ബാഴ്‌സലോണ – ഇംഗ്ലീഷ് ഫോർവേഡ് മാർക്കസ് റാഷ്‌ഫോഡ് സ്പാനിഷ് ഭീമന്മാരായ ബാഴ്‌സലോണയിലേക്ക്. മാഞ്ചസ്റ്റർ യുനൈറ്റഡിൽ നിന്ന് ലോൺ അടിസ്ഥാനത്തിലാണ് 27-കാരൻ ക്യാംപ് നൗവിലേക്ക് കൂടുമാറുന്നത്. റാഷ്‌ഫോഡിന് സ്‌പെയിനിലേക്ക് യാത്ര ചെയ്യാൻ മാഞ്ചസ്റ്റർ യുനൈറ്റഡ് അനുമതി നൽകിയതായും വരുംദിവസങ്ങളിൽ താരത്തിന്റെ മെഡിക്കൽ ഉണ്ടാകുമെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
റൂബൻ അമോറിം പരിശീലക സ്ഥാനം ഏറ്റെടുത്തതിനു ശേഷം മാഞ്ചസ്റ്റർ യുനൈറ്റഡ് സ്റ്റാർട്ടിങ് ഇലവനിലെ സ്ഥാനം നഷ്ടമായ റാഷ്‌ഫോഡ് ഫെബ്രുവരി മുതൽ ആസ്റ്റൻ വില്ലയ്ക്കു വേണ്ടിയാണ് കളിക്കുന്നത്. ലോണിൽ പോയ താരത്തെ 40 മില്യൺ പൗണ്ട് നൽകി സ്വന്തമാക്കാനുള്ള അവസരം ഉണ്ടായിരുന്നെങ്കിലും ആസ്റ്റൻവില്ല അതിനു മുതിർന്നില്ല. ഇതോടെ താരം മറ്റ് ക്ലബ്ബുകൾ തേടുകയാണെന്ന വാർത്തകൾ ശക്തമായി.
ബാഴ്‌സലോണയ്ക്കു താൽപര്യമുണ്ടെന്ന വാർത്തകൾ പുറത്തുവന്നതോടെ റാഷ്‌ഫോഡ് മറ്റ് ഓഫറുകൾ എല്ലാം വേണ്ടെന്നുവച്ച് ട്രാൻസ്ഫറിനായി കാത്തിരിക്കുകയായിരുന്നു. ബാഴ്‌സ മാനേജർ ഹാൻസി ഫ്‌ളിക്കുമായുള്ള ഫോൺ സംഭാഷണത്തിൽ തന്റെ ശമ്പളം കുറക്കാൻ സന്നദ്ധനാണെന്ന് താരം വ്യക്തമാക്കി. അതിനിടെ, റാഷ്‌ഫോഡിന് ബാഴ്‌സലോണയിൽ കൡക്കാനുള്ള കഴിവും അർഹതയും ഇല്ലെന്ന് മുൻ മാഞ്ചസ്റ്റർ താരം ടെഡി ഷെറിങ്ങാം ആക്ഷേപിച്ചിരുന്നു.
അത്‌ലറ്റികോ മാഡ്രിഡിൽ നിന്ന് നിക്കോ വില്ല്യംസിനെ എത്തിക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെയാണ് ഇടതുഭാഗത്ത് ആക്രമണം നടത്തുന്ന റാഷ്‌ഫോഡിന്റെ ഭാഗ്യം തെളിഞ്ഞത്. ലിവർപൂൾ താരം ലൂയിസ് ഡിയാസും ബാഴ്‌സയുടെ റഡാറിൽ ഉണ്ടായിരുന്നെങ്കിലും ഇംഗ്ലീഷ് ചാമ്പ്യന്മാർ വിൽപ്പനയ്ക്കു വഴങ്ങിയില്ല.
മാഞ്ചസ്റ്റർ യുനൈറ്റഡിന്റെ യൂത്ത് അക്കാദമിയിൽ കളി പഠിച്ച റാഷ്‌ഫോഡ് 2016-ൽ 18-ാം വയസ്സിലാണ് സീനിയർ ടീമിൽ അരങ്ങേറിയത്. യൂറോപ്യൻ മത്സരത്തിൽ ഗോൾ നേടുന്ന പ്രായം കുറഞ്ഞ താരം എന്ന റെക്കോർഡ് താരം സ്വന്തമാക്കി.
യുനൈറ്റഡിനു വേണ്ടി 287 മത്സരങ്ങളിൽ ബൂട്ടുകെട്ടിയ റാഷ്‌ഫോഡ് 87 ഗോൾ നേടിയിട്ടുണ്ട്. ഇംഗ്ലണ്ടിനു വേണ്ടി 62 കളിയിൽ നിന്ന് 17 തവണയും താരം ലക്ഷ്യം കണ്ടു.