ജിദ്ദ – ലോകത്ത് 200 കോടിയിലേറെ ആളുകള്‍ ഭക്ഷണം പാകം ചെയ്യാന്‍ സുരക്ഷിതമല്ലാത്ത ഇന്ധനം ഉപയോഗിക്കുന്നതായും ഇത് പരിസ്ഥിതി മലിനീകരണത്തിന് ഇടയാക്കുന്നതായും സൗദി ഊര്‍ജ മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പറഞ്ഞു. ലോകത്ത് ഏകദേശം 120 കോടി ആളുകള്‍ ഊര്‍ജ ദാരിദ്ര്യം അനുഭവിക്കുന്നതായി ഐക്യരാഷ്ട്രസഭയുടെ കണക്കുകള്‍ വ്യക്തമാക്കുന്നതായി വിയന്നയില്‍ ഒമ്പതാമത് ഒപെക് ഇന്റര്‍നാഷണല്‍ സെമിനാറില്‍ ഉദ്ഘാടന പ്രസംഗം നിര്‍വഹിച്ച് ഊര്‍ജ മന്ത്രി പറഞ്ഞു. ഊര്‍ജ ദാരിദ്ര്യം അനുഭവിക്കുന്നവരുടെ യഥാര്‍ഥ കണക്ക് ഇതിന്റെ ഇരട്ടിയോ മൂന്നിരട്ടിയോ ആയിരിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.
നമ്മളെല്ലാവരും ഒരു ഗ്രഹത്തിലാണ് ജീവിക്കുന്നതെന്ന് നാം ഓര്‍ക്കണം. നമ്മളില്‍ ഒരാളുടെ നിലനില്‍പ്പ് എല്ലാവരുടെയും അതിജീവനത്തെ ആശ്രയിച്ചിരിക്കുന്നു. അതിനാല്‍, ഊര്‍ജ മേഖലാ പരിവര്‍ത്തനം സമഗ്രമായിരിക്കണം, ആരെയും ഒഴിവാക്കരുത്. ഊര്‍ജ ദാരിദ്ര്യം പരിഹരിക്കാന്‍ നമുക്ക് ധാര്‍മികവും മാനുഷികവുമായ കടമയുണ്ട്. വിജയകരമായ ഊര്‍ജ പരിവര്‍ത്തനത്തിലേക്കുള്ള പാത ഡാറ്റ, സാങ്കേതികവിദ്യ, എല്ലാ ഊര്‍ജ സ്രോതസ്സുകളുടെയും സ്വീകാര്യത എന്നിവയെ അടിസ്ഥാനമാക്കി വഴക്കമുള്ളതും യാഥാര്‍ഥ്യബോധമുള്ളതും ആയിരിക്കണം.
ലോകത്തിന് ഊര്‍ജ സ്രോതസ്സുകളുടെ വിശാലമായ മിശ്രിതം ആവശ്യമാണ്. പുനരുപയോഗ ഊര്‍ജ ഉല്‍പ്പാദനം വ്യാപിച്ചിട്ടുണ്ടെങ്കിലും ഗതാഗത, ഘന വ്യവസായ മേഖലകളിലും വികസ്വര സമ്പദ്വ്യവസ്ഥകളുടെ വികസനത്തിലും എണ്ണയും വാതകവും അവശ്യ ഘടകങ്ങളായി തുടരും. 2050 ആകുമ്പോഴേക്കും ലോക ജനസംഖ്യ ആയിരം കോടിയിലെത്തുമെന്നും ഊര്‍ജ ആവശ്യകത 50 ശതമാനം തോതില്‍ വര്‍ധിക്കുമെന്നും പ്രതീക്ഷിക്കുന്നതിനാല്‍, പുനരുപയോഗ ഊര്‍ജ ഉല്‍പാദനത്തിലെ വികാസത്തോടൊപ്പം എണ്ണയും വാതകവും പ്രധാന ഘടകങ്ങളായി ഉള്‍പ്പെടുത്തിയുള്ള വിശാലമായ ഊര്‍ജ സ്രോതസ്സുകള്‍ ലോകത്തിന് ആവശ്യമാണ്.
ഊര്‍ജ ദാരിദ്ര്യത്തിനെതിരെ പോരാടാന്‍ ലോകം നടപടിയെടുക്കേണ്ടതുണ്ട്. ഊര്‍ജ ദാരിദ്ര്യ പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി ആഫ്രിക്കയിലും തെക്കുകിഴക്കന്‍ ഏഷ്യയിലും ഉടനീളം സര്‍ക്കാരുകളുമായി ഇടപഴകി സൗദി സംഘം ഉത്സാഹത്തോടെ പ്രവര്‍ത്തിക്കുന്നുണ്ട്. ഊര്‍ജ പരിവര്‍ത്തനം സാമ്പത്തിക വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കരുത്. ഇക്കാര്യത്തില്‍ ഓരോ രാജ്യത്തിന്റെയും സാമ്പത്തിക സാഹചര്യങ്ങള്‍ പ്രത്യേകം കണക്കിലെടുക്കേണ്ടതുണ്ടെന്നും ഊര്‍ജ മന്ത്രി പറഞ്ഞു.