മനാമ– ബഹ്‌റൈനിന്റെ സമ്പന്നമായ സിനിമാ ചരിത്രത്തെ അനുസ്മരിക്കുന്നതിനായി ദേശീയ സിനിമാ മ്യൂസിയം സ്ഥാപിക്കണമെന്ന നിർദേശവുമായി ഒരു സംഘം പാർലമെന്റ് അംഗങ്ങൾ. 20-ാം നൂറ്റാണ്ടിന്റെ തുടക്കം മുതലാണ് ബഹ്‌റൈന്റെ സിനിമാ ചരിത്രം ആരംഭിക്കുന്നത്. അറബ് ലോകത്ത് സിനിമയെ ആദ്യമായി സ്വീകരിച്ചതും ബഹ്‌റൈനാണ്. സിനിമാ മ്യൂസിയം വരുന്നതോടെ ബഹ്‌റൈന്റെ സിനിമാ ചരിത്രവും പ്രാധാന്യവും അത് എടുത്തുകാണിക്കുമെന്നും അവർ പറഞ്ഞു.
സ്ട്രാറ്റജിക് തിങ്കിംഗ് ബ്ലോക്കിന്റെ പ്രസിഡന്റും പാർലമെന്റ് സാമ്പത്തിക കാര്യ സമിതി ചെയർമാനുമായ അഹമ്മദ് അൽ സലൂമിന്റെ നേതൃത്വത്തിലുള്ള അഞ്ച് അംഗങ്ങളാണ് നിർദ്ദേശം സമർപ്പിച്ചത്. ഇത്തരമൊരു മ്യൂസിയം ലോകമെമ്പാടുമുള്ള സന്ദർശകരെ ആകർഷിക്കുകയും ബഹ്റൈന്റെ സാംസ്കാരിക നില ശക്തിപ്പെടുത്തുകയും ചെയ്യുമെന്ന് അവർ വ്യക്തമാക്കി.
ഏഷ്യയിൽ തന്നെ സിനിമയെ സ്വാഗതം ചെയ്ത ആദ്യ രാജ്യമാണ് ബഹ്‌റൈൻ എന്നും അത് ലോകം അറിയണമെന്നും അഹമ്മദ് അൽ സലൂമി പറഞ്ഞു.1922 ൽ ആരംഭിച്ച സിനിമാ യാത്ര തങ്ങളുടെ മാത്രം കഥയല്ലെന്നും ഇത് ആഗോള സിനിമാ ചരിത്രത്തിന്റെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.