ഗാസ – ഇരുപത്തിരണ്ടു മാസമായി തുടരുന്ന യുദ്ധം കാരണം രൂക്ഷമായ ജലക്ഷാമത്തില്‍ വലഞ്ഞ് ഗാസയിലെ ലക്ഷക്കണക്കിന് ഫലസ്തീന്‍ കുടുംബങ്ങള്‍. ഗാസയിലെ പട്ടിണിപ്പാവങ്ങളായ നിവാസികളില്‍ പലരും കുടിവെള്ളത്തിനും ശുചിത്വ ആവശ്യങ്ങള്‍ക്കും വെള്ളം ശേഖരിക്കാനായി എല്ലാ ദിവസവും ദുരിതബാധിത പ്രദേശങ്ങളിലൂടെ ദീര്‍ഘദൂരം സഞ്ചരിക്കാന്‍ നിര്‍ബന്ധിതരാകുന്നു. ദുഷ്‌കരമായ ഈ യാത്രയില്‍ ആരോഗ്യം നിലനിര്‍ത്താന്‍ ആവശ്യമായതിന്റെ ചെറിയ ഭാഗം വെള്ളം മാത്രമാണ് അവര്‍ക്ക് ലഭിക്കുന്നത്. ഗാസയിലെ പട്ടിണിയിലേക്ക് ആഗോളതലത്തില്‍ ശ്രദ്ധ തിരിഞ്ഞിട്ടുണ്ട്. ആഗോള വിശപ്പ് നിരീക്ഷക ഏജന്‍സിയായ ഇന്റഗ്രേറ്റഡ് ഫുഡ് സെക്യൂരിറ്റി ഫേസ് ക്ലാസിഫിക്കേഷന്‍ 22 മാസമായി തുടരുന്ന യുദ്ധം മൂലം പട്ടിണി വര്‍ധിച്ചുവരുന്നതായി പറയുന്നു.
ഗാസയലെ ജല പ്രതിസന്ധിയും ഇതേപോലെ ഗുരുതരമാണെന്ന് സഹായ സംഘടനകള്‍ പറയുന്നു. സഹായ സംഘടനകള്‍ നടത്തുന്ന ചെറിയ ഡീസലനൈസേഷന്‍ പ്ലാന്റുകളില്‍ നിന്ന് കുറച്ച് വെള്ളം വിതരണത്തിന് ലഭിക്കുന്നു. ഗാസയില്‍ വിതരണം ചെയ്യുന്ന ഭൂരിഭാഗം വെള്ളവും ഉപ്പുവെള്ളം നിറഞ്ഞ കിണറുകളില്‍ നിന്നുള്ളതാണ്. യുദ്ധത്തില്‍ തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങളില്‍ നിന്ന് ഒഴുകുന്ന മലിനജലവും രാസവസ്തുക്കളും മൂലം മലിനമായതിനാല്‍ കിണര്‍ ജലം വ്യാപകമായ വയറിളക്കത്തിനും ഹെപ്പറ്റൈറ്റിസിനും കാരണമാകുന്നു.


ഗാസയിലെ ശുദ്ധജലത്തിന്റെ ഭൂരിഭാഗവും വിതരണം ചെയ്തിരുന്ന ഇസ്രായിലി ജലപൈപ്പ് ലൈനുകളിലൂടെയുള്ള പമ്പിംഗ് നിര്‍ത്തിവെച്ചിട്ടുണ്ട്. യുദ്ധത്തിന്റെ തുടക്കത്തില്‍ ഇസ്രായില്‍ ഗാസയിലേക്കുള്ള ജല, വൈദ്യുതി വിതരണം വിച്ഛേദിച്ചു. ചില വിതരണങ്ങള്‍ പിന്നീട് പുനഃസ്ഥാപിച്ചെങ്കിലും യുദ്ധത്തില്‍ പൈപ്പ്‌ലൈനുകള്‍ തകര്‍ന്നു. സമീപ മാസങ്ങളില്‍ ഇസ്രായിലില്‍ നിന്ന് വെള്ളമൊന്നും ഗാസയില്‍ എത്തിയിട്ടില്ലെന്ന് ഗാസ ജല അതോറിറ്റി ഉദ്യോഗസ്ഥര്‍ പറയുന്നു. യുദ്ധത്തില്‍ ജല, ശുചിത്വ അടിസ്ഥാന സൗകര്യങ്ങളുടെ ഭൂരിഭാഗവും നശിപ്പിക്കപ്പെട്ടു. ഭൂഗര്‍ഭജല പമ്പുകള്‍ പലപ്പോഴും ചെറിയ ജനറേറ്ററുകളില്‍ നിന്നുള്ള വൈദ്യുതിയെ ആശ്രയിക്കുന്നു. അവ പ്രവര്‍ത്തിപ്പിക്കാന്‍ മതിയായ ഇന്ധനം ലഭിക്കുന്നില്ല.
