ന്യൂയോർക്ക്: ഗാസയിൽ നടക്കുന്നത് ആഗോള മനസ്സാക്ഷിയെ വെല്ലുവിളിക്കുന്ന ധാർമിക പ്രതിസന്ധിയാണെന്ന് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് വ്യക്തമാക്കി. മെയ് 27 മുതൽ റിലീഫ് വിതരണ കേന്ദ്രങ്ങളിൽ ഭക്ഷണം തേടുന്നതിനിടെ 1,000-ലേറെ ഫലസ്തീനികൾ കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്രസഭ രേഖപ്പെടുത്തി. സ്ഥിരമായ വെടിനിർത്തൽ, എല്ലാ ബന്ദികളുടെയും മോചനം, ഗാസയിൽ തടസ്സമില്ലാതെ ദുരിതാശ്വാസ വസ്തുക്കൾ എത്തിക്കൽ എന്നിവ ഉറപ്പാക്കാൻ അടിയന്തര നടപടികൾ ആവശ്യമാണെന്ന് ആംനസ്റ്റി ഇന്റർനാഷണലിനെ അഭിസംബോധന ചെയ്ത് ഗുട്ടറസ് ആവശ്യപ്പെട്ടു.
ഗാസയിലെ സ്ഥിതി മാനുഷിക പ്രതിസന്ധി മാത്രമല്ല, ആഗോള മനസ്സാക്ഷിയെ വെല്ലുവിളിക്കുന്ന ധാർമിക പ്രതിസന്ധിയാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ദ്വിരാഷ്ട്ര പരിഹാരത്തിനായി അടിയന്തിര നടപടികൾ സ്വീകരിക്കണം. കാരുണ്യത്തിന്റെയും സത്യത്തിന്റെയും മനുഷ്യത്വത്തിന്റെയും അഭാവം, ഗാസ ദുരന്തവുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര സമൂഹത്തിന്റെ നിസ്സംഗതയെയും നിഷ്ക്രിയത്വത്തെയും വിശദീകരിക്കുന്നുവെന്ന് ഗുട്ടറസ് കുറ്റപ്പെടുത്തി. ചെക്ക് തലസ്ഥാനമായ പ്രാഗിൽ നടന്ന ആംനസ്റ്റി ഇന്റർനാഷണൽ ഗ്ലോബൽ അസംബ്ലിയിൽ വീഡിയോ ലിങ്ക് വഴിയാണ് അദ്ദേഹം ഇക്കാര്യങ്ങൾ വിശദീകരിച്ചത്.