കേരള രാഷ്ട്രീയത്തിലെ ഒട്ടേറെ വിവാദങ്ങളുടെ തോഴന്‍ ആയി അറിയപ്പെടുന്ന സി.പി.എം നേതാവായിരുന്നു മുന്‍ മുഖ്യമന്ത്രി കൂടിയായ വി.എസ് അച്യുതാനന്ദന്‍. പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തര കാര്യങ്ങള്‍ മുതല്‍ സാമൂഹിക അന്തരീക്ഷം വിഷലിപ്തമാക്കാന്‍ ഫാഷിസ്റ്റ് സംഘടനകള്‍ക്ക് വഴിമരുന്നിട്ടുകൊടുത്ത വിഷയങ്ങള്‍ വരെ ഇത്തരം വിവാദ പരാമര്‍ശങ്ങള്‍ വഴിയുണ്ടായി. ലൗ ജിഹാദ്, മലപ്പുറം പരാമര്‍ശം, പാര്‍ട്ടിക്കുള്ളിലെ പോരുകള്‍, കളിയാക്കലുകള്‍, വാക് പ്രയോഗങ്ങള്‍കൊണ്ട് പല സമയങ്ങളില്‍ അദ്ദേഹം പുലിവാല് പിടിച്ചിട്ടുണ്ട്. 2010 ഒക്ടോബര്‍ 24ന് ന്യൂഡല്‍ഹിയില്‍വെച്ച് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ വെച്ച് അദ്ദേഹം നടത്തിയ പരാമര്‍ശം ഏറെ വിമര്‍ശനങ്ങള്‍ ക്ഷണിച്ചു വരുത്തി. ‘ഹിന്ദു പെണ്‍കുട്ടികളെ മുസ്ലിം ചെറുപ്പക്കാര്‍ മതം മാറ്റി കല്യാണം കഴിച്ച്, 20 വര്‍ഷം കൊണ്ട് കേരളത്തെ ഒരു മുസ്ലിം ഭൂരിപക്ഷ പ്രദേശമാക്കി മാറ്റും’- എന്നായിരുന്നു അച്യുതാനന്ദന്റെ ആ പ്രസ്താവന. അന്ന് എന്‍.ഡി.എഫ് എന്ന സംഘടനയെ സൂചിപ്പിച്ചു പറഞ്ഞതെങ്കിലും ഹിന്ദുത്വ ഫാഷിസ്റ്റ് നേതാക്കളും സംഘടനകളും ഏറ്റെടുത്തു മുസ്ലിം വെറുപ്പ് ഉത്പാദനത്തിന്റെ മറ്റൊരു ഉപാധിയാക്കി.
ഈ പ്രസ്താവനയെ സി.പി.എം ഒരു ഘട്ടത്തില്‍ പോലും എതിര്‍ക്കുകയുണ്ടായില്ല എന്നതും ചര്‍ച്ച ചെയ്യപ്പെട്ടു. പില്‍ക്കാലത്ത് ഇറങ്ങിയ ആര്‍.എസ്.എസ് പ്രൊപഗണ്ട സിനിമയായ ‘ദ കേരള സ്റ്റോറി’യുടെ സംവിധായകന്‍ സുദീപ്തോ സെന്‍ സിനിമയിലും വി.എസിന്റെ വാക്കുകള്‍ ഉദ്ദരിച്ചു. അദ്ദേഹത്തിന്റെ പ്രസ്താവനയാണ് കേരളത്തില്‍ ഹിന്ദു, കൃസ്ത്യന്‍ പെണ്‍കുട്ടികളെ കാണാതാവുകയും, അവര്‍ ഐ.എസില്‍ ചേര്‍ന്നെന്നുമുള്ള ആശയത്തില്‍ സിനിമയുണ്ടാക്കാന്‍ പ്രചോദനമായതെന്നും സെന്‍ അവകാശപ്പെട്ടു. വി.എസിന്റെ വാര്‍ത്താസമ്മേളനത്തിന്റെ ദൃശ്യങ്ങള്‍ സിനിമയുടെ അവസാനം ചേര്‍ത്തിരുന്നെങ്കിലും കേന്ദ്ര സിനിമ സര്‍ട്ടിഫിക്കേഷന്‍ ബോര്‍ഡ് അത് നീക്കം ചെയ്യാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.
