തൃശൂർ– സംസ്ഥാനത്ത് മുപ്പതിനായിരത്തോളം കുറുക്കന്മാരുണ്ടെന്ന് ആരണ്യകം നേച്ചർ ഫൗണ്ടേഷൻ റിപ്പോർട്ട്. സംരക്ഷിത വനം മേഖലയിൽ ഇവയുടെ സാന്നിദ്ധ്യം വളരെ കുറവാണെങ്കിലും നഗരമേഖലകളിലും ഗ്രാമപ്രദേശങ്ങളിലും ഇവയുടെ സാന്നിദ്ധ്യമുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ഇവ തെരുവു നായ്ക്കളുമായി ഇണചേരുന്നതിനാൽ ജനിതകമാറ്റത്തിന് സാധ്യതയുണ്ടെന്നും പഠനത്തിൽ കണ്ടെത്തി. കേരളത്തിലെ 1666 വില്ലേജുകളിൽ 1066 കുറുക്കന്റെ സാന്നിദ്ധ്യമുണ്ടാകാമെന്നും 874 വില്ലേജുകളിൽ ഇവയുടെ സാന്നിദ്ധ്യം ചിത്രങ്ങളും ജിപിഎസും സഹിതം പഠനം സ്ഥിരീകരിച്ചു.
ഡോ.പിഎസ് ഈസ, എസ് ധ്രുവരാജ്, ഡോ.സന്ദീപ് ദാസ് എന്നിവരുടെ നേതൃത്വത്തിലാണ് പഠനം നടത്തിയത്. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, എറണാകുളം, തിരുവനന്തപുരം, തൃശൂർ എന്നീ ജില്ലകളിലാണ് ഇവയെ കൂടുതലായി കാണാറുള്ളത്. രാസകീടനാശിനികളുടെ അമിത ഉപയോഗം കാരണം വയനാട്ടിൽ പലയിടത്തും കുറുക്കന്മാർ അപ്രത്യക്ഷരായെന്നും റിപ്പോർട്ടിൽ പറയുന്നു. കേരളത്തിലെ കുറുക്കന്മാർ ഭീഷണികൾ നേരിടുന്നതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടി.