തിരുവനന്തപുരം– സ്കൂളിലെ ഉച്ചഭക്ഷണം കഴിക്കാൻ നടൻ കുഞ്ചാക്കോ ബോബനെ സ്കൂളിലേക്ക് ക്ഷണിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. ജയിലുകളിലല്ല, സ്‌കൂളുകളിലാണ് മികച്ച ഭക്ഷണം നല്‍കേണ്ടതെന്ന കുഞ്ചാക്കോ ബോബന്റെ പരാമര്‍ശത്തിന് മറുപടിയായാണ് ക്ഷണം. ഒരു സര്‍ക്കാര്‍ സ്‌കൂളില്‍ ഉച്ചഭക്ഷണ സമയത്ത് സന്ദര്‍ശനം നടത്താന്‍ ചാക്കോച്ചനെ സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നു എന്ന് മന്ത്രി പറഞ്ഞു. കുഞ്ഞുങ്ങൾക്ക് സന്തോഷമാവുമെന്നും അവർക്കൊപ്പം ഭക്ഷണം കഴിക്കാമെന്നും അദ്ദേഹം പറഞ്ഞു. താനും വരാമെന്നും സ്‌കൂള്‍ ഉച്ചഭക്ഷണത്തിന്റെ മെനുവും രുചിയും അറിയുകയും ചെയ്യാമെന്നും വി ശിവന്‍കുട്ടി പറഞ്ഞു.
ഇപ്പൊ ജയിലിലാണ് നല്ല ഭക്ഷണം കിട്ടുന്നതെന്നും കുറ്റവാളികളെ വളര്‍ത്താനല്ല, കുറ്റമറ്റവര്‍ക്ക് ഏറ്റവും നല്ല സാഹചര്യമൊരുക്കാനാണ് ഏതൊരു സര്‍ക്കാരും ശ്രമിക്കേണ്ടത് എന്നാണ് കുഞ്ചാക്കോ ബോബന്‍ പറഞ്ഞത്.