മനാമ– മുഹറഖിൽ ഇൻഷുറൻസില്ലാത്ത വാഹനമിടിച്ച് തകർന്ന ആഡംബര കാറിന്റെ ഉടമക്ക് 7,000 ബഹ്‌റൈൻ ദിനാർ (ഏകദേശം 16 ലക്ഷം ഇന്ത്യൻ രൂപ) നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് കോടതി. 26കാരിയായ ബഹ്‌റൈൻ യുവതിയോടാണ് കോടതി നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടത്. ഇവരുടെ കാർ നിയന്ത്രണം വിട്ട് പരാതിക്കാരന്റെ വാഹനത്തിലും ട്രാഫിക് സിഗ്നലിലും ഇടിക്കുകയായിരുന്നു. രണ്ടു കാറുകൾക്കും കേടുപാടുകൾ സംഭവിച്ചു. അവ പൂർണമായി നശിച്ചതിനാൽ എസ്‌യുവിയുടെ ഉടമ യുവതിയോട് നഷ്ടപരിഹാരം ആവശ്യപ്പെട്ടു. എന്നാൽ അവർ പണം നൽകാൻ വിസമ്മതിച്ചതിനെ തുടർന്നാണ് കോടതിയെ സമീപിച്ചത്.
പരാതിക്കാരനെ പ്രതിനിധീകരിച്ച അഭിഭാഷകൻ സഹേദ സയ്യിദ് അഹ്‌മദ് 8775 ദിനാർ നഷ്ടപരിഹാരം വേണമെന്നാണ് ആവശ്യപ്പെട്ടത്. കാറിന് 7500 ദിനാർ, ഫീസ് 500 ദിനാർ, മൂല്യനിർണയ ഫീസ് 225 ദിനാർ, വൈകാരിക നഷ്ടത്തിന് 500 ദിനാർ എന്നിങ്ങനെയായിരുന്നു അവതരിപ്പിച്ചത്. എന്നാൽ കോടതി കാറിന് 6688 ദിനാർ വില നിശ്ചയിക്കുകയും ഫീസ് 100 ദിനാറായി പരിമിതപ്പെടുത്തി 7023 ദിനാർ നഷ്ടപരിഹാരം നൽകാൻ വിധിക്കുകയായിരുന്നു.