ആലുവ: വിവാഹം കഴിക്കാൻ നിർബന്ധിച്ചെന്ന് ആരോപിച്ച് യുവതിയെ ഷാൾ മുറുക്കി കൊലപ്പെടുത്തി യുവാവ്. കൊല്ലം കുണ്ടറ ചാരുവിള പുത്തൻവീട് സ്വദേശിനി അഖില (35) ആണ് മരിച്ചത്. ആലുവയിലെ റെയിൽവേ സ്റ്റേഷൻ റോഡിൽ തോട്ടുങ്കൽ ലോഡ്ജിലാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. പ്രതി അടിമാലി സ്വദേശിയായ ബിനു എൽദോസിനെ (39) പോലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം.
ഇവർ ഇടയ്ക്കിടെ ലോഡ്ജിൽ മുറിയെടുത്ത് ദിവസങ്ങളോളം താമസിക്കാറുണ്ടെന്നാണ് വിവരം. സംഭവ ദിവസം അഖിലയാണ് മുറി ബുക്ക് ചെയ്തത്. ഇതിന്റെ പണം നൽകിയതും അഖിലയാണെന്നാണ് വിവരം. ബിനു വൈകിട്ട് ആറരയോടെ മുറിയിലെത്തി. വൈകിട്ട് എട്ടുമണിയോടെയാണ് അഖില എത്തിയത്. ബിനു വൈകാതെ മദ്യപാനം ആരംഭിച്ചു. ഇതിനിടെയാണ് വിവാഹക്കാര്യം ഉയർന്നു വന്നതും ഇരുവരും തമ്മിൽ വഴക്കുണ്ടാവുകയും ചെയ്തത്. തുടർന്ന് ബിനു അഖിലയെ കൊലപ്പെടുത്തുകയായിരുന്നു.
കൊലപാതകത്തിന് ശേഷം യുവാവ് തന്‍റെ സുഹൃത്തുക്കളെ വീഡിയോ കോൾ വിളിച്ച് കാണിച്ചു കൊടുക്കുകയായിരുന്നു. അവരാണ് സംഭവം പോലീസിനെ അറിയിച്ചത്. തുടർന്ന് പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പോലീസ് എത്തുമ്പോൾ മദ്യപിച്ച് അവശനിലയിലായിരുന്നു പ്രതി.
എടത്തല നാലാം മൈൽ ഭാഗത്ത് മൊബൈൽ ടവർ കമ്പനിയുടെ ഡ്രൈവറായിരുന്നു ബിനു. ഒന്നരവർഷം മുമ്പാണ് സമീപത്തുള്ള ഒരു ഹോസ്റ്റലിൽ വാർഡൻ ആയി ജോലി നോക്കിയിരുന്ന അഖിലയെ പരിചയപ്പെടുകയും പിന്നീട് അവർ സൗഹൃദത്തിലാവുകയുമായിരുന്നു.