വധശിക്ഷ കാത്ത് കഴിയുന്ന റഹീമിന്റെ മോചനം; 34 കോടി നല്‍കാന്‍ ഇനി പത്ത് ദിവസം കൂടി
റിയാദ്- കൊലപാതക കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് റിയാദ് ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി മച്ചിലകത്ത് പീടിയേക്കല്‍ അബ്ദുറഹീമിന്റെ മോചനത്തിന് സൗദി കുടുംബം ആവശ്യപ്പെട്ട 15 മില്യന്‍ റിയാല്‍ (34 കോടി രൂപ) ദിയാധനം നല്‍കാന്‍ ഇനി പത്ത് ദിവസം കൂടി. സൗദിയിലെയും മറ്റു ജി.സി.സി രാജ്യങ്ങളിലെയും മിക്ക സാമൂഹിക സാംസ്‌കാരിക സംഘടനകളും ബോബി ചെമ്മണൂര്‍ അടക്കമുള്ള വ്യവസായ പ്രമുഖരും കേരളത്തിനകത്തും പുറത്തുമുള്ള ജീവകാരുണ്യ സംഘടനകളും മോചനദ്രവ്യം സംഘടിപ്പിക്കാനുള്ള പ്രയത്‌നത്തിലാണ്.
വധശിക്ഷയില്‍ ഇളവ് തേടി ഇന്ത്യന്‍ എംബസിയും റഹീം നിയമ സഹായ സമിതിയും നിരവധി തവണ നടത്തിയ മാരത്തോണ്‍ ചര്‍ച്ചകള്‍ക്കൊടുവിലാണ് 15 മില്യന്‍ റിയാല്‍ ആറു മാസത്തിനകം നല്‍കിയാല്‍ വധശിക്ഷ എന്ന ആവശ്യത്തില്‍ നിന്ന് പിന്‍മാറാമെന്ന് 2023 ഒക്ടോബര്‍ 16ന് കുടുംബം അറിയിച്ചത്. 2023 ഡിസംബര്‍ 21 നാണ് സൗദി വിദേശകാര്യമന്ത്രാലയം വഴി പ്രതിഭാഗം അഭിഭാഷകന്‍ റിയാദ് ഇന്ത്യന്‍ എംബസിയെ ഇക്കാര്യം രേഖാമൂലം അറിയിക്കുന്നത്.
2006 നവംബര്‍ 28 ന് സൗദി പൗരന്റെ മകന്‍ അനസ് അല്‍ശഹ്‌രി കൊല്ലപ്പെട്ട കേസില്‍ അബ്ദുറഹീമിനെ സൗദിയില്‍ വധശിക്ഷക്ക് വിധിച്ചിരിക്കുന്നത്. 18 വര്‍ഷമായി റിയാദ് ജയിലില്‍ കഴിയുകയാണ് റഹീം. വര്‍ഷങ്ങള്‍ നീണ്ട വ്യവഹാരങ്ങളില്‍ ഇന്ത്യന്‍ എംബസി പൂര്‍ണ പിന്തുണയാണ് നല്‍കിയത്. മൂന്നു പ്രാവശ്യമാണ് കോടതി റഹീമിന് വധശിക്ഷ വിധിച്ചത്. 2011 ഫെബ്രുവരി രണ്ടിന് റിയാദ് ജനറല്‍ കോടതി അബ്ദുറഹീമിന് വധശിക്ഷ വിധിച്ചു. നിയമസഹായസമിതി എംബസിയുമായി സഹകരിച്ച് വിധിക്കെതിരെ അപ്പീലില്‍ പോയി.
2017 നവംബറില്‍ അപ്പീല്‍ സ്വീകരിക്കുകയും വധശിക്ഷ റദ്ദാക്കുകയും ചെയ്തു. പിന്നീട് പ്രതിഭാഗം ക്രിമിനല്‍ കോടതിയില്‍ അപ്പീലില്‍ പോവുകയും കോടതി വിധി സ്‌റ്റേ ചെയ്തതിന് പുറമെ വധശിക്ഷക്ക് വിധിക്കുകയും ചെയ്തു. ഇതിനെതിരെ എംബസിയും സഹായസമിതിയും അപ്പീല്‍ നല്‍കിയെങ്കിലും 2020 ജനുവരിയില്‍ അപ്പീല്‍ തള്ളി വധശിക്ഷ ശരിവെക്കുകയായിരുന്നു. 2022 ഓഗസ്റ്റില്‍ വിധിക്കെതിരെ നല്‍കിയ അപ്പീല്‍ സുപ്രിം കോടതി തള്ളുകയും നവംബറില്‍ വധശിക്ഷ ശരിവെച്ച് ഉത്തരവ് വരികയും ചെയ്തു.
അലി മിസ്ഫര്‍, ഉസാമ അബ്ദുല്ലത്തീഫ്, അലി അല്‍ഖഹ്താനി എന്നിവരായിരുന്നു അഭിഭാഷകര്‍. സൗദി ഭരണാധികാരിക്ക് ദയാഹരജിയും നല്‍കിയിട്ടുണ്ട്. വിവിധ സമയങ്ങളില്‍ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥനായ യൂസുഫ് കാക്കഞ്ചേരി കോടതിയില്‍ നേരിട്ട് ഹാജരായിരുന്നു.
ഇതിനിടയില്‍ കൊല്ലപ്പെട്ട കുട്ടിയുടെ പിതാവ് ഫായിസ് വാഹനാപകടത്തില്‍ മരിച്ചു. ഇതോടെ സഹോദരങ്ങളുടെ സത്യസാക്ഷ്യം വേണ്ടിവന്നു. മൂത്ത സഹോദരന്‍ സാമി തങ്ങളുടെ സഹോദരനെ കൊന്നത് അബ്ദുറഹീം ആണെന്ന് കോടതിയില്‍ സത്യം ചെയ്തു.
