ദോഹ– ഫലസ്തീനിൽ പട്ടിണി കിടന്നു മരിച്ച കുഞ്ഞുങ്ങളുടെ മൃതശരീരങ്ങളുടെ മുകളിൽ എന്ത് ഭാവിയാണ് പടുത്തുയർത്താൻ കഴിയുകയെന്ന് ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അഹ്ദുറഹ്‌മാൻ ബിൻ ജാസിം അൽതാനി. ഐക്യരാഷ്ട്ര സഭയുടെ പൊതുസഭാ സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ രണ്ടു വർഷമായി ഗാസ മുനമ്പിൽ ഇസ്രായിൽ നടത്തുന്ന യുദ്ധം 20 ലക്ഷത്തോളം ആളുകളെ ബാധിക്കുന്ന മാനുഷിക ദുരന്തമായി മാറിയരിക്കുകയാണ്.ബാധിക്കപ്പെട്ടവരിൽ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്. വിശന്നു വലഞ്ഞ സാധാരണക്കാർ ഒരു കഷ്ണം റൊട്ടിക്കും, കുട്ടികൾക്ക് ഭക്ഷണത്തിനുമായി വരി നിൽക്കുമ്പോൾ കൊല്ലപ്പെടുന്ന ദൃശ്യങ്ങൾക്ക നമ്മൾ സാക്ഷ്യം വഹിച്ചുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഗാസയിലെ ദ്വിരാഷ്ട്ര പ്രശ്നത്തിന് യുഎൻ സമ്മേളനം പ്രതീക്ഷയാണ്. ഫലസ്തീൻ പ്രശ്നപരിഹാരത്തിൽ സമാധാനപരമായ പരിഹാരത്തിന് അന്താരാഷ്ട്ര സമൂഹം ഉത്തരവാദിത്തം ഏറ്റെടുക്കണം. ഈ സമ്മേളനം പ്രതീക്ഷയുടെ തിരിനാളമാണ്, ഫലസ്തീനിൽ നമ്മൾ ഭയാനകരമായ നിമിഷങ്ങൾക്കാണ് സാക്ഷ്യം വഹിക്കുന്നത്.
ഫലസ്തീനികളെ മാറ്റിപ്പാർപ്പിക്കുന്നതും, പ്രദേശത്തിന്റെ ജനസംഖ്യാഘടനയിൽ മാറ്റം വരുത്താൻ ലക്ഷ്യമിട്ടുള്ള എല്ലാ നടപടികളും അവസാനിപ്പിക്കുക, മാനുഷിക സഹായങ്ങൾക്ക് എതിരെയുള്ള ഉപരോധം, എന്നീ കാര്യങ്ങൾക്ക് സമ്മേളനം വഴിത്തിരിവാകുമെന്ന് പ്രതീക്ഷിക്കുന്നതായും, മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ ഖത്തറിന്റെ പിന്തുണ ഉണ്ടാകുമെന്നും ഖത്തർ പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ സമ്മേളനം വിളിച്ചു ചേർക്കാൻ മുൻകൈയെടുത്ത ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനും സൗദി അറേബ്യ കിരീട അവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽസഊദിനും ഖത്തർ പ്രധാനമന്ത്രി നന്ദി അറിയിച്ചു.