ഗാസ – ഗാസയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ പട്ടിണിയും പോഷകാഹാരക്കുറവും മൂലം
ആറ് പേര്‍ കൂടി മരിച്ചതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ഗാസയില്‍ പട്ടിണി മൂലം മരണപ്പെട്ടവരുടെ എണ്ണം 175 ആയി ഉയര്‍ന്നു. ഇതില്‍ 93 പേര്‍ കുട്ടികളാണ്. ഇന്നു പുലര്‍ച്ചെ മുതല്‍ ഗാസയില്‍ ഇസ്രായില്‍ ആക്രമണങ്ങളില്‍ 70 പേര്‍ കൊല്ലപ്പെട്ടു. ഇക്കൂട്ടത്തില്‍ 37 പേര്‍ റിലീഫ് വിതരണ കേന്ദ്രങ്ങള്‍ക്കു സമീപമാണ് കൊല്ലപ്പെട്ടത്.
ഭക്ഷ്യസഹായം ലഭിക്കാന്‍ കാത്തുനിന്ന സാധാരണക്കാരുടെ സംഘങ്ങളെ ലക്ഷ്യമാക്കി ഇസ്രായില്‍ സൈന്യം നടത്തിയ വെടിവെപ്പുകളില്‍ വിവിധ പ്രദേശങ്ങളിലായി 37 പേര്‍ കൊല്ലപ്പെട്ടതായി മെഡിക്കല്‍ സ്രോതസ്സുകളും ദൃക്സാക്ഷികളും റിപ്പോര്‍ട്ട് ചെയ്തു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ചിലര്‍ക്ക് ഗുരുതരമായി പരിക്കേറ്റതും, നിലവിലുള്ള ഉപരോധവും മെഡിക്കല്‍ സാധനങ്ങളുടെ പ്രവേശനം നിഷേധിക്കുന്നതും മൂലം ആരോഗ്യ സംവിധാനത്തിന്റെ ഏതാണ്ട് പൂര്‍ണമായ തകര്‍ച്ചയും കണക്കിലെടുക്കുമ്പോള്‍, മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് മെഡിക്കല്‍ വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.


ഗാസയില്‍ നടക്കുന്നത് യഥാര്‍ഥ വംശഹത്യയാണെന്ന് ഓക്‌സ്ഫാം ഇന്റര്‍നാഷണലിന്റെ ഹ്യുമാനിറ്റേറിയന്‍ കോര്‍ഡിനേറ്റര്‍ വിശേഷിപ്പിച്ചു. ഭക്ഷണവും വൈദ്യസഹായവും ഗാസയിലേക്ക് പ്രവേശിപ്പിക്കുന്നത് ഇസ്രായില്‍ തടയുന്നുവെന്നും വിനാശകരമായ മാനുഷിക സാഹചര്യം വിലയിരുത്താന്‍ യു.എന്‍ ജീവനക്കാര്‍ക്ക് പ്രവേശനം അനുവദിക്കുന്നില്ലെന്നും ഓക്‌സ്ഫാം ഇന്റര്‍നാഷണലിന്റെ മാനുഷിക കോര്‍ഡിനേറ്റര്‍ ചൂണ്ടിക്കാട്ടി.
ഗാസയില്‍ പട്ടിണി കിടന്ന് മരിക്കുന്ന ആളുകളുണ്ട്. മരുന്നിന്റെ അഭാവവും മെഡിക്കല്‍ സാധനങ്ങളുടെ പ്രവേശനം തടയലും കാരണം രോഗികള്‍ മരിക്കുന്നു. സംഭവിക്കുന്നത് ഒരു മാനുഷിക പ്രതിസന്ധി മാത്രമല്ല, മറിച്ച് അടിയന്തര അന്താരാഷ്ട്ര ഇടപെടല്‍ ആവശ്യമുള്ള തുടര്‍ച്ചയായ കുറ്റകൃത്യമാണ്. ക്രോസിംഗുകള്‍ തുറക്കാനും സഹായങ്ങള്‍ പ്രവേശിപ്പിക്കാനും ഗാസയില്‍ പ്രവര്‍ത്തിക്കുന്ന മാനുഷിക സംഘടനകളുടെയും സാധാരണക്കാരുടെയും സംരക്ഷണം ഉറപ്പാക്കാനും ഇസ്രായിലിനു മേല്‍ അന്താരാഷ്ട്ര സമൂഹം യഥാര്‍ഥ സമ്മര്‍ദം ചെലുത്തണമെന്ന് കോര്‍ഡിനേറ്റര്‍ പത്രക്കുറിപ്പില്‍ ആവശ്യപ്പെട്ടു.
2023 ഒക്ടോബര്‍ ഏഴിന് ഇസ്രായിലി ആക്രമണം ആരംഭിച്ച ശേഷം ഗാസ മുനമ്പില്‍ മരിച്ചവരുടെ എണ്ണം 60,839 ആയി ഉയര്‍ന്നതായി മെഡിക്കല്‍ വൃത്തങ്ങള്‍ അറിയിച്ചു. ഇതില്‍ ഭൂരിഭാഗവും കുട്ടികളും സ്ത്രീകളുമാണ്. പരിക്കേറ്റവരുടെ എണ്ണം 1,49,588 ആയി ഉയര്‍ന്നു.