ഇൻസ്റ്റഗ്രാം അടക്കമുള്ള സോഷ്യൽ പ്ലാറ്റ്‌ഫോമുകളിൽ സമയം ചെലവഴിക്കുന്നതിനു പകരം ചെറുപ്പക്കാർ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പഠിക്കാൻ സമയം നീക്കിവെക്കുകയാണ് വേണ്ടതെന്ന് പ്രമുഖ എ.ഐ പ്ലാറ്റ്‌ഫോം ആയ പെർപ്ലക്‌സിറ്റിയുടെ സി.ഇ.ഒ അരവിന്ദ് ശ്രീനിവാസ്. എ.ഐ അറിയുന്നവർക്കാണ് ഇനിയുള്ള കാലത്ത് ജോലിസാധ്യത കൂടുതലെന്നും അതില്ലാത്തവർ പിന്തള്ളപ്പെട്ടു പോകുമെന്നും മാത്യു ബർമനുമായുള്ള അഭിമുഖത്തിൽ അരവിന്ദ് ശ്രീനിവാസൻ പറഞ്ഞു.
‘ഇൻസ്റ്റഗ്രാം സ്‌ക്രോൾ ചെയ്യുന്ന സമയം പരമാവധി കുറക്കുക. എന്നിട്ട് എ.ഐ ഉപയോഗിക്കുന്ന സമയം വർധിപ്പിക്കുക. എ.ഐ സംവിധാനങ്ങൾ ഉപയോഗിക്കുന്നതിൽ മുൻപന്തിയിലുള്ള ആളുകൾക്ക് ജോലി ലഭിക്കാൻ അങ്ങനെയല്ലാത്തവരേക്കാൾ സാധ്യത വളരെ കൂടുതലാണ്. അങ്ങനെ സംഭവിക്കും എന്ന കാര്യത്തിൽ സംശയമില്ല.’
– അരവിന്ദ് പറഞ്ഞു.
ഓരോ മൂന്ന് അല്ലെങ്കിൽ ആറ് മാസം കൂടുമ്പോൾ എ.ഐ സാങ്കേതികവിദ്യയിൽ വലിയ മാറ്റങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. നമുക്ക് എത്രവേഗം അത് ഉൾക്കൊള്ളാൻ കഴിയും എന്നതാണ് ചോദ്യം. എ.ഐ പുരോഗമിക്കുന്നതിനനുസരിച്ച് സ്വയം നവീകരിച്ചില്ലെങ്കിൽ ചിലർക്കെങ്കിലും ജോലി നഷ്ടമാകും. ജോലികൾക്ക് പകരമായി സംരംഭങ്ങൾ ആരംഭിക്കാനുള്ള അവസരങ്ങളും വർധിച്ചു വരികയാണ് – അരവിന്ദ് ശ്രീനിവാസ് ചൂണ്ടിക്കാട്ടി.
പരമ്പരാഗത കമ്പനികളേക്കാൾ ഇനി തൊഴിൽ ദാതാക്കളാവുക സംരംഭകരായിരിക്കുമെന്നും എ.ഐ സംവിധാനങ്ങൾ പുതിയ കമ്പനികളുടെ നടത്തിപ്പിൽ വളരെയേറെ ഗുണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു: ‘ജോലി നഷ്ടപ്പെടുന്നവർ എ.ഐ പഠിച്ച് പുതിയ സംരംഭങ്ങൾ തുടങ്ങുകയോ പുതിയ കമ്പനികളിൽ ചേരുകയോ ചെയ്യും.’
എ.ഐ കാരണം തൊഴിലവസരങ്ങൾ നഷ്ടപ്പെടുമോ എന്ന ചർച്ചകൾക്കിടെയാണ് അരവിന്ദ് ശ്രീനിവാസിന്റെ ഈ വാക്കുകൾ. എ.ഐ കാരണം 50 ശതമാനം വൈറ്റ് കോളർ എൻട്രി ലെവൽ ജോലികൾ ഇല്ലാതാകുമെന്ന് പ്രമുഖ എ.ഐ വിദഗ്ധൻ ഡാരിയോ അമോദെയ് ഈയിടെ പ്രവചിച്ചിരുന്നു.