കൊല്ലം/ കുവൈത്ത് സിറ്റി– സ്‌കൂളില്‍ നിന്ന് ഷോക്കേറ്റ് മരിച്ച വിദ്യാര്‍ഥി മിഥുനെ യാത്രയാക്കാന്‍ മാതാവ് സുജ കുവൈത്തില്‍ നിന്ന് നാട്ടിലെത്തി. ദുരിത ജീവിതത്തില്‍ നിന്ന് മക്കളുടെ ഭാവി സുരക്ഷിതമാക്കാന്‍ മൂന്ന്മാസം മുമ്പാണ് വീട്ടുജോലിക്കായി സുജ കുവൈത്തില്‍ പോയത്. മകന് ദുരന്തമുണ്ടാകുന്ന സമയത്ത് ഇവര്‍ തുര്‍ക്കിയിലായിരുന്നു. ജോലി ചെയ്യുന്ന വീട്ടുകാരുമൊത്ത് ഒരുമാസം മുമ്പ് പോയതാണ്. മരണ വിവരം അറിയിക്കാന്‍ മണിക്കൂറുകളോളം ശ്രമം നടത്തിയിട്ടും ഇവരെ ബന്ധപ്പെടാന്‍ കഴിഞ്ഞിരുന്നില്ല. ഒടുവില്‍ വ്യായാഴ്ച രാത്രിയാണ് സുജ വിവരമറിഞ്ഞത്. തുടര്‍ന്ന് തുര്‍ക്കിയില്‍ നിന്ന് കുവൈറ്റിലേക്ക് തിരിച്ചു.
ഇന്ന് പുലര്‍ച്ചെയുള്ള വിമാനത്തിലാണ് കുവൈത്തില്‍ നിന്ന് സുജ നാട്ടിലെത്തിയത്. നേരത്തെ തീരുമാനിച്ചതിലും ഒന്നര മണിക്കൂറിൽ കൂടുതല്‍ വൈകിയാണ് തേവലക്കര സ്‌കൂളില്‍ പൊതുദര്‍ശനം ആരംഭിച്ചത്. നൂറുകണക്കിന് ആളുകളാണ് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിച്ചേര്‍ന്നത്. ജനപ്രതിനിധികള്‍ ഉള്‍പെടെയുള്ളവര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചതിനു ശേഷമായിരിക്കം മറ്റുള്ളവര്‍ക്ക് അന്തിമ ഉപചാരം അര്‍പ്പിക്കാനുള്ള സൗകര്യമൊരുക്കുക. പൊതുദര്‍ശനം 10 മണിയോടെ ആരംഭിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ നിന്ന് സ്‌കൂളിലേക്ക് വരുന്ന വഴിയിലും അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ നിരവധി ആളുകളാണ് തടിച്ചുകൂടിയത. മാതാവ് സുജ മകനെ ഒരു നോക്ക് കാണാന്‍ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ടിട്ടുണ്ട്. മൃതദേഹം പൊതുദര്‍ശനത്തിന് ശേഷം വിളന്തറയിലെ വീട്ടിലേക്ക് കൊണ്ടുപോകും. വൈകിട്ട് നാലിന് വീട്ടുവളപ്പില്‍ സംസ്‌കരിക്കും.