തെല്‍അവീവ് – ദോഹയില്‍ നിലവില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ഹമാസുമായുള്ള നിര്‍ദിഷ്ട 60 ദിവസത്തെ വെടിനിര്‍ത്തല്‍ കരാറിനു ശേഷം ഗാസയില്‍ ഹമാസിനെതിരെ ഇസ്രായില്‍ യുദ്ധം പുനരാരംഭിക്കുമെന്ന് അടുത്തിടെ നടത്തിയ കൂടിക്കാഴ്ചകളില്‍ ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അതിതീവ്ര വലതുപക്ഷക്കാരനായ ധനമന്ത്രി ബെസലേല്‍ സ്‌മോട്രിച്ചിന് ഉറപ്പ് നല്‍കിയതായി ഇസ്രായിലിലെ ചാനല്‍ 12 റിപ്പോര്‍ട്ട് ചെയ്തു.
വെടിനിര്‍ത്തലിന് ശേഷം, ഗാസയിലെ ജനങ്ങളെ തെക്കോട്ട് മാറ്റുകയും വടക്കന്‍ ഗാസയില്‍ ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്യുമെന്ന് നെതന്യാഹു സ്‌മോട്രിച്ചിനോട് പറഞ്ഞതായി ചാനല്‍ റിപ്പോര്‍ട്ട് പറയുന്നു. 60 ദിവസത്തെ വെടിനിര്‍ത്തല്‍ അവസാനിച്ച ശേഷം ഗാസയിലെ യുദ്ധം പൂര്‍ണ ശക്തിയോടെ പുനരാരംഭിക്കുമെന്നതിന് പ്രധാനമന്ത്രിയില്‍ നിന്ന് ഉറപ്പ് ലഭിക്കണമെന്ന് സ്‌മോട്രിച്ച് ആവശ്യപ്പെടുന്നതായി ടൈംസ് ഓഫ് ഇസ്രായില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
താല്‍ക്കാലിക വെടിനിര്‍ത്തലിന് ശേഷം ഹമാസിനെതിരായ പോരാട്ടം തുടരാന്‍ അനുവദിക്കുക എന്ന ലക്ഷ്യത്തോടെ, ഗാസയിലെ സാധാരണക്കാരെ ഹമാസില്‍ നിന്ന് വേര്‍പെടുത്തി തെക്കന്‍ ഗാസയിലെ ഒരു തുരുത്തില്‍ ഒതുക്കി നിര്‍ത്താനുള്ള ഇസ്രായിലിന്റെ പദ്ധതി നെതന്യാഹു രഹസ്യ മീറ്റിംഗുകളില്‍ അവതരിപ്പിച്ചിട്ടുണ്ടെന്ന് ചാനല്‍ 12 റിപ്പോര്‍ട്ട് ചെയ്തു.
ഈ വാഗ്ദാനം പാലിക്കുമെന്ന് നെതന്യാഹു സ്മോട്രിച്ചിന് ഉറപ്പ് നല്‍കിയതായി ജര്‍മന്‍ വാര്‍ത്താ ഏജന്‍സി പറഞ്ഞു. കഴിഞ്ഞ മാസത്തെ ഇറാനുമായുള്ള ഏറ്റുമുട്ടലിലേക്ക് നയിച്ച തയാറെടുപ്പുകള്‍ കാരണം ഹമാസിന്റെ നാശത്തെ കുറിച്ചുള്ള സ്‌മോട്രിച്ചിന്റെ മുന്‍ പ്രതീക്ഷകള്‍ പൂര്‍ത്തീകരിക്കാന്‍ സാധിച്ചില്ലെന്ന് നെതന്യാഹു പറഞ്ഞു. ഇതുവരെ താന്‍ ഇറാന്‍ വിഷയത്തില്‍ മുഴുകിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഗാസ യുദ്ധത്തില്‍ സൈന്യം തന്റെ നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ താന്‍ മുഴുസമയം പ്രവര്‍ത്തിക്കുമെന്ന് സ്‌മോട്രിച്ചിനോട് പ്രധാനമന്ത്രി പറഞ്ഞതായി ചാനല്‍ 12 റിപ്പോര്‍ട്ട് ചെയ്തു.