കുവൈത്ത് സിറ്റി: കുവൈത്തിൽ ഭക്ഷ്യയോഗ്യമല്ലാത്ത 10 ടൺ പഴകിയ മത്സ്യവും ചെമ്മീനും പിടിച്ചെടുത്ത് നശിപ്പിച്ചതായി ജനറൽ അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ. പഴകിയ സമുദ്രോത്പന്നങ്ങളുമായി പോകുന്ന 4 ട്രക്കാണ് അധികൃതർ പിടികൂടിയത്. ഇതിൽ ഉൾപ്പെട്ട ആളുകൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതിനായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
ഷാർഖ് മാര്‍ക്കറ്റിന് സമീപം മത്സ്യ ഗതാഗത വാഹനങ്ങളെ ലക്ഷ്യമിട്ട് നടത്തിയ മിന്നല്‍ പരിശോധനയിലാണ് പഴകിയ മത്സ്യങ്ങൾ പിടിച്ചെടുത്തതെന്ന് ക്യാപിറ്റൽ ഗവര്‍ണറേറ്റ് ഇൻസ്‌പെക്ഷൻ ഡിപ്പാര്‍ട്ട്മെന്‍റ് ഡയറക്ടര്‍ അലി അല്‍-കന്ദാരി കുവൈത്ത് ന്യൂസ് ഏജൻസിയോട് പറഞ്ഞു. കേടായ സമുദ്രോത്പന്നങ്ങൾ നശിപ്പിക്കുന്നതിനും അതിന്റെ വിതരണം നിരോധിക്കുന്നതിനും പിഴ ചുമത്തുന്നതിനും ഉടനടി നിയമനടപടികൾ സ്വീകരിച്ചതായി അൽ-കന്ദാരി സ്ഥിരീകരിച്ചു. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും എല്ലാ താമസക്കാർക്കും പൗരന്മാർക്കും ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിന്റേയും ഭാഗമായാണ് ഈ നടപടികളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മായം കലർന്നതോ കാലഹരണപ്പെട്ടതോ ആയ ഭക്ഷണം വിൽക്കാൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അല്‍-കന്ദാരി വ്യക്തമാക്കി.
ബോർഡ് ചെയർമാൻ, ഡയറക്ടർ ജനറൽ ഡെപ്യൂട്ടി ഡയറക്ടർ ഫോർ ഇൻസ്പെക്ഷൻ ആൻഡ് കൺട്രോൾ അഫയേർസ് എന്നിവരുടെ മേൽനോട്ടത്തിൽ ആറ് ഗവർണറേറ്റുകളിലും പരിശോധന ടീമുകൾ പ്രവർത്തനം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. കേടായതോ സുരക്ഷിതമല്ലാത്തതോ ആയ ഭക്ഷണം ഉപഭോക്താക്കളുടെ വീടുകളിൽ എത്തുന്നത് തടയുക, ഭക്ഷ്യ ഔട്ട്ലെറ്റുകളിലെ സംഭരണ വിൽപ്പന സാഹചര്യങ്ങൾ നിരീക്ഷിക്കുക എന്നിവയാണ് ഇതുവഴി ലക്ഷ്യമിടുന്നത്.