വെള്ളം ശേഖരിക്കാന്‍ ഒരു കിലോമീറ്റര്‍ നടന്ന് രണ്ട് മണിക്കൂര്‍ ക്യൂവില്‍ നില്‍ക്കേണ്ടിവരുന്നതായി യുദ്ധത്തിന് മുമ്പ് യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥിയായ 23 കാരനായ മുആദ് മുഖൈമര്‍ പറയുന്നു. പലപ്പോഴും ഈ രീതിയില്‍ ദിവസത്തില്‍ മൂന്ന് തവണ വെള്ളം ശേഖരിക്കാന്‍ നിര്‍ബന്ധിതനാകുന്നു. നമ്മള്‍ എത്രകാലം ഇങ്ങനെ കഴിയേണ്ടിവരും? – ശുചീകരണ ആവശ്യങ്ങള്‍ക്ക് രണ്ട് വലിയ പാത്രങ്ങളില്‍ ഉപ്പുവെള്ളവും കുടിക്കാന്‍ രണ്ട് ചെറിയ പാത്രങ്ങളില്‍ ശുദ്ധജലവും കൊണ്ടുപോകുന്നതിനിടെ മുഖൈമര്‍ ആരായുന്നു. മധ്യ ഗാസയിലെ ദെയ്ര്‍ അല്‍ബലഹിലെ ചെറിയ തമ്പില്‍ താമസിക്കുന്ന 22 പേരടങ്ങുന്ന തന്റെ വലിയ കുടുംബത്തിന് ആവശ്യമായ വെള്ളം തന്റെ മകനാണ് കൊണ്ടുവരുന്നതെന്ന് 53 കാരിയായ മുആദിന്റെ ഉമ്മ പറഞ്ഞു. കുട്ടികള്‍ വെള്ളവുമായി വന്നു പോകുന്നു, ചൂടാണ്. അവര്‍ക്ക് ദാഹിക്കുന്നു. നാളെ നമുക്ക് വീണ്ടും വെള്ളം ലഭിക്കുമോ എന്ന് ആര്‍ക്കറിയാം – അവര്‍ കൂട്ടിച്ചേര്‍ത്തു.


ശുചിത്വ സൗകര്യങ്ങളില്ലാത്ത താല്‍ക്കാലിക ഷെല്‍ട്ടറുകളിലോ ടെന്റുകളിലോ മിക്കവാറും എല്ലാവരും താമസിക്കുന്ന ഗാസയില്‍ അല്‍പം വെള്ളം ലഭിക്കാന്‍ വേണ്ടിയുള്ള പോരാട്ടം ആവര്‍ത്തിക്കുന്നു. കുടിക്കാനും പാചകം ചെയ്യാനും കഴുകാനും ആവശ്യമായ വെള്ളം ഇവര്‍ക്ക് ലഭിക്കുന്നില്ല. രണ്ടു വര്‍ഷത്തോളമായി കടുത്ത ദുരിതത്തില്‍ കഴിയുന്ന ഗാസ നിവാസികള്‍ക്കിടയില്‍ രോഗങ്ങളും വ്യാപകമാണ്. കുടിവെള്ളം, പാചകം, വൃത്തിയാക്കല്‍, കഴുകല്‍ എന്നിവക്കായി പ്രതിദിനം 15 ലിറ്റര്‍ തോതില്‍ വെള്ളമാണ് ഗാസ നിവാസികള്‍ക്ക് ലഭിക്കുന്നതെന്ന് ഐക്യരാഷ്ട്രസഭ പറയുന്നു. ഇസ്രായിലിലെ ശരാശരി ദൈനംദിന ജലഉപഭോഗം ഏകദേശം 247 ലിറ്ററാണെന്ന് ഇസ്രായിലി മനുഷ്യാവകാശ സംഘടനയായ ബിത്‌സെലെം പറയുന്നു.
ഗാസയിലെ ശരാശരി ജല ഉപഭോഗം ഇപ്പോള്‍ പ്രതിദിനം മൂന്ന് മുതല്‍ അഞ്ച് ലിറ്റര്‍ വരെയാണെന്ന് അധിനിവിഷ്ട ഫലസ്തീന്‍ പ്രദേശങ്ങള്‍ക്കായുള്ള ഓക്‌സ്ഫാമിന്റെ മാനുഷിക നയ ഓഫീസര്‍ ബുഷ്റ അല്‍ഖാലിദി പറഞ്ഞു. തടയാവുന്നതും ചികിത്സിക്കാവുന്നതുമായ ജലജന്യ രോഗങ്ങള്‍ ഗാസയില്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്ന് കഴിഞ്ഞ ആഴ്ച ഓക്‌സ്ഫാം റിപ്പോര്‍ട്ട് ചെയ്തു. ഇത്തരം രോഗങ്ങള്‍ കഴിഞ്ഞ മൂന്ന് മാസത്തിനിടെ 150 ശതമാനം വര്‍ധിച്ചു.
