കൊല്ലം– തേവലക്കര ബോയ്‌സ് ഹൈസ്‌കൂളിലെ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ സര്‍ക്കാറിന് പ്രാഥമിക റിപ്പോര്‍ട്ട് നല്‍കി കെഎസ്ഇബി. വൈദ്യുതി ലൈനിന് താഴെ അനധികൃതമായി ഷെഡ് സ്ഥാപിച്ചതാണ് അപകടത്തിലേക്ക് നയിച്ചതെന്ന സൂചനകളാണ് ഡെപ്യൂട്ടി ചീഫ് എഞ്ചിനീയറുടെ റിപ്പോര്‍ട്ടില്‍. ലൈനിന് താഴെ നിര്‍മാണം നടത്തുമ്പോള്‍ പാലിക്കേണ്ട നടപടികള്‍ ക്രമങ്ങളായ ഇലക്ട്രിക്കല്‍ ഇന്‍സ്പക്ട്രേറ്റിന്റെ അനുമതിയടക്കം ഇല്ലെന്നാണ് വിവരം. വൈദ്യുതി ലൈനിന്റെ താഴെ നിര്‍മിച്ച ഷെഡും ലൈനും തമ്മില്‍ ആവശ്യമായ അകലവും പാലിച്ചില്ലെന്ന് കെ.എസ്.ഇ.ബി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
സ്‌കൂളിലെ മൈതാനത്തോട് ചേര്‍ന്ന കെട്ടിടത്തിന്റെ ഭിത്തിയിലാണ് സൈക്കിള്‍ ഷെഡ് ഉറപ്പിച്ചിരിക്കുന്നത്. ഇതിന്റെ മേല്‍ക്കൂരയായ തകര ഷീറ്റിനു മുകളിലൂടെയാണ് വൈദ്യുതി ലൈന്‍ കടന്നു പോകുന്നത്. ചെരുപ്പ് എടുക്കാന്‍ വിദ്യാര്‍ഥി കയറി നിന്നത് ഈ ഷീറ്റിന്റെ മുകളിലാണ്. വൈദ്യുതി ലൈന്‍ നില്‍ക്കുന്നതിന്റെ അപകടാവസ്ഥയെ കുറിച്ച് രണ്ടു ദിവസം മുമ്പ് കെ.എസ്.ഇ.ബി സ്‌കൂള്‍ മാനേജറോട് സംസാരിച്ചതായും മാറ്റാമെന്ന് മറുപടി നല്‍കിയതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ലൈന്‍ മാറ്റി ഷോക്കേൽക്കാത്ത കേബിള്‍ സ്ഥാപിക്കാമെന്നായിരുന്നു കെ.എസ്.ഇ.ബി നിര്‍ദേശം. തൊട്ടടുത്തുള്ള വീട്ടിലേക്കും ഗേള്‍സ് സ്‌കൂളിലേക്കും ഇവിടെ നിന്നാണ് വൈദ്യുതി നല്‍കുന്നതെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.