ന്യൂഡല്‍ഹി– യെമനില്‍ ശിക്ഷ വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷ മരവിപ്പിച്ചതായി അനൗദ്യോഗിക വിവരം. വധശിക്ഷ ഒഴിവാക്കാനായി യെമനില്‍ ഇന്ന് കാലത്ത് നടന്ന ചര്‍ച്ചയിലാണ് ധാരണയായത് എന്നാണ് പുറത്തുവരുന്ന വാർത്തകൾ. എന്നാൽ, ഇത് സംബന്ധിച്ച് ഇതേവരെ നിമിഷ പ്രിയയുടെ മോചനത്തിന് വേണ്ടി പ്രവർത്തിക്കുന്ന ആക്ഷൻ കൗൺസിലിന് ഔദ്യോഗിക വിവരം ലഭിച്ചിട്ടില്ല. വിശദാംശങ്ങൾക്കായി കാത്തിരിക്കുകയാണെന്ന് ആക്ഷൻ കൗൺസിൽ ഭാരവാഹികൾ അറിയിച്ചു. വധശിക്ഷ നീട്ടിയതായി വിദേശകാര്യ മന്ത്രാലയവും സൂചന നൽകി.
ഇന്ത്യന്‍ സമയം 12 മണി മുതല്‍ (യമന്‍ സമയം ഇന്ന് 10 മണി മുതല്‍) ആയിരുന്നു കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായി വീണ്ടും ചര്‍ച്ച നടത്തിയത്. കൊല്ലപ്പെട്ട തലാലിന്റെ അടുത്ത ബന്ധുവും ഹുദൈദ സ്റ്റേറ്റ് കോടതി ചീഫ് ജസ്റ്റിസും യമന്‍ ശൂറാ കൗണ്‍സിലിന്റെ അംഗവുമായ വ്യക്തി ചര്‍ച്ചയില്‍ പങ്കെടുത്തത് ശ്രദ്ധേയമാണ്.
നാളെ നടത്താന്‍ നിശ്ചയിച്ച ശിക്ഷാ നടപടിയാണ് നീട്ടി വെക്കാനോ മരവിപ്പിക്കാനോ ആയി അറ്റോണി ജനറലുമായി കൂടിക്കാഴ്ച നടത്തുമെന്നും കാന്തപുരം എപി അബൂബക്കര്‍ മുസ്ല്യാരുടെ ഓഫീസ് ഇന്ന് കാലത്ത് അറിയിച്ചിരുന്നു. ചാണ്ടി ഉമ്മന്‍ എം.എല്‍.എ ആവശ്യപ്പെട്ടതനുസരിച്ച് കാന്തപുരം എപി അബൂബക്കര്‍ മുസ്ല്യാര്‍ വഴി നടത്തിയ മധ്യസ്ഥ ചര്‍ച്ചയാണ് വീണ്ടുമുള്ള ചര്‍ച്ചകള്‍ക്ക് വഴി തുറന്നത്.