ജലക്ഷാമം എല്ലാ ദിവസവും വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്ന് നോര്‍വീജിയന്‍ അഭയാര്‍ഥി കൗണ്‍സിലിലെ ഗ്ലോബല്‍ വാട്ടര്‍ ആന്റ് സാനിറ്റേഷന്‍ ഓഫീസര്‍ ഡാനിഷ് മാലിക് പറഞ്ഞു. പല ഗാസക്കാരും മണിക്കൂറുകളോളം വെള്ളത്തിനായി ക്യൂവില്‍ ചെലവഴിക്കുന്നു. വെള്ളം ശേഖരിക്കുന്നത് പലപ്പോഴും കുട്ടികളുടെ ജോലിയാണ്. കാരണം അവരുടെ മാതാപിതാക്കള്‍ ഭക്ഷണമോ മറ്റ് ആവശ്യങ്ങളോ തേടുന്നു. കുട്ടികള്‍ക്ക് അവരുടെ ബാല്യം നഷ്ടപ്പെട്ടു, പ്ലാസ്റ്റിക് ഗാലണുകളില്‍ വെള്ളം കൊണ്ടുപോകുന്നവരായി അവര്‍ മാറിയിരിക്കുന്നു. വെള്ളം കൊണ്ടുപോകുന്ന ലോറികള്‍ക്ക് പിന്നാലെ ഓടുകയോ കുടുംബങ്ങള്‍ക്ക് വെള്ളം കൊണ്ടുവരാന്‍ ദൂരെയുള്ള പ്രദേശങ്ങളിലേക്ക് പോവുകയോ ചെയ്യുന്നു – ജല അതോറിറ്റിയിലെ ജലവിഭവ ഡയറക്ടര്‍ ജനറല്‍ മുന്ദിര്‍ സാലിം പറഞ്ഞു.
ജലക്ഷാമം കാരണം, തീരത്തിനടുത്ത് താമസിക്കുന്ന പലരും കടലില്‍ കുളിക്കുകയാണ്. ഈജിപ്തിലെ ഡീസലൈനേഷന്‍ പ്ലാന്റില്‍ നിന്ന് തെക്കന്‍ ഗാസയിലെ ആറു ലക്ഷം ആളുകള്‍ക്ക് വെള്ളം എത്തിക്കാനായി യു.എ.ഇ ധനസഹായത്തോടെ പുതിയ ജല പൈപ്പ്‌ലൈന്‍ സ്ഥാപിക്കാന്‍ പദ്ധതിയുണ്ട്. എന്നാല്‍ ഇതിന് ആഴ്ചകള്‍ എടുത്തേക്കും. ഗാസ നിവാസികള്‍ക്ക് കുടിവെള്ളം ലഭ്യമാക്കാന്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ടെന്ന് സഹായ ഏജന്‍സികള്‍ പറയുന്നു. ദീര്‍ഘകാലമായി നിലനില്‍ക്കുന്ന ദാരിദ്ര്യം മാരകമായി മാറിയിരിക്കുന്നതായി യൂനിസെഫ് വക്താവ് ജെയിംസ് എല്‍ഡര്‍ പറഞ്ഞു. വിശപ്പും നിര്‍ജലീകരണവും ഇനി ഈ യുദ്ധത്തിന്റെ പാര്‍ശ്വഫലങ്ങളല്ല, അവ ഉടനടിയുള്ള പ്രത്യാഘാതങ്ങളാണ് – യൂനിസെഫ് വക്താവ് പറഞ്ഞു.
പ്രതിസന്ധി പരിഹരിക്കുന്നതിന് വെടിനിര്‍ത്തലും സഹായ ഏജന്‍സികള്‍ക്കുള്ള അനിയന്ത്രിതമായ പ്രവേശനവും അനിവാര്യമാണെന്ന് ഓക്‌സ്ഫാമിലെ ബുഷ്റ അല്‍ഖാലിദി പറഞ്ഞു. അല്ലെങ്കില്‍, ഗാസയില്‍ തടയാന്‍ കഴിയുന്ന രോഗങ്ങളാല്‍ ആളുകള്‍ മരിക്കുന്നത് നാം കാണേണ്ടവരും. അത് നമ്മുടെ കണ്‍മുന്നില്‍ തന്നെ സംഭവിച്ചുകൊണ്ടിരിക്കുന്നു – ബുഷ്‌റ അല്‍ഖാലിദി പറഞ്ഞു.