കോഴിക്കോട്– മലബാറിലെ ശ്രദ്ധേയമായ നിരവധി പൊതുകെട്ടിടങ്ങളുടെ രൂപകല്‍പന നിര്‍വഹിച്ച പ്രമുഖ ആര്‍കിടെക്ട് ആര്‍.കെ രമേഷ് (79) അന്തരിച്ചു. കോഴിക്കോടിന്റെ മുഖമായ മാനാഞ്ചിറ ചത്വരം, ബീച്ചിന്റെ ആദ്യഘട്ട വികസനം, മലപ്പുറം കോട്ടക്കുന്ന് പാര്‍ക്ക് തുടങ്ങിയവയുടെ രൂപകല്‍പന ചെയ്തത് ഇദ്ദേഹമാണ്. സംസ്‌കാരം നാളെ രാവിലെ 11.30 ന് കോഴിക്കോട് മാവൂര്‍ റോഡിലുള്ള ശ്മശാനത്തില്‍ നടക്കും. പരിസ്ഥിതിയോട് ഇണങ്ങിയ രൂപ കല്‍പനയാണ് ഇദ്ദേഹത്തെ ശ്രദ്ധേയനാക്കിയത്. കോഴിക്കോട്ടെ ശ്രദ്ധേയമായ പല നിര്‍മിതികള്‍ക്ക് പിന്നിലും രമേഷിന്റെ കൈയ്യൊപ്പ് കാണാം.
വടകര ക്രാഫ്റ്റ് വില്ലേജ്, തിരൂര്‍ തുഞ്ചന്‍ സ്മാരകം, മഞ്ചേരി ഫുഡ്‌ബോള്‍ അക്കാദമി, സ്‌പോര്‍ട്‌സ് കോംപ്ലക്‌സ്, കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി എഞ്ചിനീയറിംഗ് കോളജ് കെട്ടിടം, രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്‌മെന്റ് സ്റ്റഡീസ്, തിരുവനന്തപുരം രാജീവ് ഗാന്ധി അക്കാദമി, ഇഎംഎസ് അക്കാദമി തുടങ്ങിയ നിരവധി പദ്ധതികള്‍ പൂര്‍ത്തിയാക്കി. കേരള സര്‍വകലാശാലയില്‍ നിന്നാണ് രമേഷ് ആര്‍ക്കിടെക്ചര്‍ ബിരുദമെടുത്തത്. 55 വര്‍ഷത്തോളം കോഴിക്കോട് കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹത്തിന് 2010ലെ ‘നിര്‍മാണ്‍ പ്രതിഭ’ പുരസ്‌കാരം, 1989ലെ ഇന്ത്യന്‍ ഇസ്റ്റിറ്റിയൂട്ട് ഓഫ് ആര്‍ക്കിടെക്റ്റിന്റെ ആദ്യത്തെ ദേശീയ വാസ്തുവിദ്യാ പുരസ്‌കാരം തുടങ്ങിയ നിരവധി ബഹുമതികള്‍ നേടിയിട്ടുണ്ട്. ചെലവു കുറഞ്ഞ നിര്‍മ്മാണത്തിനുള്ള സൗജന്യ ഉപദേശങ്ങള്‍ നല്‍കുന്ന ഭാവന ചാരിറ്റബിള്‍ സൊസൈറ്റിയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടറുായിരുന്നു രമേഷ്