തിരുവനന്തപുരം– സംവിധായകന്‍ അടൂർ ഗോപാലകൃഷ്ണന്റെ പരാമർശത്തിനെതിരെ പ്രതികരിച്ച് വിവിധ രാഷ്ട്രീയ നേതാക്കൾ. പട്ടികജാതി-വര്‍ഗ വിഭാഗങ്ങളിലെ സംവിധായകരെയും വനിതാ സംവിധായകരെയും അധിേക്ഷപിക്കുംവിധമായിരുന്നു അടൂർ ഗോപാലകൃഷ്ണന്റെ പരാമർശം. ഫ്യൂഡല്‍ ജീര്‍ണതയുടെ ഭാഷാപരമായ ഉള്ളടക്കത്തോട് കൂടി തന്നെയാണ് ഇങ്ങനെയുള്ള പലരും സംസാരിച്ചുകൊണ്ടിരിക്കുന്നതെന്ന് എം.വി ഗോവിന്ദന്‍ പറഞ്ഞു.
കേരളീയ സമൂഹം ഫ്യൂഡല്‍ സംസ്‌കാരത്തിന്റെ ആശയതലത്തില്‍നിന്നും നല്ലത് പോലെ മുന്നേറിയിട്ടുള്ള ഒരു ആവാസ കേന്ദ്രമാണ്. അതിന്റെ ഫലമായി ജാതി വ്യവസ്ഥയുടെ ജീര്‍ണ്ണത നല്ലത് പോലെ കുറഞ്ഞിട്ടുണ്ട്. അങ്ങനെയുള്ള നാട്ടില്‍ എല്ലാറ്റിനേയും ജാതി അടിസ്ഥാനപ്പെടുത്തി, പ്രത്യേകിച്ച് പട്ടികജാതി-വര്‍ഗ, സ്ത്രീ ഈ വിഭാഗത്തിന് പ്രത്യേകമായി പരിശീലനം നല്‍കി കൈകാര്യം ചെയ്യേണ്ട കാര്യമില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു. അതേസമയം, അടൂര്‍ ഗോപാലകൃഷ്ണനില്‍ നിന്നുണ്ടായ പരാമർശം അങ്ങേയറ്റം നിരാശാജനകവും അപലപനീയവുമാണെന്ന് കെ സി വേണുഗോപാല്‍ എംപിയും പറഞ്ഞു. പിന്നോക്ക വിഭാഗങ്ങളെയും സ്ത്രീകളെയും അപമാനിക്കുന്ന പരാമര്‍ശം സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു കലാകാരനില്‍ നിന്നുണ്ടാകുമ്പോള്‍, കടുത്ത ഭാഷയില്‍ത്തന്നെ എതിര്‍പ്പ് രേഖപ്പെടുത്തേണ്ടതുണ്ടെന്നും വേണുഗോപാല്‍ പറഞ്ഞു.
അതേസമയം, അടൂർ ഗോപാലകൃഷ്ണനെ പിന്തുണച്ചു കൊണ്ടായിരുന്നു മന്ത്രി വി.എൻ വാസവന്റെ പരാമർശം. അദ്ദേഹത്തിന്റെ പരാമർശം
ദുരുദ്ദേശ്യത്തിൽ പറഞ്ഞതാണെന്ന് കണക്കാക്കുന്നില്ലെന്നായിരുന്നു വി.എൻ വാസവൻ പറഞ്ഞത്. സാമ്പത്തികസഹായം നൽകരുതെന്ന് അദ്ദേഹം പറഞ്ഞിട്ടില്ല. കൊടുക്കുമ്പോൾ പ്രയോജനപ്പെടുന്ന രൂപത്തിൽ വേണമെന്നാണ് പറഞ്ഞതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പട്ടികജാതി വിഭാഗത്തെ അധിക്ഷേപിക്കും വിധം അടൂർ ഗോപാലകൃഷ്ണൻ നടത്തിയ പരാമർശം വൻ വിവാദമായിരുന്നു. ചലച്ചിത്ര കോര്‍പറേഷന്‍ വെറുതെ പണം നല്‍കരുതെന്നും ഒന്നര കോടി നല്‍കിയത് വളരെ കൂടുതലാണെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. സ്ത്രീകളായത് കൊണ്ട് മാത്രം അവസരം കൊടുക്കരുതെന്നും അദ്ദേഹം പറഞ്ഞിരുന്നു.