അബുദാബി– അബുദാബിയിൽ പ്രവർത്തനം നിർത്താൻ തീരുമാനിച്ച് ഏറ്റവും ചെലവ് കുറഞ്ഞ വിമാനക്കമ്പനിയായ ‘വിസ് എയർ’. സെപ്റ്റംബർ മുതലാണ് വിസ് എയർ തങ്ങളുടെ പ്രവർത്തനം അബുദാബിയിൽ നിർത്തലാക്കുക. പ്രാദേശിക വിമാന സർവീസുകൾ നിർത്തലാക്കുന്നതായും വിസ് എയർ അറിയിച്ചു. മിഡിൽ ഈസ്റ്റിലെ പ്രവർത്തന വെല്ലുവിളികളും ഭൗമരാഷ്ട്രീയ സംഭവവികാസങ്ങളും കാരണമാണ് ഇത്തരം ഒരു തീരുമാനം.
മധ്യ, കിഴക്കൻ യൂറോപ്പിലും, ഓസ്ട്രിയ, ഇറ്റലി, യുകെ തുടങ്ങിയ രാജ്യങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് വിസ് എയറിന്റെ ലക്ഷ്യം. വിതരണ ശൃംഖലയിലെ നിയന്ത്രണങ്ങൾ, ഭൗമരാഷ്ട്രീയ അസ്ഥിരത, പരിമിതമായ വിപണി പ്രവേശനം തുടങ്ങിയ വെല്ലുവിളികൾ യഥാർത്ഥ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ തടസ്സമാകുന്നതായി വിസ് എയറിന്റെ സിഇഒ ജോസഫ് വരാഡി പറഞ്ഞു. ഇത് ബുദ്ധിമുട്ടുള്ള തീരുമാനമാണെങ്കിലും, സാഹചര്യങ്ങൾ കണക്കിലെടുക്കുമ്പോൾ ഇത് ശരിയായ തീരുമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.