ന്യൂഡല്‍ഹി– യെമനില്‍ ശിക്ഷ വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷ മരവിപ്പിച്ചതായി ഔദ്യോഗിക സ്ഥിരീകരണമുണ്ടായതോടെ മധ്യസ്ഥനായി ഇടപെട്ട കാന്തപുരം എപി അബൂബക്കര്‍ മുസ്ല്യാരെ പ്രകീര്‍ത്തിച്ച് കേരളം. രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലുള്ളവരും സമൂഹ മാധ്യമങ്ങളിലെ ഇന്‍ഫ്‌ളുവന്‍സര്‍മാരുമുള്‍പ്പെടെ അഭിനന്ദനമറിയിച്ച് രംഗത്തുണ്ട്. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, ശശി തരൂര്‍ എം.പി, മുസ്ലിം ലീഗ് ദേശീയ ജനറല്‍സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി, ഷാഫി പറമ്പില്‍ എം.പി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല, എഴുത്തുകാരനും സഞ്ചാരിയും ഇടത് സഹയാത്രികനുമായ സജി മാര്‍ക്കോസ്, യൂത്ത് ലീഗ് ജനറല്‍സെക്രട്ടറി പികെ ഫിറോസ് തുടങ്ങി അനേകം പേര്‍ അഭിന്ദനങ്ങള്‍ അറിയിച്ച് രംഗത്തെത്തി.
”ഓരോ മലയാളിയുടേയും മുഖത്ത് ഇന്ന് വിടര്‍ന്ന ആശ്വാസത്തിന്റെ പുഞ്ചിരിക്ക് പ്രിയപ്പെട്ട കാന്തപുരം ഉസ്താദിന് മലയാളക്കരയുടെ ഹൃദയം നിറഞ്ഞ നന്ദി..” ഷാഫി പറമ്പില്‍ ഫെയ്‌സ്ബുക്കില്‍ എഴുതി. നിമിഷപ്രിയയുടെ വധ ശിക്ഷ നീട്ടിവെച്ചെന്ന ഇപ്പോള്‍ പുറത്തുവന്ന വാര്‍ത്ത ആശ്വാസവും പ്രതീക്ഷയുമാണെന്ന് വ്യക്തമാക്കിയ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ വിഷയത്തില്‍ കാന്തപുരത്തിന്റെ ഇടപെടല്‍ ഫലപ്രാപ്തിയില്‍ എത്തട്ടെ എന്നും ചര്‍ച്ചകള്‍ അന്തിമ വിജയം കാണുമെന്ന് പ്രതീക്ഷിക്കാമെന്നും പറഞ്ഞു. മതത്തിന്റേയും സമുദായത്തിന്റേയും പേരില്‍ മനുഷ്യരെ വേര്‍തിരിക്കുകയും വെറുപ്പും വിദ്വേഷവും വളര്‍ത്താനും ശ്രമം നടക്കുന്ന ഇന്നത്തെ കാലഘട്ടത്തില്‍ മനുഷ്യത്വമാണ് ഏറ്റവും പരമപ്രധാനം എന്ന് നമുക്ക് കാണിച്ചു തന്നിരിക്കുകയാണ് ആദരണീയനായ കാന്തപുരം ഉസ്താദ്.. എന്ന് ശശി തരൂര്‍ എടുത്തുപറഞ്ഞു. ഫെയ്‌സ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. നിമിഷപ്രിയ വിഷയത്തില്‍ എല്ലാ വാതിലുകളും അടഞ്ഞ് മലയാളി മനസാക്ഷി വല്ലാതെ സങ്കടപ്പെട്ട് നില്‍ക്കുമ്പോഴാണ് പ്രതീക്ഷയുടെ പൊന്‍കിരണം പോലെ ആദരണീയനായ കാന്തപുരം ഉസ്താദിന്റെ ഇടപെടല്‍ ഉണ്ടാകുന്നതെന്നും ആ ഇടപെടലിന്റെ ഫലമായി വധ ശിക്ഷ നീട്ടിവെച്ച സന്തോഷവാര്‍ത്ത കേള്‍ക്കാന്‍ സാധിച്ചിരിക്കുന്നുവെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
”വിഷയത്തില്‍ ഫലപ്രദമായി ഇടപെട്ട് സര്‍ക്കാരുമായി ചര്‍ച്ചകള്‍ സാധ്യമാക്കി ഈ തീരുമാനത്തിലേക്ക് എത്തിച്ച കാന്തപുരം എപി അബൂബക്കര്‍ മുസ്ല്യാര്‍ക്ക് കേരള ജനതയുടെ അകൈതവമായ നന്ദി..ഇതാണ് കേരളത്തിന്റെ മാതൃക”- രമേശ് ചെന്നിത്തല പറഞ്ഞു. നിമിഷപ്രിയയുടെ വധശിക്ഷ ആദരണീയനായ കാന്തപുരം എപി അബൂബക്കര്‍ മുസ്ല്യാരുടെ ഇടപെടലിനെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരിക്കുന്നു എന്ന വാര്‍ത്ത ഏറെ ആശ്വാസകരമാണ്. യമനിലെ നേതൃത്വവുമായി ബന്ധപ്പെട്ട് ഫലപ്രദമായ ഇടപെടല്‍ നടത്തിയ ഉസ്താദിന്റെ പരിശ്രമങ്ങളെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. മനുഷ്യരെ മതത്തിന്റെ പേരില്‍ വേര്‍തിരിക്കാന്‍ ശ്രമിക്കുന്ന വര്‍ത്തമാന കാലത്ത് മനുഷ്യത്വമാണ് ഏറ്റവും പരമപ്രധാനം എന്ന് വ്യക്തമാക്കുന്നതാണ് ഈ സംഭവമെന്നും പികെ ഫിറോസ് വിശദീകരിച്ചു.
