റായ്പൂർ – ഛത്തീസ്ഗഡിൽ മനുഷ്യക്കടത്തും നിർബന്ധിത മതപരിവർത്തനവും ആരോപിച്ച് അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളെതിരെ ഗുരുതര കുറ്റങ്ങൾ ചുമത്തിയതായി റിപ്പോർട്ട്. സിസ്റ്റർ പ്രീതി ഒന്നാം പ്രതിയും, സിസ്റ്റർ വന്ദന രണ്ടാം പ്രതിയുമാണ്. ഇരുവരുക്കുമെതിരേ ചുമത്തിയിരിക്കുന്ന നിയമങ്ങൾ പ്രകാരം പരമാവധി പത്തുവർഷം വരെ തടവുശിക്ഷ ലഭിക്കാവുന്നതാണ്.
നിർബന്ധിത മതപരിവർത്തന നിരോധന നിയമം, ബി.എൻ.എസ് സെക്ഷൻ 143 എന്നിവയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. പത്തുവർഷം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണിത്. പത്തുവയസ്സിൽ താഴെയുള്ള പെൺകുട്ടികളെ ജോലിക്കായി കൂട്ടിക്കൊണ്ടുപോയതിലും മതപരിവർത്തന ശ്രമം നടത്തി എന്നുമാണ് എഫ്ഐആർ റിപ്പോർട്ട്.
വെള്ളിയാഴ്ചയാണ് ദുര്‍ഗിൽ ബജ്‌റങ്ദൾ പ്രവർത്തകർ റെയിൽവേ സ്റ്റേഷനിൽ കന്യാസ്ത്രീകളെ തടഞ്ഞത്. ആകെ മൂന്ന് പെൺകുട്ടികളുമായാണ് ഇവർ എത്തിയത്. ചോദ്യം ചെയ്യലിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പോലീസിന്റെ സാന്നിധ്യത്തിലായിരുന്നു ബജ്‌റങ്ദൾ പ്രവർത്തകരുടെ ചോദ്യം ചെയ്യൽ അരങ്ങേറിയത്. കന്യാസ്ത്രീകളുടെ ബാഗുകൾ പോലും ഇവർ പരിശോധിച്ചതായാണ് ദൃശ്യങ്ങളിൽ വ്യക്തമാകുന്നത്.
അറസ്റ്റിലായ രണ്ട് കന്യാസ്ത്രീകളും നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. സഭയുടെ പിന്തുണയോടെ ഇരുവരും ജാമ്യം തേടുകയാണ്. ഇന്ന് രാവിലെ 11 മണിയോടെയാണ് കോടതി ജാമ്യഹർജി പരിഗണിക്കുക.
20 വർഷത്തിലധികമായി ഉത്തരേന്ത്യയിൽ നഴ്‌സായി സേവനം അനുഷ്ഠിക്കുന്ന സിസ്റ്റർ പ്രീതിയെ പിടികൂടിയത് കൃത്രിമ ആരോപണങ്ങളിലൂടെയാണെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. നാട്ടിൽ നിന്ന് രണ്ടു മാസം മുൻപാണ് ഇവർ തിരിച്ചുപോയതെന്നും ഇപ്പോൾ പുറത്ത് പോവാൻ പോലും കഴിയാത്ത സാഹചര്യമാണെന്നും കുടുംബം പറഞ്ഞു.
മൂന്നു പെൺകുട്ടികളും പ്രായപൂർത്തിയായവരാണെന്നും മാതാപിതാക്കളുടെ സമ്മതത്തോടെ ജോലിക്ക് പോയവരാണെന്നും ബന്ധുക്കൾ വ്യക്തമാക്കി. റെയിൽവേ സ്റ്റേഷനിൽ കുട്ടികളുടെ മാതാപിതാക്കൾ ഉണ്ടായിരുന്നു എന്നും എല്ലാ രേഖകളും പൊലീസിന് കൈമാറിയിട്ടും അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നും കുടുംബം ആരോപിച്ച.
കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത വിഷയത്തില്‍ കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ഉള്‍പ്പെടെ ശക്തമായി രംഗത്തുവന്നു. വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചതായും റിപ്പോർട്ടുണ്ട്. ബെന്നി ബെഹ്നാനും ഹൈബി ഈടനും ലോക്‌സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിട്ടുണ്ട്.