ന്യൂഡൽഹി: ഇന്ത്യയിൽനിന്നുള്ള ഇറക്കുമതി ഉൽപന്നങ്ങൾക്ക് 50% തീരുവ ചുമത്താനുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുമാനത്തെ കേന്ദ്രസർക്കാർ അതിരൂക്ഷമായി വിമർശിച്ചു. മുൻപ് ചുമത്തിയ 25% തീരുവയ്ക്ക് പുറമെ പുതുതായി 25% കൂടി ചേർത്തതോടെ, ഇന്ത്യൻ ഉൽപന്നങ്ങൾക്ക് ആകെ 50% തീരുവ ഏർപ്പെടുത്തിയ നടപടിയെ “അന്യായവും നീതീകരിക്കാനാവാത്തതും യുക്തിരഹിതവും” എന്ന് വിദേശകാര്യ മന്ത്രാലയം വിശേഷിപ്പിച്ചു. ഈ നടപടി “അങ്ങേയറ്റം ദൗർഭാഗ്യകരം” ആണെന്നും, രാജ്യതാൽപര്യങ്ങൾ സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും ഇന്ത്യ സ്വീകരിക്കുമെന്നും മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
ട്രംപിന്റെ തീരുമാനത്തിന് പിന്നിൽ ഇന്ത്യ റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നത് തുടരുന്നതാണ്. റഷ്യ-യുക്രെയ്ൻ യുദ്ധത്തിന് ധനസഹായം നൽകുന്നത് ഈ വരുമാനമാണെന്ന് ട്രംപ് വാദിക്കുന്നു. എന്നാൽ, ഇന്ത്യയുടെ ഊർജ ഇറക്കുമതി വിപണി ഘടകങ്ങളെയും ഊർജ സുരക്ഷയെയും അടിസ്ഥാനമാക്കിയാണെന്ന് വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി. ട്രംപ് ഒപ്പുവച്ച എക്സിക്യൂട്ടിവ് ഉത്തരവ് പ്രകാരം, പുതിയ തീരുവ 21 ദിവസത്തിനുള്ളിൽ പ്രാബല്യത്തിൽ വരും.
ഈ നടപടിയോടെ, യുഎസ് ഏറ്റവും ഉയർന്ന തീരുവ ചുമത്തുന്ന രാജ്യങ്ങളിൽ ഇന്ത്യയും ബ്രസീലും (50%) ഒന്നാമതാണ്.