2009- ഒക്ടോബറില്‍ കേരളാ കൗമുദിയില്‍ അന്നത്തെ തിരുവനന്തപുരം ലേഖകന്‍മാരില്‍ ഒരാള്‍ ആയ വടയാര്‍ സുനില്‍ ഇതേ ആരോപണവുമായി ലേഖനം പ്രസിദ്ധീകരിക്കയുണ്ടായി. ഇതേ വര്‍ഷം തന്നെ കേരള ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് കെ.ടി ശങ്കരന്‍ ഒരു കേസ് വിസ്താരത്തില്‍ ലൗജിഹാദ്/റോമിയോ ജിഹാദ് ഭീഷയാണെന്ന രൂപത്തില്‍ വാദമുണ്ടായപ്പോള്‍ കേരളത്തില്‍ ലവ് ജിഹാദുണ്ടെന്ന രൂപത്തില്‍ പ്രസ്താവന വിധിയില്‍ ഉള്‍പ്പെടുത്തി. ആ പേരില്‍ സംഘടനകള്‍ പ്രവര്‍ത്തിക്കുന്നതായോ, മറ്റ് പരാതികളോ ലഭിച്ചിട്ടില്ലെന്ന് സംസ്ഥാന പോലീസ് മേധാവി സത്യവാങ്മൂലം നല്‍കിയിട്ടും അത് പരിഗണിക്കാത്ത രൂപത്തില്‍ ആയിരുന്നു പ്രസ്തുത വിധി.എന്നാല്‍ കേരള ഹൈക്കോടതിയുടെ മറ്റൊരു ബെഞ്ച് ഇതിനെ തിരുത്തി ലവ് ജിഹാദ് ഇല്ലെന്ന ഉത്തരവ് പുറപ്പെടുവിച്ചു. ജസ്റ്റിസ് എം ശശിധരന്‍ നമ്പ്യാരുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ആ ഉത്തരവിറക്കിയത്. ലവ് ജിഹാദ് വാദം അനാവശ്യമാണെന്ന് കണ്ട് നേരത്തെ ഹൈക്കോടതി വാദം കേട്ടിരുന്ന പരാതി തള്ളിക്കളയുകയും ചെയ്തു. ഈ ഉത്തരവിന്റെ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് വി.എസ് അച്യുതാനന്ദന്‍ ഇത്തരമൊരു വിവാദ പരാമര്‍ശം നടത്തിയത്.
രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളുടെ മുമ്പില്‍ തീവ്ര വലതുപക്ഷ ഗൂഢാലോചന സിദ്ധാന്തത്തിന്റെ ഭാഗമായി അവതരിപ്പിച്ച സിനിമയായ ‘കേരള സ്റ്റോറി’യെ ന്യായീകരിക്കാന്‍, കമ്മ്യൂണിസ്റ്റ് നേതാവായ ഒരു മുന്‍ കേരള മുഖ്യമന്ത്രിയുടെ പ്രസ്താവന ഉണ്ടായത് സംഘ പരിവാര്‍ ആഘോഷിച്ചു. കാസ പോലുള്ള ആര്‍.എസ്.എസ് സ്പോണ്‍സേര്‍ഡ് ക്രിസ്ത്യന്‍ ഗ്രൂപ്പുകളും വി എസ് പറഞ്ഞത് സിനിമ പ്രദര്‍ശന കാലത്ത് പ്രചരിപ്പിച്ചു.
2005ലെ മലപ്പുറം പരാമര്‍ശവും വി.എസിന്റെ മറ്റൊരു വിവാദ അധിക്ഷേപ പരാമര്‍ശങ്ങളിലൊന്നാണ്. 2005-ലെ സംസ്ഥാന മെഡിക്കല്‍ എഞ്ചിനിയറിംഗ് എന്‍ട്രന്‍സ് പരീക്ഷാഫലം പ്രഖ്യാപിച്ച സമയത്താണ് അന്നത്തെ പ്രതിപക്ഷ നേതാവായ വി.എസ് അച്യുതാനന്ദന്‍ ‘മലപ്പുറത്തെ കുട്ടികള്‍ കോപ്പിയടിച്ചാണ് പരീക്ഷയെഴുതുന്നതെന്ന്’ പ്രസ്താവന ഇറക്കിയത്. എന്നാല്‍ ഇത് എന്‍ട്രന്‍സ് പരീക്ഷാഫലം വന്നപ്പോള്‍ വിദ്യാഭ്യാസ മന്ത്രിയുടെ ജില്ലയായ മലപ്പുറത്ത് നിന്ന് വിജയിച്ച വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ ക്രമാതീതമായ വളര്‍ച്ചയുണ്ടായ സാഹചര്യത്തില്‍ അന്യേഷണം നടത്തണമെന്നാണ് പറഞ്ഞതെന്ന് തിരുത്തുകയുണ്ടായി. ഇത് പിന്നീട് ഏറ്റവും കൂടുതല്‍ എപ്ലസ് കിട്ടുന്ന ജില്ല മലപ്പുറമായപ്പോഴും സി.പി.എം നേതാക്കള്‍ തന്നെ ഏറ്റുപിടിച്ചത് പ്രത്യേകം ചര്‍ച്ച ചെയ്യപ്പെട്ടു. 2016ല്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വി.എസിനെ തിരുത്തുകയും ചെയ്തിരുന്നു. സംസ്ഥാനത്തെ മികച്ച ജില്ലകളിലൊന്നായി മാറിയ മലപ്പുറത്തിന്റെ വന്‍ കുതിപ്പ് ചൂണ്ടിക്കാട്ടി ആയിരുന്നു അത്. ‘മലപ്പുറത്തെ കുട്ടികള്‍ കോപ്പിയടിച്ചാണ് ജയിക്കുന്നതെന്ന് പറഞ്ഞവര്‍ അത് സ്വയം തിരുത്തിയിട്ടുണ്ട്’- ഉമ്മന്‍ ചാണ്ടി പറഞ്ഞു.
മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറിയാണെന്ന ഒറ്റക്കാരണത്താല്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുമ്പോഴും കുറ്റപ്പെടുത്തുമ്പോഴും പാകിസ്താനോട് ചേര്‍ത്തു പറയാനും വി.എസ് മറന്നില്ല. ‘കുഞ്ഞാലിക്കുട്ടി പാകിസ്താനില്‍ നിന്ന് കൊണ്ടു വന്ന കള്ള നോട്ടു കൈകാര്യം ചെയ്യുന്നതില്‍ കുറ്റബോധമുണ്ടോ’ എന്ന് അദ്ദേഹം ഒരു വാര്‍ത്താ സമ്മേളനത്തില്‍ ചോദിക്കുകയുമുണ്ടായി. രാഷ്ട്രീയമായ ഒരു മര്യാദയും പാലിക്കാതെ ആരോപണം ഉന്നയിച്ചുവെന്ന ശക്തമായ വിമര്‍ശനവും വി.എസിന് നേരെ ഉണ്ടായി. ഗുരുതരമായ ന്യൂനപക്ഷ വിരുദ്ധ പ്രയോഗങ്ങള്‍ നാക്കു പിഴയാണെന്ന് ന്യായീകരിക്കാന്‍ കഴിയാത്ത അത്രയും ഉണ്ടായതായി ചൂണ്ടിക്കാണിക്കപ്പെട്ടു.
സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ക്കും അദ്ദേഹം പിറകോട്ടായിരുന്നില്ല. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് മലമ്പുഴ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ലതികാ സുഭാഷിനെതിരെ വിഎസ് നടത്തിയ പരാമര്‍ശങ്ങളും വിവാദമായി. ‘ലതിക സുഭാഷിനെ എല്ലാവര്‍ക്കും അറിയാമല്ലോ അവള്‍ പ്രശസ്തയാണ്, ഏത് തരത്തിലെന്ന് നിങ്ങള്‍ അന്വേഷിച്ചാല്‍ മതി’ എന്നാണ് പാലക്കാട് പ്രസ് ക്ലബ്ബില്‍ മുഖാമുഖത്തില്‍ വി.എസ് പറഞ്ഞത്. 2012-ല്‍ നടന്ന പിറവം ഉപതെരഞ്ഞെടുപ്പിന്റെ തൊട്ടുമുമ്പാണ് സി.പി.എം നെയ്യാറ്റിന്‍കര എം.എല്‍.എ ശെല്‍വരാജ് യു.ഡി.എഫിലേക്ക് കാലുമാറിയത്. ഇതിനെ പരാമര്‍ശിച്ച് 2011ല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന സിന്ധു ജോയിയെ അഭിസാരികകളെയെന്ന പോലെ യു.ഡി.എഫ് ഉപയോഗിച്ച് തള്ളിയെന്ന് അദ്ദേഹം പറഞ്ഞു. വി.എസിനെ ഇരിക്കുന്നിടം വൃത്തികേടാക്കുന്ന ജീവിയെന്ന് സുകുമാര്‍ അഴീക്കോട് വിശേഷിപ്പിച്ചപ്പോള്‍ തന്നെ പട്ടിയോടാണ് അദ്ദേഹം ഉപമിച്ചതെന്ന് വി.എസ് ആരോപിച്ചിരുന്നു.
പാര്‍ട്ടിയിലെ ഒട്ടുമിക്ക നേതാക്കളുമായും വാക് പോരിലേര്‍പ്പെട്ടിരുന്ന വി.എസിന്റെ നാടന്‍ പ്രയോഗങ്ങള്‍ക്കും പ്രസംഗത്തിനും എന്തിന് വാക്കുകള്‍ ഉപയോഗിക്കുന്ന ശൈലികളോടുള്ള ഇഷ്ടവും കാരണം ധാരാളം കേള്‍വിക്കാറുണ്ടായിരുന്നു. തോട്ടം തൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കും വേണ്ടി പോരാടിയിരുന്ന വി.എസ് പിന്നീട് പാര്‍ട്ടിക്കുള്ളിലും പോരാടി. പിണറായി വിജയനെതിരേയും മറ്റു പാര്‍ട്ടി നേതാക്കള്‍ക്ക് എതിരെയും പല പരസ്യ വിമര്‍ശനങ്ങളും നടത്തിയ വി എസ് പിണറായിയുടെ ”കുലം കുത്തി’ വിശേഷണത്തെ തിരുത്തിയും പ്രസ്താവന ഇറക്കി.