ഷാർജ– ഷാർജയിൽ അൽ നഹ്ദയിൽ മരിച്ച വിപഞ്ചികയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. ഫൊറൻസിക്കിന്റെ അന്തിമാനുമതിപ്പത്രം ലഭിച്ചതോടെയാണ് മൃതദേഹം നാട്ടിലെത്തിക്കാൻ തീരുമാനമായത്. വൈകുന്നേരം 5.40നുള്ള വിമാനത്തിൽ മൃതദേഹം നാട്ടിലെത്തിക്കും. രാത്രി 11 മണിയോടെ തിരുവനന്തപുരത്ത് മൃതദേഹം എത്തും.
രാവിലെ 10ന് എംബാമിങ് നടപടികൾ ഷാർജയിൽ നടക്കും. ജൂലൈ 8 നായിരുന്നു കൊല്ലം സ്വദേശി വിപഞ്ചിക മണിയനെയും മകൾ വൈഭവിയെയും ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
വിപഞ്ചികയുടെ മൃതദേഹം നാട്ടിലേക്കു കൊണ്ടു പോകുന്നതിന് അമ്മ ഷൈലജയും സഹോദരൻ വിനോദും കഴിഞ്ഞ ഒരാഴ്ചയായി ദുബായിൽ തങ്ങുകയാണ്. വൈഭവിയെ പിതാവ് നിതീഷിന്റെ നിർബന്ധത്തിനു വഴങ്ങി ദുബായിൽ സംസ്കരിക്കുകയായിരുന്നു. മരണത്തിൽ ദുരൂഹത ആരോപിച്ചു വിപഞ്ചികയുടെ അമ്മ പരാതി നൽകിയിരുന്നു. ഇതേ തുടർന്ന് ഭർത്താവ് നിതീഷിനും സഹോദരി നീതുവിനും അച്ഛനുമെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. നിതീഷിനെ ഒന്നാം പ്രതിയും സഹോദരി നീതുവിനെ രണ്ടാം പ്രതിയും അച്ഛനെ മൂന്നാം പ്രതിയുമാക്കിയാണ് കുണ്ടറ പോലീസ് കേസെടുത്തത്.