തെല്‍അവീവ് – ഗാസ പൂര്‍ണമായി പിടിച്ചടക്കണമെന്ന് നിര്‍ബന്ധം പിടിച്ച് ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇന്നലെ മൂന്ന് മണിക്കൂര്‍ നീണ്ടുനിന്ന സുരക്ഷാ കൂടിയാലോചനകളില്‍, സൈന്യത്തിന്റെ എതിര്‍പ്പുകള്‍ അവഗണിച്ച്, ഇസ്രായില്‍ മുഴുവന്‍ ഗാസ മുനമ്പും കൈവശപ്പെടുത്തണമെന്ന് നെതന്യാഹു നിര്‍ബന്ധം പിടിച്ചു. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം സുരക്ഷാ മന്ത്രിസഭ നാളെ കൈക്കൊള്ളും. ഉയര്‍ന്ന ചെലവും ബന്ദികളുടെ ജീവന് അത് ഉയര്‍ത്തുന്ന ഭീഷണിയും ചൂണ്ടിക്കാട്ടി, ചീഫ് ഓഫ് സ്റ്റാഫ് ഇയാല്‍ സാമിര്‍ ഗാസ അധിനിവേശത്തിന് പകരം ബദല്‍ പദ്ധതി അവതരിപ്പിച്ചു.
സൈനികരുടെയും സൈനിക ഉപകരണങ്ങളുടെയും സന്നദ്ധത കുറഞ്ഞുവരുന്ന പ്രശ്‌നവും സൈനിക മേധാവി ഉന്നയിച്ചു. എന്നാല്‍ രാഷ്ട്രീയ നേതൃത്വം തന്നോട് നിര്‍ദേശിക്കുന്നതുപോലെ ചെയ്യുമെന്ന് ഒടുവില്‍ അദ്ദേഹം വ്യക്തമാക്കി.
ഗാസ മുനമ്പിന്റെ പൂര്‍ണ നിയന്ത്രണം ഏറ്റെടുക്കുന്നത്, അതിര്‍ത്തികളില്‍ നിയന്ത്രണം നിലനിര്‍ത്തിക്കൊണ്ട് ഗാസയില്‍ നിന്ന് ജൂതകുടിയേറ്റക്കാരെയും സൈനികരെയും പിന്‍വലിക്കാനുള്ള ഇസ്രായിലിന്റെ 2005 ലെ തീരുമാനം റദ്ദാക്കും.
കഴിഞ്ഞ 24 മണിക്കൂറിനിടെ പട്ടിണിയും പോഷകാഹാരക്കുറവും മൂലം എട്ട് ഫലസ്തീനികള്‍ കൂടി മരിച്ചതായും ഏറ്റവും പുതിയ ഇസ്രായിലി വ്യോമാക്രമണങ്ങളില്‍ 80 പേര്‍ കൊല്ലപ്പെട്ടതായും ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
അതേസമയം, ഗാസ മുനമ്പ് മുഴുവന്‍ കൈവശപ്പെടുത്താനുള്ള പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പദ്ധതി, ശേഷിക്കുന്ന ഇസ്രായിലി ബന്ദികളുടെ ജീവന്‍ അപകടത്തിലാക്കുമെന്നും ധാരാളം ഫലസ്തീനികളെ ഭരിക്കുന്നതിന്റെ ഫലമായി ഇസ്രായിലിന് ഭാരിച്ച സാമ്പത്തിക ബാധ്യത നേരിടുമെന്നും ഇസ്രായില്‍ പ്രതിപക്ഷ നേതാവ് യെയര്‍ ലാപിഡ് മുന്നറിയിപ്പ് നല്‍കി. സര്‍ക്കാരും മന്ത്രിമാരും സ്വീകരിക്കുന്ന സമീപനം എല്ലാ ബന്ദികളുടെയും മരണത്തിലേക്ക് നയിക്കും. പട്ടിണി, മര്‍ദനം, പീഡനം എന്നിവ കാരണമോ സൈനിക ഓപ്പറേഷനുകള്‍ക്കിടയിലോ അവര്‍ കൊല്ലപ്പെടുമെന്ന് പ്രതിപക്ഷ നേതാവ് പ്രസ്താവനയില്‍ മുന്നറിയിപ്പ് നല്‍കി.
