അറാർ- സ്പോൺസറുടെ നിരന്തര മർദനത്തെ തുടർന്ന് മരൂഭൂമിയിലെ ആട്ടിടയന്റെ ജോലി ഉപേക്ഷിച്ച് രക്ഷപ്പെട്ടോടി പിടിയിലായ യുപി സ്വദേശി സോനു ശങ്കറിനെ സാമൂഹ്യ പ്രവർത്തകർ ഇടപെട്ട് ജയിൽ മോചിതനാക്കി നാട്ടിലേക്കയച്ചു. അറാറിൽ നിന്നും റിയാദ് റോഡിൽ 180 കിലോമീറ്റർ അകലെയുള്ള മരുഭൂമിയിൽ കഴിഞ്ഞ 13 മാസമായി ആട്ടിടയനായി ജോലി ചെയ്തു വരികയായിരുന്നു. കനത്ത ചൂടിൽ ആട് ചത്തതിനെ ചൊല്ലി സ്പോൺസർ മർദിക്കുകയായിരുന്നുവെന്ന് സോനു പറയുന്നു. ഇത് സഹിക്കാനാകാതെയാണ് മരുഭൂമിയിൽ നിന്ന് ഓടി രക്ഷപ്പെട്ടത്.
രണ്ട് രാത്രികളും ഒരു പകലും ഓടിയും നടന്നുമാണ് ഹൈവേയിൽ എത്തിയതെന്നും കുടിക്കാൻ പോലും വേണ്ടത്ര വെള്ളം കൈവശമുണ്ടായിരുന്നില്ലെന്നും സോനു പറയുന്നു. തുടർന്ന് പൊലീസ് കസ്റ്റഡിയിലായി. നാലു ദിവസം തടവിൽ കഴിഞ്ഞു. തുടർന്ന് സൗദി വടക്കൻ പ്രവിശ്യ ഇന്ത്യൻ എംബസി പ്രതിനിധിയും, ലോക കേരള സഭ അംഗവും, അറാർ പ്രവാസി സംഘം പ്രസിഡന്റുമായ സക്കീർ താമരത്ത് ഇടപെടലിന്റെ ഫലമായി സോനു മോചിതനായി. അറാറിൽ നിന്നും റിയാദ് വഴി ഡൽഹിയിൽ എത്താനുള്ള യാത്രാ ടിക്കറ്റും രേഖകളും സോനുവിന് നൽകി. നാലു മക്കളുടെ പിതാവായ സോനു ശങ്കർ ജീവൻ തിരുച്ചു കിട്ടിയ സന്തോഷത്തിൽ സഹായിച്ചവരോട് നന്ദി പറഞ്ഞാണ് നാട്ടിലേക്ക് വിമാനം കയറിയത്.