കുവൈത്ത് സിറ്റി: കുവൈത്ത് മന്ത്രിസഭ രാജിവച്ചു. പ്രധാനമന്ത്രി പ്രധാനമന്ത്രി ഷെയ്ഖ് ഡോ. മുഹമ്മദ് സബാഹ് അൽ-സലേം അൽ-സബാഹ് രാജിക്കത്ത് അമീർ ശൈഖ് മിശ്അൽ അൽഅഹ്മദ് അൽജാബിർ അൽസ്വബാഹിന് കൈമാറി. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് രാജിക്കത്ത് കൈമാറിയത്. ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആക്ടിംഗ് ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ-സബാഹ് തിരഞ്ഞെടുപ്പ് പ്രക്രിയയെക്കുറിച്ചും തിരഞ്ഞെടുപ്പിൻ്റെ അന്തിമ ഫലപ്രഖ്യാപനത്തെക്കുറിച്ചും കാബിനറ്റിൽ വിശദീകരിച്ചു.
പുതുതായി തിരഞ്ഞെടുക്കപ്പെട്ട എല്ലാ എംപിമാരെയും മന്ത്രിസഭ അഭിനന്ദിച്ചു. കുവൈത്ത് പാർലമെന്റ് തെരഞ്ഞെടുപ്പിൽ പിരിച്ചുവിടപ്പെട്ട പാർലമെന്റിലെ 38 അംഗങ്ങൾക്ക് വിജയം. മുൻ പാർലമെന്റിലെ ഏക സീറ്റ് വനിതകൾ നിലനിർത്തി. വാശിയേറിയ തെരഞ്ഞെടുപ്പിൽ വിജയിച്ച അമ്പത് അംഗങ്ങളിൽ 38 പേരും പിരിച്ചുവിടപ്പെട്ട പാർലമെന്റിലെ അംഗങ്ങൾ തന്നെയാണ്. സ്പീക്കർ അഹ്മദ് അൽസഅദൂൻ, 2023 പാർലമെന്റ് അംഗവും 2020 പാർലമെന്റ് സ്പീക്കറുമായ മർസൂഖ് അൽഗാനിം, മുൻ മന്ത്രിയും വനിതകളുടെ ഏക സീറ്റ് നിലനിർത്തുകയും ചെയ്ത ജനാൻ ബൂശഹ്‌രി എന്നിവരാണ് വിജയികളിൽ ഏറ്റവും പ്രശസ്തർ. 2023 പാർലമെന്റ് തെരഞ്ഞെടുപ്പിൽ വിജയിച്ച ഏക വനിതയായിരുന്നു ജനാൻ ബൂശഹ്‌രി.
കഴിഞ്ഞ ഡിസംബറിൽ അധികാരമേറ്റ അമീർ ശൈഖ് മിശ്അൽ അൽഅഹ്മദ് അൽജാബിർ അൽസ്വബാഹിന്റെ കാലത്ത് നടക്കുന്ന ആദ്യ പാർലമെന്റ് തെരഞ്ഞെടുപ്പാണിത്. പത്തു മാസത്തിനിടെ കുവൈത്തിൽ നടക്കുന്ന രണ്ടാമത്തെ തെരഞ്ഞെടുപ്പാണിത്. കഴിഞ്ഞ ജൂണിലും രാജ്യത്ത് പാർലമെന്റ് തെരഞ്ഞെടുപ്പ് നടന്നിരുന്നു. 2022 നു ശേഷം രാജ്യത്ത് നടക്കുന്ന രണ്ടാമത്തെയും അഞ്ചു വർഷത്തിനിടെ നടക്കുന്ന അഞ്ചാമത്തെയും തെരഞ്ഞെടുപ്പാണിത്. ഭരണഘടനാ തത്വങ്ങൾ ലംഘിച്ചെന്ന് പറഞ്ഞ് ഫെബ്രുവരി 15 ന് ആണ് കുവൈത്ത് അമീർ പാർലമെന്റ് പിരിച്ചുവിട്ടത്.
ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ 5,18,000 ഓളം പേർ സമ്മതിദാനാവകാശം വിനിയോഗിച്ചു. പോളിംഗ് ശതമാനം 62.10 ആയിരുന്നു. കുവൈത്തിന്റെ ചരിത്രത്തിൽ വിശുദ്ധ റമദാനിൽ നടക്കുന്ന രണ്ടാമത്തെ തെരഞ്ഞെടുപ്പായിരുന്നു ഇത്തവണത്തെത്. 2013 ലും റമദാനിലാണ് തെരഞ്ഞെടുപ്പ് നടന്നത്. വ്യാഴാഴ്ചയായിരുന്നു വോട്ടെടുപ്പ്. നോമ്പുതുറ സമയത്തിനു ശേഷവും വോട്ടർമാർ പോളിംഗ് ബൂത്തുകളിലെത്തി. അർധരാത്രിയാണ് പോളിംഗ് സ്റ്റേഷനുകൾ അടച്ചത്. ഇന്നലെ പുലർച്ചെയോടെ വോട്ടെണ്ണൽ ആരംഭിച്ചു
50 അംഗ പാർലമെന്റിലേക്ക് വിജയിച്ച 29 പേരും പ്രതിപക്ഷ സ്ഥാനാർഥികളാണ്. ഇത് കഴിഞ്ഞ വർഷത്തെ തെരഞ്ഞെടുപ്പ് ഫലവുമായി പൊരുത്തപ്പെടുന്നു. തെരഞ്ഞെടുപ്പിൽ ശിയാക്കൾ എട്ടു സീറ്റുകളിൽ വിജയിച്ചു. കഴിഞ്ഞ വർഷത്തെ തെരഞ്ഞെടുപ്പിനെക്കാൾ ഒരു സീറ്റ് കൂടുതൽ ശിയാക്കൾ നേടി. മുസ്‌ലിം ബ്രദർഹുഡിന്റെ കുവൈത്ത് ശാഖയായ ഇസ്‌ലാമിക് കോൺസ്റ്റിറ്റിയൂഷനൽ മൂവ്‌മെന്റ് സീറ്റുകൾ മൂന്നിൽ നിന്ന് ഒന്നായി ചുരുങ്ങി.
പൊതുതെരഞ്ഞെടുപ്പിലൂടെ കണ്ടെത്തുന്ന 50 അംഗങ്ങൾ അടങ്ങിയതാണ് പാർലമെന്റ്. അഞ്ചു തെരഞ്ഞെടുപ്പ് മണ്ഡലങ്ങളിൽ നിന്ന് പത്തു അംഗങ്ങളെ വീതമാണ് തെരഞ്ഞെടുക്കുന്നത്. ആദ്യ യോഗം മുതൽ നാലു വർഷമാണ് പാർലമെന്റിന്റെ കാലാവധി. പ്രധാനമന്ത്രിയെയും മന്ത്രിമാരെയും കുറ്റവിചാരണ ചെയ്യാനും മന്ത്രിമാർക്കെതിരായ അവിശ്വാസ പ്രമേയത്തിൽ വോട്ടെടുപ്പ് നടത്താനുമുള്ള ശേഷി അടക്കം വിപുലമായ അധികാരങ്ങൾ പാർലമെന്റിലുണ്ട്.