കൊച്ചി: ഉത്തരാഖണ്ഡിലെ ഉത്തര്‍കാശി ജില്ലയിലെ ധരാലിയില്‍ മേഘവിസ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ മിന്നല്‍പ്രളയത്തില്‍ മലയാളികളും കുടുങ്ങി. 28 പേര് അടങ്ങുന്ന ഒരു യാത്രാ സംഘമാണ് ദുരന്തബാധിത പ്രദേശത്ത് കുടുങ്ങിയിരിക്കുന്നത്. ഇതില്‍ 8 പേര്‍ കേരളത്തില്‍ നിന്നുള്ളവരും ബാക്കിയുള്ളവര്‍ മുംബൈയില്‍ നിന്നുള്ള മലയാളികളുമാണ്. കൊച്ചി പള്ളിപറമ്പ്കാവ് ദേവി നഗറില്‍നിന്നുള്ള ദമ്പതികളായ നാരായണനും ഭാര്യ ശ്രീദേവി പിള്ളയും ഉള്‍പ്പെടെ ഈ സംഘത്തെ അപകടത്തിനു ശേഷം ഫോണില്‍ ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ലെന്ന് ബന്ധുക്കള്‍ അറിയിച്ചു.
28 അംഗ സംഘം ഒരാഴ്ച മുന്‍പാണ് ഒരു ട്രാവല്‍ ഏജന്‍സി വഴി ഉത്തരാഖണ്ഡിലേക്ക് യാത്ര തിരിച്ചത്. ഇന്നലെ രാവിലെ ഗംഗോത്രിയിലേക്ക് പോകുന്നുവെന്ന് അവര്‍ അറിയിച്ചിരുന്നതായും അതിനുശേഷം ആരുമായും ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു. ഡല്‍ഹിയില്‍ നിന്ന് ഹരിദ്വാറിലെത്തി, അവിടെനിന്നാണ് സംഘം ഗംഗോത്രിയിലേക്ക് യാത്ര തിരിച്ചത്. എന്നാല്‍, മലയാളം സമാജം കൂട്ടായ്മയുടെ അവകാശവാദപ്രകാരം സംഘാംഗങ്ങള്‍ സുരക്ഷിതരാണ്.
രക്ഷാപ്രവര്‍ത്തനത്തിനായി ഹെലിക്കോപ്റ്റര്‍ സേവനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി ഉറപ്പുനല്‍കിയിട്ടുണ്ട്. ”രക്ഷപ്പെടുത്തിയവരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റാന്‍ ഉടന്‍ തീരുമാനമെടുക്കും,” ധാമി വ്യക്തമാക്കി.