മസ്കത്ത്– ദുഖ്മിലെ ടൂറിസം പദ്ധതികൾക്കായി ലഭിച്ച നിക്ഷേപതുക 853 ദശലക്ഷം ഒമാനി റിയാലെന്ന് റിപ്പോർട്ട്. ദുഖ്മിലെ ടൂറിസം നിക്ഷേപങ്ങളുടെ പട്ടികയിൽ 21 ഹോട്ടലുകളും 10 ഹോട്ടൽ അപ്പാർട്ടുമെന്റുകളും കൂടാതെ, ഹോട്ടലുകൾ, വില്ലകൾ, ഹോട്ടൽ അപ്പാർട്ടുമെന്റുകൾ എന്നിവ ഉൾപ്പെടുന്ന ഒരു മൾട്ടി-ഫെസിലിറ്റി ടൂറിസം പ്രോജക്റ്റ് എന്നിവയും ഉൾപ്പെടുന്നുണ്ട്. മേഖലയിലെ ടൂറിസം സേവനങ്ങൾക്കായുള്ള വർധിച്ചുവരുന്ന ആവശ്യം, വിനോദസഞ്ചാരികളുടെയും സന്ദർശകരുടെയും എണ്ണം വർധിക്കുന്നത്, ഊർജ്ജസ്വലമായ ബിസിനസ് അന്തരീക്ഷം, പ്രത്യേക സാമ്പത്തിക മേഖലകൾക്കും സ്വതന്ത്ര മേഖലകൾക്കുമുള്ള പൊതു അതോറിറ്റി നൽകുന്ന സൗകര്യങ്ങളും പ്രോത്സാഹനങ്ങളുമാണ് ഈ വളർച്ചക്ക് പിന്നിൽ.
ദുഖ്മിൽ നിലവിൽ നിർമ്മാണത്തിലിരിക്കുന്ന 11 പദ്ധതികളും നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാനിരിക്കുന്ന അഞ്ച് പദ്ധതികളുമാണ് ഉൾപ്പെടുന്നത്. ദുഖ്മിലെ പ്രത്യേക സാമ്പത്തിക മേഖല (SEZAD) ലോകമെമ്പാടും അറിയപ്പെടുന്നതും വലിയ സാധ്യതകളുള്ളതുമായ സാമ്പത്തിക കേന്ദ്രങ്ങളിൽ ഒന്നാണ്. രാഷ്ട്രീയ സ്ഥിരത, പ്രകൃതി വിഭവങ്ങൾ, അസാധാരണമായ ഭൂപ്രകൃതി, മനോഹരമായ പ്രകൃതിദൃശ്യങ്ങൾ എന്നിവ ബിസിനസ്സിനും ടൂറിസത്തിനും ഒരു മികച്ച അവസരമൊരുക്കുന്നു.