ഇളയസഹോദരനായ നവാഫ് 18 വയസ്സ് പൂര്‍ത്തിയായ ശേഷവും കോടതിയിലെത്തി സത്യം ചെയ്തു. കേസിലെ കാലതാസമത്തിന് ഇത് കാരണമായി. കുട്ടിയുടെ മാതാവും വധശിക്ഷക്കപ്പുറം ഒരു വിട്ടുവീഴ്ചക്കും തയ്യാറില്ലായിരുന്നു. ഇതിനിടെ റഹീം നിയമ സഹായ സമിതി സാധ്യമായ എല്ലാവഴികളിലും മാപ്പിനും ഇളവിനും ശ്രമിച്ചു. ഒടുവിലാണ് 15 മില്യന്‍ ദിയാപണത്തിലേക്ക് കുടുംബം എത്തിച്ചേര്‍ന്നത്.
26 -മത്തെ വയസ്സിലാണ് അബ്ദുറഹീം ഹൗസ് ഡ്രൈവര്‍ വിസയില്‍ റിയാദിലെത്തിയത്.
സ്‌പോണ്‍സര്‍ ഫായിസ് അബ്ദുല്ല അബ്ദുറഹ്മാന്‍ അല്‍ശഹ്‌രിയുടെ മകന്‍ അനസിനെ പരിചരിക്കലായിരുന്നു പ്രധാന ജോലി. തലക്ക് താഴെ യാതൊരു ചലനശേഷിയുമില്ലാത്ത അവസ്ഥയിലായിരുന്നു അനസ്. ഭക്ഷണവും വെള്ളവുമെല്ലാം നല്‍കിയിരുന്നത് കഴുത്തില്‍ പ്രത്യേകമായി ഘടിപ്പിച്ച ഉപകരണം വഴിയായിരുന്നു. എപ്പോഴും പ്രകോപിതനാകുമായിരുന്ന അനസിനെ പരിചരിക്കുന്നതിലെ പ്രയാസവും ഭയവും റഹീം ജോലിക്ക് കയറിയ അവസരത്തില്‍ വീട്ടില്‍ വിളിച്ചറിയിച്ചിരുന്നു. തന്റെ കഴിവിന്റെ പരമാവധി റഹീം അനസിനെ പരിചരിച്ചു. ഇടക്കിടെ വീല്‍ചെയറില്‍ പുറത്തും മാര്‍ക്കറ്റിലും കൊണ്ടുപോവുകയും ആവശ്യമായ സാധനങ്ങള്‍ വാങ്ങി തിരിച്ചു വീട്ടില്‍ കൊണ്ട് വരികയും ചെയ്തിരുന്നു.
2006 ഡിസംബര്‍ 24 ന് അനസിനെയും കൂട്ടി റഹീം ജി.എം.സി വാനില്‍ മാര്‍ക്കറ്റിലേക്ക് പോകവേ സുവൈദിയിലെ ട്രാഫിക് സിഗ്‌നലില്‍ പ്രകോപനമൊന്നുമില്ലാതെ വഴക്കിട്ടു. ട്രാഫിക് സിഗ്‌നല്‍ കട്ട് ചെയ്തു പോകാന്‍ അനസ് ബഹളം വെച്ചു. നിയമലംഘനം നടത്താന്‍ ആവില്ലെന്ന് അബ്ദുറഹീം പറഞ്ഞു. വാഹനവുമായി അടുത്ത സിഗ്‌നലില്‍ എത്തിയപ്പോള്‍ അനസ് വീണ്ടും ബഹളം വെക്കാന്‍ തുടങ്ങി. പിന്‍സീറ്റിലായിരുന്ന കുട്ടിയെ കാര്യം പറഞ്ഞു മനസ്സിലാക്കാന്‍ പിന്നോട്ട് തിരിഞ്ഞപ്പോള്‍ റഹീമിന്റെ മുഖത്തേക്ക് അനസ് പലതവണ തുപ്പി. കണ്ണിലായപ്പോള്‍ തടയാനായി ശ്രമിച്ച അബ്ദുറഹീമിന്റെ കൈ അബദ്ധത്തില്‍ അനസിന്റെ കഴുത്തില്‍ ഘടിപ്പിച്ച ഉപകരണത്തില്‍ തട്ടി. ഭക്ഷണവും വെള്ളവും നല്‍കാനായി ഘടിപ്പിച്ചിരുന്ന ഉപകരണത്തിലാണ് കൈ പതിച്ചത്. പിന്നീട് കുട്ടി ബോധരഹിതനാവുകയായിരുന്നു. യാത്ര തുടര്‍ന്ന റഹീം അനസിന്റെ ബഹളമൊന്നും കേള്‍ക്കാതെയായപ്പോള്‍ പന്തികേട് തോന്നി പരിശോധിച്ചപ്പോഴാണ് ചലനമറ്റ് കിടക്കുന്നതായി ബോധ്യപ്പെട്ടത്. ഉടന്‍ ബന്ധുവായ മുഹമ്മദ് നസീറിനെ വിളിച്ചുവരുത്തി. എന്ത് ചെയ്യണമെന്നറിയാതെ പകച്ചുപോയ ഇരുവരും പോലീസില്‍ വിവരമറിയിച്ചു. പോലീസെത്തി റഹീമിനെയും നസീറിനെയും കസ്റ്റഡിയിലെടുത്തു. നസീര്‍ പത്ത് വര്‍ഷത്തിന് ശേഷം ജാമ്യത്തിലിറങ്ങി. റഹീം വധശിക്ഷ കാത്ത് പബ്ലിക് ജയിലിലാണ് കഴിയുന്നത്.