ജിദ്ദ – സൗദിയില്‍ ട്രാഫിക് പിഴകള്‍ അടക്കാന്‍ സാധിക്കാതെ പ്രയാസപ്പെടുന്നവര്‍ക്ക് പ്രഖ്യാപിച്ച ഇളവ് പ്രകാരമുള്ള പിഴ അടക്കാത്തവരുടെ വാഹനങ്ങൾ കണ്ടുകെട്ടും. പിഴ അടച്ചതുമുതൽ ആറു മാസത്തിനുള്ളിൽ തുക അടക്കണം. 2024 ഏപ്രിൽ 18ന് മുമ്പ് ചുമത്തിയ പിഴകൾക്കാണ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇളവ് ആനുകൂല്യം ലഭിക്കാന്‍ ഏപ്രില്‍ 18 നു മുമ്പ് ചുമത്തിയതും ചുമത്തുന്നതുമായ മുഴുവന്‍ പിഴകളും ആറു മാസത്തിനകം അടച്ചിരിക്കണമെന്നാണ് വ്യവസ്ഥ. മുഴുവന്‍ പിഴകളും ഒന്നിച്ചോ ഓരോ നിയമ ലംഘനങ്ങള്‍ക്കുമുള്ള പിഴകള്‍ പ്രത്യേകം പ്രത്യേകമായോ അടക്കാവുന്നതാണ്. പൊതുസുരക്ഷയെ ബാധിക്കുന്ന ഗുരുതരമായ നിയമ ലംഘനങ്ങള്‍ക്ക് ഇളവില്ല.
ട്രാഫിക് പിഴകളില്‍ ഇളവ് പ്രഖ്യാപിച്ച ശേഷം നടത്തുന്ന ഗതാഗത നിയമ ലംഘനങ്ങളില്‍ ട്രാഫിക് നിയമത്തിലെ 75-ാം വകുപ്പ് പ്രകാരം 25 ശതമാനം വരെ പിഴയിളവ് അനുവദിക്കും. ഗതാഗത നിയമ ലംഘനം രജിസ്റ്റര്‍ ചെയ്തതില്‍ അപ്പീല്‍ നല്‍കാനും പിഴ അടക്കാനുമുള്ള നിയമാനുസൃത സമയം അവസാനിച്ച ശേഷം ഇത്തരക്കാരുടെ വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്ത് പിഴ വസൂലാക്കും.
വാഹനാഭ്യാസ പ്രകടനം, മദ്യലഹരിയില്‍ വാഹനമോടിക്കല്‍, പരമാവധി വേഗം 120 കിലോമീറ്ററും അതില്‍ കുറവുമായി നിശ്ചയിച്ച റോഡുകളില്‍ പരമാധി വേഗത്തിലും 50 കിലോമീറ്റര്‍ കൂടുതല്‍ വേഗതയില്‍ വാഹനമോടിക്കല്‍, പരമാവധി വേഗം 140 കിലോമീറ്ററും അതില്‍ കുറവുമായി നിശ്ചയിച്ച റോഡുകളില്‍ പരമാധി വേഗത്തിലും 30 കിലോമീറ്റര്‍ കൂടുതല്‍ വേഗതയില്‍ വാഹനമോടിക്കല്‍ എന്നീ നിയമ ലംഘനങ്ങള്‍ ഇളവ് കാലയളവില്‍ നടത്തുന്നവര്‍ക്ക് പിഴയിളവ് ആനുകൂല്യം ലഭിക്കില്ല.
ധനമന്ത്രാലയവുമായും സൗദി ഡാറ്റ ആന്റ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അതോറിറ്റിയുമായും ഏകോപനം നടത്തിയാണ് ട്രാഫിക് പിഴയിളവ് നടപ്പാക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയം പറഞ്ഞു. ഏപ്രില്‍ 18 മുതല്‍ ഒക്ടോബര്‍ 18 വരെയുള്ള കാലത്താണ് ഇളവുകളോടെ പിഴകള്‍ അടക്കേണ്ടത്. ഇപ്പോള്‍ പ്രഖ്യാപിച്ച സാവകാശത്തിനകം ഇളവ് പ്രയോജനപ്പെടുത്തി പിഴകള്‍ അടക്കാത്ത പക്ഷം പിഴകള്‍ അതേപോലെ പൂര്‍ണ തോതില്‍ ശേഷിക്കുമെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് വക്താവ് കേണല്‍ മന്‍സൂര്‍ അല്‍ശുക്റ പറഞ്ഞു.