേസ് പിരീഡ് പ്രയോജനപ്പെടുത്തണം.
ഹുറൂബാക്കപ്പെട്ട തൊഴിലാളികളുടെ പദവി ശരിയാക്കാനും നീതി ഉറപ്പാക്കാനും തൊഴിലുടമകളുടെയും തൊഴിലാളികളുടെയും അവകാശങ്ങള്‍ സംരക്ഷിക്കാനുമുള്ള അവസരമാണ് ഗ്രേസ് പിരീഡ്. ഒളിച്ചോടിയ തൊഴിലാളികളുടെ പദവി അംഗീകൃത നിയമങ്ങള്‍ക്കനുസൃതമായി ശരിയാക്കുക, ഒളിച്ചോടിയതുമായി ബന്ധപ്പെട്ട പിഴകളും ശിക്ഷകളും നിയമ നടപടികളും ഒഴിവാക്കുക, തൊഴിലുടമകളും ഗാര്‍ഹിക തൊഴിലാളികളും തമ്മിലുള്ള തൊഴില്‍ കരാര്‍ ബന്ധം വ്യക്തവും നീതിയുക്തവുമായ രീതിയില്‍ വ്യവസ്ഥാപിതമാക്കുക എന്നിവയാണ് പദവി ശരിയാക്കല്‍ കാമ്പെയ്‌നിന്റെ ലക്ഷ്യമെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി.
ജോലി സ്ഥലത്തു നിന്ന് ഒളിച്ചോടിയതു മൂലം ഹുറൂബാക്കപ്പെട്ട തൊഴിലാളികളുടെ പദവി ശരിയാക്കാനുള്ള കാമ്പെയ്ന്‍ ആരംഭിച്ച 2025 മെയ് 11 നു ശേഷം ഒളിച്ചോടിയ തൊഴിലാളികളുടെ പദവി ഇപ്പോഴത്തെ കാമ്പെയ്ന്‍ പ്രകാരം ശരിയാക്കാന്‍ സാധിക്കില്ല. ഇത്തരക്കാരെ ഗ്രേസ് പിരീഡില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. പദവി ശരിയാക്കല്‍ പ്രക്രിയ ഇലക്‌ട്രോണിക് രീതിയില്‍ എളുപ്പത്തില്‍ പൂര്‍ത്തിയാക്കാന്‍ സഹായിക്കുന്ന മുസാനിദ് പ്ലാറ്റ്ഫോമിലൂടെ വേഗത്തില്‍ നടപടികള്‍ സ്വീകരിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു. സേവനങ്ങളിലേക്കുള്ള പ്രവേശനം സുഗമമാക്കാനായി, സ്മാര്‍ട്ട് ഉപകരണങ്ങള്‍ വഴി ഗുണഭോക്താക്കള്‍ക്ക് പ്ലാറ്റ്ഫോമിലേക്ക് നേരിട്ട് പ്രവേശനം സാധ്യമാക്കാനായി മന്ത്രാലയം ക്വിക്ക് റെസ്പോണ്‍സ് (ക്യു.ആര്‍) കോഡ് പുറത്തിറക്കിയിട്ടുണ്ട്.
തൊഴില്‍ വിപണി വ്യവസ്ഥാപിതമാക്കാനും തൊഴില്‍ കരാര്‍ ബന്ധങ്ങളില്‍ സന്തുലിതാവസ്ഥ കൈവരിക്കാനുമുള്ള പ്രതിബദ്ധതയുടെ ഭാഗമായാണ് ഹുറൂബാക്കപ്പെട്ട ഗാര്‍ഹിക തൊഴിലാളികളുടെ പദവി ശരിയാക്കാന്‍ ഗ്രേസ് പിരീഡ് അനുവദിച്ചിരിക്കുന്നത്. ഗ്രേസ് പിരീഡ് കാലാവധി കഴിഞ്ഞതിന് ശേഷം പദവി ശരിയാക്കാത്തവര്‍ക്കെതിരെ നിയമപരമായ ശിക്ഷാ നടപടികള്‍ സ്വീകരിക്കും. ഇത് ഒഴിവാക്കാന്‍ ശേഷിക്കുന്ന പദവി ശരിയാക്കല്‍ കാലയളവ് പ്രയോജനപ്പെടുത്തണമെന്നും സഹകരിക്കണമെന്നും മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം എല്ലാവരോടും ആവശ്യപ്പെട്ടു.