അബുദാബി– യുഎഇയിൽ പാപ്പർ കോടതി വരുന്നു. തിരിച്ചടവിന് ശേഷിയില്ലാതെ പാപ്പരായവരുടെ കേസുകൾ കൈകാര്യം ചെയ്യാൻ അബുദാബി ഫെഡറൽ കോടതിക്ക് കീഴിലായിരിക്കും പുതിയ പാപ്പരത്ത കോടതി. അബുദാബി ഫെഡറൽ കോർട്ട് ഓഫ് ഫസ്റ്റ് ഇൻസ്റ്റൻസ് ആസ്ഥാനമായാണ് പ്രവർത്തിക്കുക.
രാജ്യത്തെ ഏതെങ്കിലും ഒരു എമിറേറ്റിൽ കോടതിയുടെ ഒന്നോ അതിലധികമോ ശാഖകൾ സ്ഥാപിക്കും. ഹർജികളിലും തർക്കങ്ങളിലും അബുദാബി ഫെഡറൽ കോടതിയുടെ അതേ അധികാരം ശാഖകളായിപ്രവർത്തിക്കുന്ന കോടതികൾക്കുമുണ്ടാകും. ഫെഡറൽ ജുഡീഷ്യറി കൗൺസിൽ നിയമിക്കുന്ന പ്രസിഡന്റും വിദഗ്ധരായ ജഡ്ജിമാരും കോടതിയിലുണ്ടാവും.
അപേക്ഷകൾ, എതിർഹർജികൾ,പരാതികൾ എന്നിവ സ്വീകരിക്കുന്നതിനും അപേക്ഷകൾ രജിസ്റ്റർ ചെയ്യുന്നതിനും അറിയിപ്പുകൾ നൽകുന്നതിനും പാപ്പരത്ത വകുപ്പും സ്ഥാപിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെരേഖകളും ഒത്തുതീർപ്പുകളുമെല്ലാം ഈ വകുപ്പ് പരിശോധിക്കും. കോടതിയുടെ പരിധിയിൽ പാപ്പരത്ത വിദഗ്ധർക്കും കൺസൾട്ടന്റുമാർക്കും പ്രത്യേക വ്യവസ്ഥകൾ ഉണ്ടായിരിക്കും
കടക്കാരന്റെ ഫണ്ടുകളും ബിസിനസുകളും കൈകാര്യം ചെയ്യുന്നതിനും മുൻകരുതൽ നടപടികൾ നടപ്പാക്കുന്നതിനും നടപടിക്രമങ്ങൾ വേഗത്തിലാക്കുന്നതിനും കടക്കാരുമായി കൂടിക്കാഴ്ചനടത്തുന്നതിനും കടക്കാരന്റെയോ അവരുടെ പ്രതിനിധിയുടെയോ കടങ്ങൾ, ഫണ്ടുകൾ അല്ലെങ്കിൽ ബിസിനസുകൾ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അവരുടെ അഭിപ്രായം കേൾക്കുന്നതിനും വിദഗ്ധർ സഹായിക്കും.
നീതിന്യായ മന്ത്രിയും ഫെഡറൽ ജുഡീഷ്യറി കൗൺസിൽ ചെയർമാനുമായ അബ്ദുല്ല സുൽത്താൻ ബിൻ അവാദ് അൽ നുഐമിയാണ് പാപ്പരത്ത കോടതി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പ്രഖ്യാപനം നടത്തിയത്. സാമ്പത്തിക വളർച്ചയുടെ തുടർച്ച ഉറപ്പാക്കുന്നതിനൊപ്പം സാമ്പത്തിക സ്ഥിരതയെ പിന്തുണയ്ക്കുന്ന നിയമാന്തരീക്ഷംസ്ഥാപിക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പാണ് കോടതിയെന്ന് നീതിന്യായ മന്ത്രാലയം അധികൃതർ വിശദീകരിച്ചു.