അജ്‌മാൻ– രണ്ട് പതിറ്റാണ്ടിലേറെയായി യുഎഇയിൽ വ്യാജ സ്ഥാപനങ്ങൾ സ്ഥാപിച്ച് കോടികൾ തട്ടിയെടുത്ത കർണാടക സ്വദേശി മൊയ്തീനബ്ബ ഉമ്മർ ബ്യാരിയെ, ഒടുവിൽ നിയമക്കുരുക്കിലാക്കിയതിന് പിന്നിൽ ഒരു ഇന്ത്യൻ യുവതിയുടെ അവിസ്മരണീയമായ നിയമപോരാട്ടമാണ്.
2013-ൽ ഇന്റർപോൾ റെഡ് നോട്ടീസ് പുറപ്പെടുവിച്ച പ്രതിയെ അജ്‌മാൻ ഫെഡറൽ കോടതി കഴിഞ്ഞ മാസം കുറ്റക്കാരനെന്ന് പ്രഖ്യാപിക്കുകയും 37,878 ദിർഹം(8.6 ലക്ഷം രൂപ) തട്ടിയ കേസിൽ ശിക്ഷ വിധിക്കുകയും ചെയ്തു. മുംബൈയിലേക്കാണ് പ്രതിയെ നാടുകടത്തിയത്.
ഷാഹിന ഷബീർ എന്ന യുവതിയിൽ നിന്നായിരുന്നു മൊയ്തീനബ്ബ വ്യാജ ചെക്ക് ഉപയോഗിച്ച് പണം തട്ടിയെടുത്തത്. കഴിഞ്ഞ ജൂണിൽ ഇവരുടെ ഉടമസ്ഥതയിലുള്ള പെൻപാൽ ട്രേഡിങ് കമ്പനി വഴി, മൊയ്തീനബ്ബയുടെ സെവൻ എമിറേറ്റ്സ് സ്‌പൈസസ് എന്ന സ്ഥാപനത്തിന് ഹോസ്‌പിറ്റാലിറ്റി സാധനങ്ങൾ വിതരണം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് തട്ടിപ്പ് നടന്നത്.
“ഞാനിത് എനിക്ക് വേണ്ടി മാത്രം ചെയ്തതല്ല, മറ്റ് ചെറിയ ബിസിനസ് ഉടമകൾ തിരിച്ചടി നേരിടുമ്പോൾ അതിനെതിരെ പോരാടാൻ തയാറാവണം എന്ന് കാണിക്കാൻ വേണ്ടികൂടിയാണ് ചെയ്‌തത്. തട്ടിപ്പ് ഇവിടെ വച്ചുപൊറുപ്പിക്കില്ല എന്ന വ്യക്‌തമായൊരു സന്ദേശം കൂടിയാണ് ഈ വിധി നൽകുന്നത്. ഷാഹിന ബഷീർ മാധ്യമങ്ങളോട് പറഞ്ഞു.
കോടതി ഷാഹിനയ്ക്ക് 41,878 (ഏകദേശം 10 ലക്ഷം രൂപ)ദിർഹം നഷ്ടപരിഹാരമായി നൽകാൻ ഉത്തരവിട്ടു. മോയ്തീനബ്ബയ്‌ക്കൊപ്പം തട്ടിപ്പിൽ പങ്കാളിയായ മറ്റൊരു പ്രതിക്കും ഈ തുക നൽകേണ്ടി വരും.
മൊയ്തീനബ്ബയുടെ തട്ടിപ്പിൻ്റെ രീതി വളരെ ലളിതവും ഫലപ്രദവുമാണെന്ന് കണ്ടെത്തി. ഇയാൾ ഓഫിസ് സ്‌ഥലങ്ങളും ട്രേഡ് ലൈസൻസുമുള്ള നിയമപരമായി തോന്നിക്കുന്ന സ്‌ഥാപനങ്ങൾ ആരംഭിക്കും. അതിന് ശേഷം ജീവനക്കാരനായി സ്വയം പരിചയപ്പെടുത്തും. വ്യാജ ചെക്കുകൾ നൽകി സാധനങ്ങൾ നേടിയ ശേഷം സ്ഥാപനത്തിൻ്റെ ഉടമകളായി അവതരിപ്പിച്ചവരെ വേഗത്തിൽ രാജ്യത്തിന് പുറത്തേക്ക് അയയ്ക്കും. അതിനിടയിൽ, സാധനങ്ങൾ മറ്റ് കക്ഷികൾക്ക് വിൽക്കുകയും ചെയ്യും


ഈ തട്ടിപ്പുമായി ബന്ധപ്പെട്ട് റോയൽ ജനറൽ ട്രേഡിങ്, ബ്രസ ജനറൽ ട്രേഡിങ്, ലൈഫ്‌ലൈൻ സർജിക്കൽ ട്രേഡിങ്, സലിം ഇലക്ട്രിക്കൽ ഡിവൈസസ് ,ഉൾപ്പെടെ ഡസൻ കണക്കിന് സ്‌ഥാപനങ്ങളുമായി മൊയ്‌തീനബ്ബയ്ക്ക് ബന്ധമുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
2016-ൽ തന്നെ 60,000 ദിർഹമിന്റെ നഷ്ടം സംഭവിച്ചുവെന്ന് മറ്റ് ബിസിനസ് ഉടമകളും വെളിപ്പെടുത്തിയിട്ടുണ്ട്.
2023 ഓഗസ്റ്റിൽ അറസ്റ്റ് ചെയ്യപ്പെട്ട മൊയ്തീനബ്ബ, ജൂൺ 16ന് ശിക്ഷിക്കപ്പെടുകയും ജൂൺ 20ന് ഇന്ത്യയിലേക്ക് നാടുകടത്തപ്പെടുകയും ചെയ്‌തു. ഇന്ത്യയിലെ എൻഐഎ ഇയാൾക്കെതിരെ കള്ളനോട്ട് കേസിൽ അന്വേഷണം ആരംഭിച്ചു. ഇന്റർപോളിന്റെ സഹകരണത്തോടെ ഇന്ത്യയിലെ സിബിഐ ആണ് ഇയാളെ കണ്ടത്തിയത്.
ഈ കേസിൽ, ഇന്ത്യൻ യുവതിയുടെ ധൈര്യവും നിയമത്തിലുള്ള അടിയുറച്ച വിശ്വാസവുമാണ്, വലിയ തട്ടിപ്പുകാരനെ ഒടുവിൽ വേട്ടയാടാൻ വഴിയൊരുക്കിയത്.