തൃശൂർ – ഇരിങ്ങാലക്കുട മൂർക്കനാട് ഇരട്ടകൊലപാതകക്കേസിൽ രണ്ട് പേർ കൂടി അറസ്റ്റിൽ. മണ്ണുത്തി പോലീസ് കാപ്പ ചുമത്തിയിട്ടുള്ള മാടക്കത്തറ വടക്കൂട്ട് വീട്ടിൽ ദിനേഷ് എന്ന കുട്ടൻ (24) , നിരവധി കേസുകളിൽ പ്രതിയായ പുല്ലൂർ തുറവൻകാട് തൈവളപ്പിൽ വീട്ടിൽ അഭിഷേക് എന്ന ടുട്ടു ( 28 ) എന്നിവരെയാണ് ഡിവൈഎസ്പി കുഞ്ഞുമൊയ്തീൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇതോടെ മൂർക്കനാട് ശിവക്ഷേത്ര ഉൽസവത്തിൻ്റെ ആറാട്ടിൻ്റെ സമയത്ത് ഇരുവിഭാഗം യുവാക്കൾ പൂർവ വൈരാഗ്യത്തിൻ്റെ പേരിൽ ഏറ്റുമുട്ടുകയും രണ്ട് പേർ മരിക്കുകയും ചെയ്ത സംഭവത്തിൽ അറസ്റ്റിൽ ആയവരുടെ എണ്ണം ഒൻപത് ആയി. .പ്രായപൂർത്തിയാകാത്ത ഒരു കൗമാരക്കാരനും ആദ്യം പിടിയിൽ ആയിരുന്നു. കത്തിക്കുത്തിൽ സംഭവസ്ഥലത്ത് വച്ച് തൃശ്ശൂർ അരിമ്പൂർ വെളുത്തൂർ സ്വദേശി അക്ഷയ് (21) , ചികിൽസയിൽ ആയിരുന്ന ആനന്ദപുരം സ്വദേശി പൊന്നയത്ത് വീട്ടിൽ സന്തോഷ് (40) എന്നിവരാണ് മരണമടഞ്ഞത്. കൂടുതൽ പ്രതികൾ സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പോലീസ് നൽകുന്ന സൂചന.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group