കണ്ണൂർ– മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേരിൽ സ്ഥാപിച്ചിരുന്ന ശിലാഫലകം മാറ്റി പൊതുമരാമത്ത്, ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ പേരിലുള്ള പുതിയ ഫലകം സ്ഥാപിച്ചതിനെ ചൊല്ലി ശക്തമായ രാഷ്ട്രീയ വിവാദം.
2015 മേയ് 15ന് ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്തത, പയ്യാമ്പലത്തെ കുട്ടികളുടെ പാർക്കിന്റെയും കടലോര നടപ്പാതയുടെയും ശിലാഫലകം മാറ്റിയാണ് പുതിയതു സ്‌ഥാപിച്ചത്. 2022 മാർച്ചിൽ നവീകരിച്ച പാർക്കും നടപ്പാതയും മന്ത്രി റിയാസ് ഉദ്ഘാടനം ചെയ്തതായി പുതിയ ഫലകത്തിൽ പറയുന്നുണ്ടെങ്കിലും, പഴയ ഫലകം കുപ്പത്തൊട്ടിയിൽ തള്ളി വെച്ചതായാണ് ഡിസിസി പ്രസിഡൻറ് മാർട്ടിൻ ജോർജിന്റെ ആരോപണം. ഇത് ഉമ്മൻ ചാണ്ടിയോടുള്ള വ്യക്തിപരമായ അപമാനമാണെന്നാരോപിച്ചാണ് കോൺഗ്രസ് ശക്തമായ പ്രധിശേധം രേഖപ്പെടുത്തിയത്.
സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് ടൂറിസം സെക്രട്ടറി കെ.ബിജുവിനു ഡിസിസി പ്രസിഡൻ്റ് പരാതി നൽകി. ഉമ്മൻ ചാണ്ടിയുടെ പേരിലുള്ള ഫലകം കോൺഗ്രസ് പ്രവർത്തകർ പാർക്കിന്റെ കവാടത്തിനു താഴെവച്ചു.
ഇതെടുത്തു മാറ്റിയാൽ ശക്‌തമായ പ്രതിഷേധം ഉണ്ടാകുമെന്ന് മാർട്ടിൻ ജോർജ് പറഞ്ഞു. ശിലാഫലകം മാറ്റിയതു സംബന്ധിച്ച് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ ഭാരവാഹികളെ ബന്ധപ്പെട്ടെങ്കിലും മറുപടി ലഭിച്ചില്ല.