മുംബൈ– ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കിയുടെ 2025 ജൂണിലെ ഉത്പാദനം അഞ്ച് വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലെന്ന് റിപ്പോർട്ട്. ദി ഇക്കണോമിക് ടൈംസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. എൻട്രി ലെവൽ കാറുകൾക്കും കോംപാക്റ്റ് സെഡാനുകൾക്കും ആവശ്യക്കാർ കുറവായതാണ് മാരുതിയുടെ ഉത്പാദനം ഇടിയാൻ കാരണമായതെന്ന് റിപ്പോർട്ടിൽ പറയുന്നു.
കമ്പനിയുടെ പ്രതിമാസ പ്രൊഡക്ഷൻ ഫയലിംഗ് അനുസരിച്ച് മാരുതിയുടെ ഉത്പാദനത്തിൽ 23% കുറവാണ് ഉണ്ടായിരിക്കുന്നത്. 2021 ജൂണിൽ ഇത് 1,63,037 കാറുകൾ നിർമിച്ചിടത്ത് ഈ വർഷം അത് 1,25,392 കാറുകളായി കുറഞ്ഞു. ഇക്കഴിഞ്ഞ ജൂണിലെ നിർമാണം 2020 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലാണ്.
ചെറുകാറുകളിൽ നിന്ന് മാറി എസ്യുവികളിലേക്കും പ്രീമിയം കാറുകളിലേക്കും ആളുകൾ തിരിയുന്ന പ്രവണതയാണ് മാരുതിയുടെ വിൽപ്പനയെയും വിപണി വിഹിതത്തെയും സാരമായി ബാധിക്കുന്നത്. ഇന്ത്യയിലെ പാസഞ്ചർ വാഹന വിപണിയിൽ എസ്യുവികളാണ് ഇപ്പോൾ താരമാകുന്നത്. രാജ്യത്ത് വിറ്റുപോകുന്ന കാറുകളിൽ 66 ശതമാനവും എസ്‌യുവികളുടേതാണെന്ന് സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്സിന്റെ (സിയാം) റിപ്പോർട്ട് സൂചിപ്പിക്കുന്നു.
ഇലക്ട്രിക് വാഹനങ്ങൾക്ക് സ്വീകാര്യത ലഭിക്കുന്നതും ആ രംഗത്ത് ഇതുവരെ ഒരു കാർ പുറത്തിറക്കിയിട്ടില്ലാത്ത മാരുതിക്ക് തിരിച്ചടിയാകുന്നുണ്ട്. ടാറ്റ മോട്ടോഴ്‌സ്, മഹീന്ദ്ര ആന്റ് മഹീന്ദ്ര, എംജി തുടങ്ങിയ കമ്പനികൾ ഇലക്ട്രിക് വിപണിയിൽ മത്സരിക്കുമ്പോൾ മാരുതിയുടെ ആദ്യ ഇലക്ട്രിക് പാസഞ്ചർ വാഹമായ ഇ-വിറ്റാര ഈ വർഷം സെപ്തംബറിൽ മാത്രമേ നിരത്തിലെത്തൂ എന്നാണ് അറിയുന്നത്. ഇലക്ട്രിക് വാഹനങ്ങളിലെ നിർണായക ഘടകമായ റെയർ എർത്ത് മാഗ്നറ്റ്‌സിന്റെ ലഭ്യതക്കുറവ് കാരണം ഇ-വിറ്റാരയുടെ നിർമാണം മന്ദഗതിയിലാണെന്നും റിപ്പോർട്ടുകളുണ്ട്. നേരത്തെ കരുതിയതിനേക്കാൾ മൂന്നിലൊന്ന് കുറവ് ഇവികൾ മാത്രമേ ആദ്യ ഘട്ടത്തിൽ മാരുതി പുറത്തിറക്കുകയുള്ളൂ.
അതേസമയം, പാസഞ്ചർ കാർ വിപണിയിലുണ്ടായ മാറ്റത്തിൽ തിരിച്ചടി നേരിടുന്നത് മാരുതി മാത്രമല്ല. ഇന്ത്യയിലെ മൊത്തം പാസഞ്ചർ വാഹന വിൽപ്പന 1.4 ശതമാനം ഇടിഞ്ഞതായാണ് ചൊവ്വാഴ്ച പുറത്തിറക്കിയ സിയാം ഡാറ്റ വ്യക്തമാക്കുന്നത്. വിപണിയിലെ ഈ പുതിയ തരംഗത്തിന്റെ പശ്ചാത്തലത്തിൽ വാഹന നിർമാതാക്കൾ പുതിയ തന്ത്രങ്ങളിലേക്ക് തിരിയുമെന്നാണ് കരുതുന്നത്.