ന്യൂയോർക്ക് ∙ 2023 ഒക്ടോബർ 7-ന് ഇസ്രായേൽ സൈന്യം ഗാസയിൽ ആക്രമണം തുടങ്ങിയതിനുശേഷം 18,000-ലേറെ കുട്ടികൾ കൊല്ലപ്പെട്ടതായി യൂനിസെഫ് വ്യക്തമാക്കി. ഇത് പ്രതിദിനം ശരാശരി 28 കുട്ടികളുടെ മരണമാണ്. “ഭക്ഷണ വിതരണ കേന്ദ്രങ്ങളിൽ വരിനിൽക്കുമ്പോഴോ വെള്ളം ശേഖരിക്കുമ്പോഴോ കുട്ടികളെ കൊല്ലരുത്,” യൂനിസെഫ് ഡെപ്യൂട്ടി എക്സിക്യൂട്ടീവ് ഡയറക്ടർ ടെഡ് ചൈബാൻ ന്യൂയോർക്കിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. 2023 ഒക്ടോബർ മുതൽ തന്റെ നാലാമത്തെ ഗാസ സന്ദർശനത്തിനുശേഷം, അവിടുത്തെ ഞെട്ടിക്കുന്ന കാഴ്ചകൾ തന്നെ അതീവ ആശങ്കയിലാഴ്ത്തുന്നതായി അദ്ദേഹം വ്യക്തമാക്കി.
ഗാസയിൽ മൂന്നിൽ ഒരാൾക്ക് ദിവസങ്ങളോളം ഭക്ഷണമില്ലാതെ കഴിയേണ്ടിവരുന്നു. 3,20,000-ലേറെ കൊച്ചുകുട്ടികൾ കടുത്ത പോഷകാഹാരക്കുറവിന്റെ ഭീഷണിയിലാണ്, പോഷകാഹാര സൂചിക പട്ടിണി പരിധി കവിഞ്ഞതായി യൂനിസെഫ് ചൂണ്ടിക്കാട്ടി. ഇസ്രായേൽ വ്യോമാക്രമണത്തിൽ പോഷകാഹാര വിതരണ കേന്ദ്രങ്ങളിൽ കൊല്ലപ്പെട്ട 10 കുട്ടികളുടെ കുടുംബങ്ങളെ ചൈബാൻ കണ്ടു. “ഇവർ പ്രകൃതിദുരന്തത്തിന്റെ ഇരകളല്ല; പട്ടിണിയിലാക്കപ്പെടുകയും ബോംബാക്രമണത്തിനും നാടുകടത്തലിനും ഇരയാകുകയാണ്,” അദ്ദേഹം പറഞ്ഞു. ഗാസയിലേക്ക് സഹായം വേഗത്തിലും മതിയായ അളവിലും എത്തുന്നില്ല, ഇത് വിനാശകരമായ പ്രതിസന്ധിയിലേക്ക് നയിക്കുമെന്ന് ചൈബാൻ മുന്നറിയിപ്പ് നൽകി.
കുടുംബങ്ങൾ പിഞ്ചുകുഞ്ഞുങ്ങൾക്ക് വേവിച്ച ഔഷധസസ്യങ്ങൾ, ചായ, റൊട്ടി, അല്ലെങ്കിൽ എള്ള് പൊടിച്ച് നൽകി വിശപ്പടക്കാൻ ശ്രമിക്കുന്നതായി ഗാസയിലെ ആരോഗ്യ ഉദ്യോഗസ്ഥരും ദുരിതാശ്വാസ പ്രവർത്തകരും റോയിട്ടേഴ്സിനോട് വ്യക്തമാക്കി. മാതാപിതാക്കൾ തിളപ്പിച്ച ഇലകളും കാലിത്തീറ്റയും കഴിക്കുന്നു; ചിലർ മണൽ പൊടിച്ച് മാവാക്കി മാറ്റിയതായും എയ്ഡ് ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ഇത്തരം ഖരഭക്ഷണം നേരത്തെ നൽകുന്നത് കുഞ്ഞുങ്ങളുടെ ദഹനസംവിധാനത്തെ തകരാറിലാക്കുകയും ശ്വാസംമുട്ടൽ പോലുള്ള ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുകയും ചെയ്യുമെന്ന് ശിശുരോഗ വിദഗ്ധർ മുന്നറിയിപ്പ് നൽകി. “മുലയൂട്ടലോ ബേബി ഫോർമുലയോ നൽകാൻ കഴിയാത്ത അമ്മമാർ, കടല, റൊട്ടി, അരി എന്നിവ പൊടിച്ച് കുഞ്ഞുങ്ങൾക്ക് നൽകുന്നു. ഇത് അവരുടെ ആരോഗ്യത്തെ അപകടത്തിലാക്കുന്നു,” യൂനിസെഫ് വക്താവ് സലിം ഉവൈസ് പറഞ്ഞു.