നിമിഷ പ്രിയ വിഷയത്തില്‍ കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരുടെ ഇടപെടലിനെ തുടര്‍ന്നുണ്ടായ ചര്‍ച്ചകള്‍ എല്ലാ വിധത്തിലും അനുകൂലമായി നീങ്ങുകയാണെന്ന് കാന്തപുരത്തിന്റെ ഓഫീസ് വിശദീകരിച്ചു. ശൈഖ് ഹബീബ് ഉമറിന്റെ നിര്‍ദേശ പ്രകാരം ഇന്ന് രാവിലെ യമന്‍ സമയം പത്ത് മണിക്ക് കുടുംബവുമായുള്ള യോഗം പുനരാരംഭിച്ചു. കൊല്ലപ്പെട്ട തലാലിന്റെ അടുത്ത ബന്ധുവും ഹുദൈദ സ്റ്റേറ്റ് കോടതി ചീഫ് ജസ്റ്റിസും യമന്‍ ശൂറാ കൗണ്‍സിലിന്റെ അംഗവുമായ വ്യക്തി തലാലിന്റെ നാടായ ദമാറിലുണ്ട്. അദ്ദേഹം ശൈഖ് ഹബീബ് ഉമറിന്റെ സൂഫി പരമ്പരയിലെ അനുയായിയും മറ്റൊരു പ്രധാന സൂഫി വര്യന്റെ മകനുമാണ് എന്നത് വലിയ പ്രതീക്ഷ നല്‍കുന്നു. അദ്ദേഹം കുടുംബത്തെ അനുനയിപ്പിക്കുന്നതോടൊപ്പം അറ്റോണി ജനറലുമായി കൂടിക്കാഴ്ച നടത്തി നടത്താന്‍ നിശ്ചയിച്ച ശിക്ഷാ നടപടി ഒഴിവാക്കി കിട്ടുന്നതിനുള്ള അടിയന്തര ഇടപെടല്‍ ഉണ്ടാകുമെന്നുമാണ് പ്രതീക്ഷയെന്നും കാന്തപുരത്തിന്റെ ഓഫീസില്‍ നിന്നറിയിച്ച കുറിപ്പില്‍ വ്യക്തമാക്കുകയുണ്ടായി.
കുടുംബങ്ങള്‍ക്ക് പുറമെ ഗോത്രങ്ങള്‍ക്കിടയിലും ദമാര്‍ പ്രദേശ വാസികള്‍ക്കിടയിലും വളരെ വൈകാരിക പ്രശ്‌നമായ ഒരു കൊലപാതകം കൂടിയാണ് തലാലിന്റേത്. അത് കൊണ്ടാണ് ഇത്രയും കാലം ആര്‍ക്കും തന്നെ കുടുംബവുമായി ബന്ധപ്പെടാന്‍ കഴിയാതിരുന്നത്. കാന്തപുരത്തിന്റെ ഇടപെടലോടെയാണ് കുടുംബവുമായുള്ള ആശയവിനിമയം ആദ്യമായി സാധിക്കുന്നത്. പ്രമുഖ പണ്ഡിതനും സൂഫിയുമായ ശൈഖ് ഹബീബ് ഉമര്‍ ബിന്‍ ഹഫീള് വഴിയുള്ള ഇടപെടലാണ് കുടുംബത്തിനെ പുനരാലോചനയിലേക്ക് സമ്മതിപ്പിച്ചത്. അദ്ദേഹത്തിന്റെ നിര്‍ദേശത്തെ കുടുംബം മാനിക്കുകയാണ് ചെയ്തത്. ഇന്നത്തെ ചര്‍ച്ചയില്‍ ബ്ലഡ് മണി സ്വീകരിക്കുന്ന കാര്യത്തിലും ഒരു തീരുമാനം ഉണ്ടാകുമെന്നാണറിയുന്നത്.
നിമിഷപ്രിയ വിഷയത്തിലിടപെട്ടത് ജനങ്ങള്‍ക്ക് നന്മ ചെയ്യുന്നത് കര്‍ത്തവ്യമായി കരുതിയതിനാലാണെന്ന് കാന്തപുരം എപി അബൂബക്കര്‍ മുസ്ല്യാര്‍ വ്യക്തമാക്കി. ഇസ്ലാമില്‍ വധശിക്ഷക്ക് പകരം കൊല്ലപ്പെട്ടയാളുടെ ബന്ധുക്കള്‍ക്ക് ദിയാധനം നല്‍കി പ്രായശ്ചിത്തത്തിന് വ്യവസ്ഥയുണ്ടെന്നതിനാലാണ് യെമനിലെ പണ്ഡിതന്മാരുമായും ജഡ്ജിമാരുമായും സംസാരിച്ചതെന്നും കാന്തപുരം എപി അബൂബക്കര്‍ മുസ്ല്യാര്‍ വാര്‍ത്താക്കുറിപ്പില്‍ ്അറിയിച്ചു.