സൈന്യത്തിന്റെ എതിര്‍പ്പ് അവഗണിച്ച്, ഗാസയുടെ പൂര്‍ണ നിയന്ത്രണം ഏറ്റെടുക്കാന്‍ ഇസ്രായില്‍ സൈന്യത്തോട് നെതന്യാഹു ഉത്തരവിടാന്‍ സാധ്യതയുള്ളതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനെ തുടര്‍ന്നാണ് ഇത്തരമൊരു നീക്കത്തിനെതിരെ പ്രതിപക്ഷ നേതാവ് മുന്നറിയിപ്പ് നല്‍കിയത്.
ഗാസ പിടിച്ചടക്കുന്നതിലൂടെ ഇരുപതു ലക്ഷം ഫലസ്തീനികളെ ഭരിക്കേണ്ടിവരും. അവരുടെ വൈദ്യുതിക്കും വെള്ളത്തിനും നമ്മള്‍ പണം നല്‍കേണ്ടിവരും. ഇസ്രായിലി നികുതിദായകരുടെ പണം ഉപയോഗിച്ച് നമ്മള്‍ അവരുടെ സ്‌കൂളുകളും ആശുപത്രികളും നിര്‍മിക്കേണ്ടിവരും. ഗാസയെ ഇസ്രായിലില്‍ കൂട്ടിച്ചേര്‍ക്കല്‍ എന്നാല്‍ പണം ചെലവഴിക്കല്‍ എന്നാണ് അര്‍ഥമാക്കുന്നത്. അത്തരമൊരു നീക്കം ഇസ്രായിലിനെ അന്താരാഷ്ട്ര തലത്തില്‍ ഒറ്റപ്പെടുത്തുമെന്നും യുദ്ധാനന്തര പുനര്‍നിര്‍മാണത്തിന് പ്രാദേശിക പിന്തുണ ലഭിക്കുമെന്ന പ്രതീക്ഷ ഇല്ലാതാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
ഗാസയില്‍ ഇസ്രായിലി സൈനിക നടപടികള്‍ വ്യാപിപ്പിക്കുന്നത് വിനാശകരമായ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുമെന്ന് മുതിര്‍ന്ന യു.എന്‍ ഉദ്യോഗസ്ഥന്‍ മുന്നറിയിപ്പ് നല്‍കി. ഇസ്രായില്‍ മുഴുവന്‍ ഗാസയും കൈവശപ്പെടുത്തുന്നത് തടയണമെന്ന് യു.എന്‍ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടു. യുദ്ധം വ്യാപിക്കുന്നത് ദശലക്ഷക്കണക്കിന് ഫലസ്തീനികള്‍ക്ക് വിനാശകരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും ഗാസയില്‍ അവശേഷിക്കുന്ന ബന്ദികളുടെ ജീവന് വലിയ ഭീഷണി ഉയര്‍ത്തുമെന്നും യൂറോപ്പ്, മധ്യേഷ്യ, അമേരിക്കകള്‍ എന്നിവക്കുള്ള യു.എന്‍ അസിസ്റ്റന്റ് സെക്രട്ടറി ജനറല്‍ മിറോസ്ലാവ് ജെങ്ക രക്ഷാ സമിതി യോഗത്തില്‍ പ്രസ്താവിച്ചു.
ഗാസയിലെ സംഘര്‍ഷത്തിനോ വിശാലമായ ഇസ്രായില്‍-ഫലസ്തീന്‍ സംഘര്‍ഷത്തിനോ സൈനിക പരിഹാരമില്ല. ഗാസ മുഴുവന്‍ കൈവശപ്പെടുത്താനുള്ള ഇസ്രായിലിന്റെ നീക്കം തടയണമെന്നും മിറോസ്ലാവ് ജെങ്ക പറഞ്ഞു.