കാന്തപുരം ഉസ്താദ് എല്ലാ നിലയിലും അഭിനന്ദനം അര്‍ഹിക്കുന്നുവെന്ന് എഴുത്തുകാരനും സഞ്ചാരിയും ഇടത് സഹയാത്രികനുമായ സജി മാര്‍ക്കോസ് വ്യക്തമാക്കി. ”നിമിഷപ്രിയ ഇപ്പോള്‍ ജയിലില്‍ ഉള്ളത് ഹൂത്തി നിയന്ത്രിത സനയയിലാണ്. മാത്രവുമല്ല, യെമന്‍ പ്രസിഡന്റ് (അന്താരാഷ്ട്രതലത്തില്‍ അംഗീകരിക്കപ്പെട്ട സര്‍ക്കാര്‍) വധശിക്ഷ അംഗീകരിച്ചില്ല. ഇപ്പോള്‍ യമനില്‍ ഇന്ത്യന്‍ എംബസി പ്രവര്‍ത്തിക്കുന്നില്ല. യമനുമായുള്ള നയതന്ത്ര ഇടപാടുകള്‍ ഉഷശയീൗശേ യിലെ ഇന്ത്യന്‍ മിഷന്‍ ആണ് നടത്തുന്നത്. ഒരു വിദേശ കുറ്റവാളിയെ അറസ്റ്റ് ചെയ്യുന്നതുമുതല്‍ മാതൃരാജ്യത്തെ അറിയിച്ചിരിക്കണം എന്നത് Vienna Convention on Consular Relations (1963) പ്രകാരം നിയമമാണ്. ഇന്ത്യയും യമനും ഇത് അംഗീ കരിച്ച രാജ്യങ്ങളാണ്.
പക്ഷെ, അന്തര്‍ദേശീയ അംഗീകാരമില്ലാത്ത ഹൂത്തികള്‍ ഭരിക്കുന്ന ഇടങ്ങളില്‍ ഇത്തരം നടപടികള്‍ പ്രാബല്യത്തിലില്ല. എന്ന്വച്ചാല്‍ ശിക്ഷ നടപ്പാക്കുന്നതിന് മുന്‍പ് അറിയിക്കുന്ന പതിവില്ല എന്ന ചുരുക്കം. ഇവിടെയാണ് നിമിഷപ്രിയയുടെ ശിക്ഷ മരവിപ്പിച്ചതുമായി ജയില്‍ അധികൃതര്‍ അയച്ച കത്തിന്റെ പ്രസക്തി. കത്തില്‍ വ്യക്തമായി പറഞ്ഞിരിക്കുന്നത്, ‘കുറ്റവാളി നിമിഷ പ്രിയ ടോമി തോമസിന്റെ വധശിക്ഷ പുതിയ തീയതി നിങ്ങളെ അറിയിക്കുന്നതുവരെ മാറ്റിവച്ചിരിക്കുന്നു.’ അതായത്ത് ഒരു തുടര്‍ നടപടി ഉണ്ടാകുമ്പോള്‍ മുന്‍കൂട്ടി അറിയിക്കും എന്ന് . ഇത് പൊതുവില്‍ ഹൂത്തികള്‍ നടപ്പാക്കുന്ന ശിക്ഷാ രീതിയില്‍ നിന്നുമുള്ള വ്യതിയാനമാണ്. നമ്മുടെ ഇടപെടലുകള്‍ വളരെ ഫലപ്രദമായിരിക്കുന്നു എന്നതിന്റെ സൂചനയുമാണിത്. അതിനു കാരണക്കാരനായിരിക്കുന്നത് കാന്തപുരം ഉസ്താദ് ആണ്. അദ്ദേഹം എല്ലാ നിലയിലും അഭിനന്ദനം അര്‍ഹിക്കുന്നു.” സജി മാര്‍ക്കോസ് ഫെയ്‌സ്ബുക്കില്‍ വിശദീകരിച്ചു.
അതിനിടെ കേരളസര്‍ക്കാരും കേന്ദ്രവും ഈ വിഷയത്തില്‍ ഇടപെട്ടിരുന്നുവെന്നും വധശിക്ഷാ ദിനം നീട്ടിവെച്ചത് നല്ല തീരുമാനമാണെന്നും സിപിഎം സംസ്ഥാനസെക്രട്ടറി എംവി ഗോവിന്ദന്‍ മാസ്റ്റര്‍ വ്യക്തമാക്കി. കാന്തപുരത്തിന്റെ ഇടപെടല്‍ സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തില്‍ നിന്ന് ഒഴിഞ്ഞുമാറിയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘യഥാര്‍ത്ഥ കേരള സ്‌റ്റോറി’ ഇതാണെന്ന് ഉള്‍പ്പെടെ വിവിധ പരമാര്‍ശങ്ങളുമായി കാന്തപുരത്തിന്റെ ക്രിയാത്മകമായ ഇടപെടലിനെ വിവിധ സോഷ്യല്‍മീഡിയ പ്‌ളാറ്റ് ഫോമുകളില്‍ നിരവധി പേര്‍ പുകഴ്ത്തുകയുണ്ടായി. മൊത്തത്തില്‍ നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെക്കാനും ഈ വിഷയത്തില്‍ ക്രിയാത്മകമായ ഇടപെടല്‍ നടത്താനും പരിശ്രമിച്ച കാന്തപുരം ഇപ്പോള്‍ മലയാളികള്‍ക്കിടയില്‍ താരമായി മാറിയിരിക്കുകയാണ്.