കൊച്ചി – സ്വർണവില റെക്കോർഡിലേക്ക് കുതിക്കുകയും നിക്ഷേപകർ മഞ്ഞലോഹത്തെ കാര്യമായി പരിഗണിക്കുകയും ചെയ്യുമ്പോൾ മറ്റൊരു ലോഹമായ വെള്ളിയും നിശ്ശബ്ദമായി കുതിപ്പ് നടത്തുകയാണ്. ഈ വർഷം ജനുവരിയിൽ കിലോയ്ക്ക് 87,500 രൂപയായിരുന്ന വെള്ളിക്ക് ഇപ്പോൾ വില ഒരു ലക്ഷത്തിലേറെയാണ്. വെറും നിക്ഷേപ ലോഹമല്ല എന്നതും സ്വർണത്തെപ്പോലെ വില ചാഞ്ചാടിക്കളിക്കില്ല എന്നതുമാണ് വെള്ളിയെ നിക്ഷേപകർക്ക് പ്രിയപ്പെട്ടതാക്കുന്നത്.
സമീപകാലത്ത് സ്വർണത്തിനും വെള്ളിക്കും ഗണ്യമായ തോതിൽ വില കൂടിയെങ്കിലും രണ്ട് ലോഹങ്ങളുടെയും കുതിപ്പിന്റെ കഥ വ്യത്യസ്തമാണ്. യു.എസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ ‘തലതിരിഞ്ഞ’ വ്യാപാര നയങ്ങൾ കാരണം ആഗോള വിപണിയിൽ ഉണ്ടായ അനിശ്ചിതത്വങ്ങളാണ് സ്വർണത്തിന്റെ കുതിപ്പിന് ഒരു കാരണം. ട്രംപ് ഏർപ്പെടുത്തിയ പകരച്ചുങ്കം ആഗോള വ്യാപാര മേഖലയിൽ വലിയ അനിശ്ചിതത്വം ഉണ്ടാക്കി. ഇതോടെ, ഓഹരികൾ അടക്കമുള്ള നിക്ഷേപങ്ങൾ ഉപേക്ഷിച്ച് ആളുകൾ സ്വർണ ലോഹം സ്വന്തമാക്കാൻ മത്സരിച്ചു. ഇതിനൊപ്പം ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളുടെ സെൻട്രൽ ബാങ്കുകൾ സ്വർണം വലിയ തോതിൽ വാങ്ങിക്കൂട്ടിയതും വിലക്കയറ്റത്തിന് കാരണമായി.
എന്നാൽ, ഉൽപ്പാദന രംഗത്ത് ആവശ്യമേറുന്ന ലോഹം എന്ന നിലയ്ക്കാണ് വെള്ളിയുടെ വില കയറുന്നത്. സോളാർ എനർജി ഉപകരണങ്ങൾ, ഇലക്ട്രിക് വാഹനങ്ങൾ, ഇലക്ട്രോണിക്‌സ് എന്നിവയുടെ നിർമാണത്തിൽ വെള്ളി ഉപയോഗിക്കപ്പെടുന്നുണ്ട്. വെള്ളിയുടെ ഡിമാൻഡിന്റെ 60 ശതമാനവും ഇതുപോലുള്ള വാണിജ്യ ആവശ്യങ്ങളാണ്.
ആവശ്യം വർധിക്കുകയും ലഭ്യത കുറയുകയും ചെയ്തതോടെയാണ് വെള്ളിയുടെ വില കുത്തനെ ഉയർന്നത്. മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചിൽ (എംസിഎക്സ്) വെള്ളി വില ജനുവരിയിൽ കിലോയ്ക്ക് 87,578 ൽ രൂപയായിരുന്നത് ജൂൺ അവസാനമായപ്പോഴേക്ക് 1.05 ലക്ഷമായി ഉയർന്നു. 20.4% വർധനയാണ് ആറു മാസം കൊണ്ട് ഉണ്ടായത്. ഇതേ കാലയളവിൽ സ്വർണത്തിന്റെ വിലക്കയറ്റം 24.95% ആയിരുന്നു. എന്നാൽ വെള്ളി ജൂണിൽ നടത്തിയ മികച്ച പ്രകടനം സ്വർണത്തേക്കാൾ മികച്ചതായിരുന്നു.
വാണിജ്യ ഉൽപ്പാദനത്തിന്റെ ഭാവി പരിഗണിക്കുമ്പോൾ വെള്ളിവില ഉയർന്നുതന്നെ നിൽക്കാനാണ് സാധ്യത എന്ന് വിദഗ്ധർ പറയുന്നു. 2030 വരെ സോളാർ പാനലുകളുടെ ഉൽപ്പാദനത്തിൽ ഓരോ വർഷവും 15-20% വളർച്ച ഉണ്ടാകും എന്നാണ് പ്രവചനം. അതുപോലെ, ഇലക്ട്രോണിക് വാഹന വിപണിയിലെ വൻ മുന്നേറ്റവും പ്രതീക്ഷ നൽകുന്ന കാര്യമാണ്.
ആവശ്യം വർധിക്കുന്നുണ്ടെങ്കിലും വെള്ളിയുടെ ഉൽപ്പാദനത്തിൽ സമീപകാലത്ത് ഗണ്യമായ കുറവാണ് ഉണ്ടായിരിക്കുന്നത്. വെള്ളി മൈനിങ്ങിൽ മുൻനിരയിൽ നിൽക്കുന്ന മെക്‌സിക്കോ, പെറു തുടങ്ങിയ രാജ്യങ്ങളിൽ കഴിഞ്ഞ വർഷവും ഈ വർഷവും ഉൽപ്പാദനം കുറവാണ്. 2024-ൽ 830 മില്ല്യൺ ഔൺസ് ആയിരുന്നു ലോകത്ത് മൊത്തം മൈൻ ചെയ്‌തെടുത്ത വെള്ളി. 2025 അവസാനിക്കുമ്പോഴത്തെ കണക്ക് അതിലും കുറവായിരിക്കുമെന്ന് ‘സിൽവർ ഇൻസ്റ്റിറ്റ്യൂട്ട്’ വ്യക്തമാക്കുന്നു.
വെള്ളിക്ക് സുരക്ഷിതമായ ഭാവി ഉണ്ടെങ്കിലും, ഹ്രസ്വകാല നിക്ഷേപത്തിന് സ്വർണം തന്നെയാണ് തമ്മിൽ ഉചിതം എന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ചരിത്രപരമായി സ്വർണവും വെള്ളിയും തമ്മിലുള്ള അനുപാതം 60:1 ആയിരുന്നു. എന്നാൽ, കഴിഞ്ഞ പതിറ്റാണ്ടിൽ സ്വർണം നടത്തിയ കുതിപ്പിനെ തുടർന്ന് ഇത് 86:1 ആയി ഉയർന്നു. ഇക്കാര്യം പരിഗണിക്കുമ്പോൾ മഞ്ഞലോഹത്തിലും വെള്ളിയിലും ഒരേപോലെ നിക്ഷേപിക്കുന്നതാവും സുരക്ഷിതം എന്നാണ് വിദഗ്ധർ പറയുന്നത്.