മലപ്പുറം– വെള്ളാപ്പള്ളി നടേശന്റെ വര്‍ഗീയ പരാമര്‍ശങ്ങളെ ശക്തമായി വിമർശിച്ച് മുസ്‌ലിം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. പച്ചക്ക് വർഗീയത പറയാൻ സർക്കാർ കൂട്ടുനിൽക്കുകയാണെന്നും ഏത് സമുദായ വക്താവ് പറഞ്ഞാലും അത് തെറ്റാണന്നുമായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. വെള്ളാപ്പള്ളി നടേശന്റെ വര്‍ഗീയ പരാമര്‍ശങ്ങളില്‍ മറുപടി പറയേണ്ടത് സർക്കാരാണെന്നും അദ്ദേഹം വ്യക്തമാക്കി.
”പച്ചക്ക് വർഗീയത പറയാൻ സർക്കാർ കൂട്ടുനിൽക്കുകയാണ്. ഏത് സമുദായ വക്താവ് പറഞ്ഞാലും തെറ്റാണത്. സമൂഹത്തിൽ വിഭാഗീയത ഉണ്ടാക്കും. നികുതി ഇല്ലാത്തതുകൊണ്ട് ആർക്കും എന്തും പറയാം എന്ന അവസ്ഥയാണ്”- കുഞ്ഞാലിക്കുട്ടി പറഞ്ഞു.
”കേരളത്തിൽ നേരത്തെയും ഇത്തരത്തിൽ പ്രസ്താവനകൾ ഉണ്ടായിട്ടുണ്ടെങ്കിലും അത് വില പോയിട്ടില്ല, ആദ്യമായല്ല ഇങ്ങനെ അദ്ദേഹം പറയുന്നത്. ഇത് കേരളത്തിൽ ചർച്ച ചെയ്യപ്പെടുമെന്നും ലീഗിൽ നിന്ന് ആരെങ്കിലും ഇങ്ങനെ ഒരു കാര്യം പറഞ്ഞാൽ ഒരു നിമിഷം അവർ ലീഗിൽ ഉണ്ടാകില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.